News - 2025
മെക്സിക്കന്‍ രൂപതയ്ക്കു 10 നവ വൈദികര്‍, 2 ഡീക്കന്മാര്‍
പ്രവാചകശബ്ദം 31-10-2024 - Thursday
മെക്‌സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയിലെ കുർനവാക്ക രൂപതയ്ക്കു പത്ത് നവ വൈദികര്‍ കൂടി. ഒക്ടോബർ 28ന് ഔവർ ലേഡി ഓഫ് അസംപ്ഷൻ കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മത്തില്‍ പത്തു വൈദികരും രണ്ട് ഡീക്കന്മാരും പട്ടം സ്വീകരിച്ചു. രൂപതാധ്യക്ഷനായ ബിഷപ്പ് റാമോൺ കാസ്‌ട്രോ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനായി. മേഖലയിലെ 117 ഇടവകകളിലായി സേവനം ചെയ്യുന്ന 216 വൈദികർക്കൊപ്പം പത്തു നവവൈദികരെയാണ് പുതിയ തിരുപ്പട്ട ശുശ്രൂഷയോടെ രൂപതയ്ക്കു ലഭിച്ചിരിക്കുന്നത്.
"ക്രിസ്തുവിൻ്റെ സ്നേഹം ഒരിക്കലും ഉപേക്ഷിക്കരുത്" എന്ന് ബിഷപ്പ് റാമോൺ കാസ്‌ട്രോ നവ വൈദികരോട് ആവശ്യപ്പെട്ടു. സഭയുടെ ചരിത്രത്തിൽ ചില സമർപ്പിക്കപ്പെട്ട വ്യക്തികൾ പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ പരാജയപ്പെടാതിരിക്കാൻ ഒരേയൊരു മാർഗ്ഗമേയുള്ളൂ. ഒരിക്കലും ക്രിസ്തുവിൻ്റെ സ്നേഹം ഉപേക്ഷിക്കരുത്". പൂർണ്ണമായി ആത്മീയമായി ജീവിക്കുക. ക്രിസ്തുവിൻ്റെ പ്രബോധനങ്ങള്‍ക്കനുസൃതമായി ജീവിക്കുക. അവൻ്റെ കൃപ നിങ്ങളുടെ സ്വന്തം നേട്ടത്തിനായിട്ടല്ല, ജനങ്ങളുടെ പ്രയോജനത്തിനായി സമര്‍പ്പിക്കുകയാണ് വേണ്ടതെന്നും ബിഷപ്പ് റാമോൺ പറഞ്ഞു.
1891-ല്‍ സ്ഥാപിക്കപ്പെട്ട രൂപതയാണ് കുർനവാക്ക. 2021 വരെയുള്ള കണക്കുകള്‍ പ്രകാരം 13,99,556 കത്തോലിക്ക വിശ്വാസികളാണ് രൂപതയ്ക്കു കീഴിലുള്ളത്. 4893 സ്ക്വയര്‍ കിലോമീറ്ററുകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയില്‍ ആറായിരത്തിലധികം വിശ്വാസികള്‍ക്ക് ഒരു വൈദികന്‍ എന്ന നിലയിലാണ് അനുപാതം. കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് മെക്സിക്കോ.