News

മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ നവംബര്‍ മാസത്തെ നിയോഗം

പ്രവാചകശബ്ദം 01-11-2024 - Friday

വത്തിക്കാന്‍ സിറ്റി: മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളെ പ്രത്യേകം അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പയുടെ നവംബര്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗം. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് സമൂഹത്തിൽ നിന്ന് പിന്തുണയും, ആശ്വാസദായകനായ പരിശുദ്ധാത്മാവിൽനിന്ന് ഹൃദയസമാധാനവും ലഭിക്കട്ടെയെന്ന് ഒക്ടോബർ 31 വ്യാഴാഴ്ച പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പാപ്പ പറഞ്ഞു. മക്കളെ നഷ്ടപ്പെടുന്നതിലുള്ള വേദന അതികഠിനമാണെന്നും മകനെയോ മകളെയോ നഷ്ടപ്പെട്ട മാതാപിതാക്കളോട് പറയാൻ നമുക്ക് വാക്കുകളില്ലെന്ന് പാപ്പ നവംബർ മാസത്തിലേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശത്തില്‍ ഓർമ്മിപ്പിച്ചു.

പങ്കാളിയെ നഷ്ടപ്പെട്ടവരെ വിധവയെന്നോ വിധുരനെന്നോ വിളിക്കുകയും, മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കളെ അനാഥരെന്ന് വിളിക്കുകയും ചെയ്യുമ്പോൾ, മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കായി പ്രത്യേകം ഒരു പേരുപോലുമില്ല. മക്കളെക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കുക എന്നത് സാധാരണമല്ല. മക്കളെ നഷ്ടപ്പെടുകയെന്നത് അതിതീവ്രമായ ഒരു വേദനയാണ്. എത്ര സദുദ്ദേശപരമാണെങ്കിലും, മക്കളെ നഷ്ടപ്പെട്ടുപോയവരെ ആശ്വസിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകൾ എല്ലായ്‌പ്പോഴും ഉപകാരപ്രദമാകണമെന്നില്ലെന്നും, ചിലപ്പോഴെങ്കിലും അവരിലെ മുറിവുകളെ കൂടുതൽ ആഴമേറിയതാക്കാനേ അവ ഉപകരിക്കൂ എന്നും പാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു.

വേദനയിലായിരുന്നവരെ യേശുക്രിസ്തു എപ്രകാരമാണോ ആശ്വസിപ്പിച്ചിരുന്നത്, ആ മാതൃകയനുകരിച്ച്, മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളെ ശ്രവിക്കുകയും, സ്നേഹത്തോടെ അവരോട് സമീപസ്ഥരായിരിക്കുകയും, അവരുടെ ദുഖങ്ങളെ ഉത്തരവാദിത്വബോധത്തോടെ ഏറ്റെടുക്കുകയും ചെയ്തുകൊണ്ടുവേണം ആശ്വസിപ്പിക്കേണ്ടത്. തങ്ങളുടെ മകനെയോ മകളെയോ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരിക്കുന്ന എല്ലാ മാതാപിതാക്കൾക്കും, സമൂഹത്തിൽനിന്ന് പിന്തുണയും, ആശ്വാസദായകനായ പരിശുദ്ധാത്മാവിൽനിന്ന് ഹൃദയസമാധാനവും ലഭിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »