News

നവംബര്‍: ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് പ്രാര്‍ത്ഥിക്കുന്ന മാസം

പ്രവാചകശബ്ദം 02-11-2024 - Saturday

ന്യൂയോര്‍ക്ക്: യേശുവിലുള്ള വിശ്വാസത്തെ പ്രതി ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് പ്രാര്‍ത്ഥിക്കുന്ന നവംബര്‍ മാസത്തില്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി വിവിധ സംഘടനകള്‍. ലോകമെമ്പാടുമായി 365 ദശലക്ഷത്തിലധികം ക്രൈസ്തവ വിശ്വാസികളാണ് വിവിധ തരത്തിലുള്ള പീഡനങ്ങളും വിവേചനങ്ങളും നേരിടുന്നത്. പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവര്‍ക്കായി നവംബർ മാസത്തിലുടനീളം പ്രത്യേകം പ്രാർത്ഥിക്കാൻ നിരവധി സംഘടനകൾ ആഹ്വാനം ചെയ്യുന്നുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായുള്ള വേൾഡ് ഇവാഞ്ചലിക്കൽ അലയൻസ് സംഘടന നവംബറിലെ ഒന്നും രണ്ടും ഞായറാഴ്‌ചകൾ (ഈ വര്‍ഷം നവംബര്‍ 3, നവംബർ 10) പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്ന പതിവ് ആരംഭിച്ചിട്ട് രണ്ട് ദശാബ്ദമായി.

പീഡിത ക്രൈസ്തവരെ അജപാലനപരമായും മാനുഷികമായും സഹായിക്കുന്ന പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് നവംബർ 20ന് പീഡിത ക്രൈസ്തവരെ അനുസ്മരിച്ച് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ഈ ദിവസം ചുവന്ന ബുധന്‍ അഥവാ 'റെഡ് വെനസ്ഡേ' എന്നാണ് അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി 2016-ലാണ് 'റെഡ് വെനസ്ഡേ' ആചരണത്തിന് തുടക്കമായത്. ഈ ദിവസം രക്തസാക്ഷികളുടെ രക്തത്തെ അനുസ്മരിക്കുന്ന ചുവപ്പ് നിറം ഇടവകകളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും വിവിധ നിര്‍മ്മിതികളിലും ദൃശ്യമാക്കാറുണ്ടെന്നത് ശ്രദ്ധേയമാണ്.

ആഫ്രിക്കയിലെ അഞ്ചിൽ ക്രൈസ്തവരില്‍ ഒരാള്‍ വീതവും ഏഷ്യയിൽ അഞ്ചിൽ രണ്ടുപേരും പീഡനം അനുഭവിക്കുന്നതായാണ് എഴുപതിലധികം രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് സഹായം ലഭ്യമാക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസിന്റെ കണക്കുകള്‍. കഴിഞ്ഞ വർഷം മാത്രം പീഡനത്തിന് ഇരയായ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം ഏകദേശം 5 ദശലക്ഷം വർദ്ധിച്ചതായാണ് സംഘടനയുടെ കണക്ക്.

ക്രൈസ്തവരുടെ ജീവനും സ്വത്തിനും നേരെയുള്ള ആക്രമണങ്ങൾ, കൊലപാതകങ്ങൾ, തടവ്, പീഡനം, ദേവാലയങ്ങളിലേക്കും ബൈബിള്‍ ഉപയോഗിക്കുന്നതിലുമുള്ള നിയന്ത്രണങ്ങൾ, നിർബന്ധിത മതപരിവർത്തനം, സ്ത്രീകൾക്കെതിരായ അക്രമം, പരോക്ഷമായ ആക്രമണങ്ങൾ വിദ്യാഭ്യാസ - തൊഴിൽ വിവേചനം, നിയമപരമായ നിയന്ത്രണങ്ങൾ, അവകാശ നിഷേധം എന്നിങ്ങനെ വിവിധ തരത്തിലുള്ള പീഡനങ്ങള്‍ ക്രൈസ്തവര്‍ അനുഭവിക്കുന്നുണ്ടെന്ന് ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ ചൂണ്ടിക്കാട്ടി.

മരിച്ച വിശ്വാസികള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന ഈ നവംബര്‍ മാസത്തില്‍ മേല്‍ പറഞ്ഞ സംഘടനകളുടെ ആഹ്വാനപ്രകാരം ക്രൈസ്തവ വിശ്വാസത്തെ പ്രതി പീഡനങ്ങള്‍, നിന്ദന അപമാനങ്ങള്‍ ഏറ്റുവാങ്ങുന്ന സകലരെയും അനുസ്മരിച്ചും നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »