India - 2024
കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു എംഎസ്എഫ് പുരസ്കാരം
പ്രവാചകശബ്ദം 03-11-2024 - Sunday
ന്യൂഡൽഹി: സാമൂഹിക പ്രവർത്തനത്തിലെ ദേശീയ മികവിനുള്ള ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ (എംഎസ്എഫ്) പുരസ്‌കാരത്തിന് സീറോമലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അർഹനായി. രാജ്യത്തുടനീളമുള്ള നിർധന കുടുംബങ്ങൾക്ക് വിവിധ സാമൂഹിക സംഘടനകളിലൂടെ ജീവകാരുണ്യപ്രവർത്തനം നടത്തിയതു പരിഗണിച്ചാണ് കർദ്ദിനാൾ ക്ലീമിസിനു പുരസ്കാരം. ഒരു ലക്ഷം രൂപയും മെമന്റോയുമാണ് പുരസ്‌കാരം.
ഈ മാസം 28ന് വൈകുന്നേരം അഞ്ചിന് ന്യൂഡൽഹി സൻസദ് മാർഗിലെ എൻഡിഎംസി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ആറു വിഭാഗങ്ങളിൽ ദേശീയതലത്തിൽ മികവ് കാട്ടിയ പത്തു പേർക്കാണ് ഈ വർഷത്തെ എംഎസ്എഫ് പുരസ്‌കാരം നൽകുന്നതെന്ന് എംഎസ്എഫ് ചെയർമാൻ ആർ. ബാലശങ്കർ അറിയിച്ചു. പരിസ്ഥിതി പ്രവർത്തകയും ബിജെപി നേതാവുമായ മേനക ഗാന്ധിയും പുരസ്‌കാരത്തിന് അര്‍ഹയായിട്ടുണ്ട്.