India - 2024

മുനമ്പം ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തോലിക്കാ കോൺഗ്രസ് പത്തിന് ഐക്യദാർഢ്യ ദിനമായി ആചരിക്കും

പ്രവാചകശബ്ദം 03-11-2024 - Sunday

കൊച്ചി: വഖഫ് അധിനിവേശത്താൽ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ പത്തിന് മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കും.

മുനമ്പത്തെ ജനതയുടെ സ്ഥലങ്ങളിന്മേലുള്ള വഖഫ് അവകാശവാദം പൂർണമായും അവസാനിപ്പിക്കുക, വഖഫ് നിയമത്തിലെ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ബില്ലിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക, വഖഫ് അധിനിവേശത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ മറുപടി പറയുക, രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുനമ്പം ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണു ദിനാചരണം.

ഈ പ്രശ്‌നത്തിൽ രാഷ്ട്രീയപാർട്ടികൾ നിഷ്‌പക്ഷമായും നിർഭയമായും നീതിപൂർവമായും നിലപാട് എടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. അന്നേദിവസം കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ കേരളത്തിലെ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ, റാലികൾ, പ്രമേയം അവതരിപ്പിക്കൽ, ജനപ്രതിനിധികൾക്കു നിവേദനം സമർപ്പിക്കൽ തുടങ്ങിയവ നടത്തും. കൂടാതെ കത്തോലിക്ക കോൺഗ്രസ് രൂപത സമിതികളുടെ നേതൃത്വത്തിൽ മുനമ്പത്ത് സന്ദർശനം നടത്തി ഐക്യദാർഢ്യം അറിയിക്കും.


Related Articles »