News - 2025

ലോറെന്തീനോ സെമിത്തേരിയില്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 03-11-2024 - Sunday

റോം: സകല മരിച്ചവരുടെയും തിരുനാൾ ആചരണത്തിന്റെ ഭാഗമായി റോമിലെ ഏറ്റവും വലിയ സെമിത്തേരികളില്‍ ഒന്നായ ലോറെന്തീനോയിലെത്തി ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ചു. ഇന്നലെ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ പത്തു മണിയോടെ സെമിത്തേരിയില്‍ എത്തിയ മാർപാപ്പയെ റോം മേയർ റോബർട്ടോ ഗ്വാൾട്ടിയേരിയും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. "മാലാഖമാരുടെ പൂന്തോട്ടം" എന്ന് വിളിക്കപ്പെടുന്ന മരിച്ച കുട്ടികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും വേണ്ടി പ്രത്യേകം സ്ഥലം നീക്കിവെച്ചിരിക്കുന്ന സ്ഥലത്തു പാപ്പ നിശബ്ദ പ്രാര്‍ത്ഥന നടത്തി. വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു.

മരിച്ചുപോയ നമ്മുടെ സഹോദരീസഹോദരന്മാർ വിശ്രമിക്കുന്ന സ്ഥലമായ സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ക്രിസ്തുവിലുള്ള വിശ്വാസം നാം പുതുക്കുകയാണെന്ന് വിശുദ്ധ കുര്‍ബാനയുടെ സമാപന ആശീര്‍വാദത്തിന് മുമ്പ് പാപ്പ പറഞ്ഞു. സെമിത്തേരി സന്ദര്‍ശനത്തിനിടെ 2021ൽ കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ നഷ്ട്ടമായ സ്റ്റെഫാനോ എന്ന പിതാവുമായി ഫ്രാന്‍സിസ് പാപ്പ ഏതാനും നിമിഷം സംസാരിച്ചിരിന്നു. പിന്നാലെ പാപ്പ കുഞ്ഞിനെ അടക്കം ചെയ്ത ശവകുടീരത്തിന് മുന്നിൽ പുഷ്പം സമര്‍പ്പിച്ച് പാപ്പ പ്രാര്‍ത്ഥിച്ചു.

റോമിന്റെ പ്രാന്ത പ്രദേശത്ത് 21 ഹെക്ടറുകളിലായി സ്ഥിതി ചെയ്യുന്ന സെമിത്തേരിയില്‍ 2018-ലും പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. അന്ന് ദിവ്യബലിക്ക് മുമ്പ്, കുട്ടികളെ അടക്കം ചെയ്ത “മാലാഖമാരുടെ പൂന്തോട്ടം" എന്നറിയപ്പെടുന്ന സ്ഥലത്തു തന്നെയാണ് പാപ്പ പ്രത്യേക പ്രാർത്ഥന നടത്തിയത്. കഴിഞ്ഞ വർഷം മരിച്ചവരുടെ തിരുനാള്‍ ദിനത്തില്‍ റോമിലെ യുദ്ധത്തിൽ മരണമടഞ്ഞവരെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരിയിലായിരിന്നു പാപ്പയുടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍.

Posted by Pravachaka Sabdam on 

Related Articles »