News

ദക്ഷിണ സുഡാനിൽ സഹായ പദ്ധതികളുമായി കത്തോലിക്ക സംഘടന

പ്രവാചകശബ്ദം 04-11-2024 - Monday

ജുബ: ലോകത്തിൽ ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്ന രാജ്യമായ ദക്ഷിണ സുഡാന്റെ പരിതാപകരമായ അവസ്ഥ കണക്കിലെടുത്ത് സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്. യുദ്ധവും പട്ടിണിയും മൂലം യാതനകളനുഭവിക്കുന്ന ദക്ഷിണ സുഡാനിലെ ജനങ്ങൾക്ക് കത്തോലിക്ക ഉപവിപ്രവർത്തന സംഘടനയായ കാരിത്താസിന്റെ ഇറ്റാലിയൻ ഘടകമാണ് സഹായമെത്തിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക സഹായത്തിന് പുറമേ, ദക്ഷിണ സുഡാനിൽ പരിശീലനം ബോധവൽക്കരണം എന്നിവയ്ക്കായുള്ള പദ്ധതികളും കാരിത്താസ് സംഘടന ആസൂത്രണം ചെയ്യുന്നുണ്ട്.

കാരിത്താസ് സംഘടനയുടെ പ്രതിനിധികൾ ബെൻതിയു രൂപതാധ്യക്ഷന്‍ ബിഷപ്പ് ക്രിസ്ത്യൻ കർലസാരെയുമായി കൂടിക്കാഴ്ച നടത്തി. ജലപ്രളയം ഉൾപ്പടെ ഉയർത്തിരിക്കുന്ന വലിയ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം കാരിത്താസ് സംഘടനയുടെ പ്രതിനിധികളോട് സംസാരിച്ചു. സാമ്പത്തിക പ്രതിസന്ധി ദക്ഷിണ സുഡാനെ മുട്ടുകുത്തിച്ചിരിക്കുകയാണെന്നും സുഡാൻ യുദ്ധത്തിൻറെ ഫലമായി എണ്ണക്കച്ചവടത്തിന് തടസ്സം ഉണ്ടായിരിക്കുന്നത് സ്ഥിതി വഷളാക്കിയിരിക്കയാണെന്നും അദ്ദേഹം വിശദീകരിച്ചു.

കുടിവെള്ള ലഭ്യത മെച്ചപ്പെടുത്തൽ, ജലസംവിധാനങ്ങൾ പുനഃസ്ഥാപിക്കൽ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജലവിതരണം, ശുചീകരണ സൗകര്യങ്ങൾ നിർമ്മിക്കൽ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളാണ് ഇറ്റാലിയൻ കാരിത്താസ് സംഘടന രാജ്യത്ത് നടപ്പിലാക്കുന്നത്. മാനസിക രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകളുടെ ഏകീകരണത്തിനും പുനരധിവാസത്തിനുമായി ഇടവകകളിലെ സന്നദ്ധപ്രവർത്തകരുടെ പരിശീലനവും സംഘടന നടത്തുന്നു. 2011-ൽ പിറവിയെടുത്ത ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യവുമായ ദക്ഷിണ സുഡാനിലെ അവസ്ഥ യുദ്ധം മൂലമാണ് ഗുരുതരമായത്.


Related Articles »