News - 2024
ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് മുന്നോടിയായി നവനാള്‍ നൊവേനയ്ക്കു ആഹ്വാനവുമായി യുഎസ് മെത്രാന്‍ സമിതി
പ്രവാചകശബ്ദം 04-11-2024 - Monday
വാഷിംഗ്ടണ്‍ ഡിസി: ആഗോള കത്തോലിക്ക സഭ നവംബർ 24ന് ആഘോഷിക്കുന്ന ക്രിസ്തുരാജന്റെ തിരുനാളിന് മുന്നോടിയായി നൊവേനയ്ക്കു ആഹ്വാനവുമായി അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതി. ദേശീയ മെത്രാന്‍ സമിതിയുടെ മതസ്വാതന്ത്ര്യത്തിനായുള്ള കമ്മിറ്റിയാണ് നൊവേനയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം നല്കിയിരിക്കുന്നത്. നവംബർ 15-ന് വെള്ളിയാഴ്ച ആരംഭിച്ച് നവംബർ 23-ന് ശനിയാഴ്ച അവസാനിക്കുന്ന വിധത്തില്‍ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുവാനാണ് ആഹ്വാനം.
"സഭയുടെ സ്വാതന്ത്ര്യത്തിനായി" രാജാവായ ക്രിസ്തുവിനോട് പ്രാർത്ഥനകൾ അർപ്പിക്കാൻ സമിതി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ഭയമില്ലാതെ വിശ്വാസികൾ ആരാധനാലയങ്ങളിൽ ഒത്തുകൂടുന്നതിനും പീഡനം ഭയന്ന് ജീവിക്കുന്ന ആളുകൾക്ക് ദൈവം, പ്രത്യാശയും ധൈര്യവും നൽകുന്നതിനും നൊവേനയിലെ നിയോഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. 1925 ല്‍ 11ാം പീയൂസ് മാര്‍പാപ്പയാണ് തന്റെ ചാക്രിക ലേഖനമായ 'ക്വാസ് പ്രീമാസിലൂടെ സാര്‍വ്വത്രിക സഭയിലുടനീളം ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കുന്നതിന് തുടക്കമിട്ടത്.