News

'സെയിന്‍റ്സ് പരേഡ്' വീണ്ടും; ഹാലോവീന് 'വിശുദ്ധിയുടെ മറുപടി'യുമായി ഫിലിപ്പീന്‍സ്

പ്രവാചകശബ്ദം 06-11-2024 - Wednesday

മനില: ഹാലോവീന്‍ പൈശാചിക വേഷവിധാനങ്ങള്‍ക്കു മറുപടിയുമായി ഫിലിപ്പീന്‍സില്‍ വിശുദ്ധരുടെ വേഷ മാതൃക അനുകരിച്ച് നടന്ന 'സെയിന്‍റ്സ് പരേഡ്' ശ്രദ്ധേയമായി. ആളുകളെ ഭയപ്പെടുത്തുന്ന വസ്ത്രവും ഒരുക്കവുമായി പാശ്ചാത്യ രാജ്യങ്ങളില്‍ ഹാലോവീൻ ആഘോഷിച്ചപ്പോൾ, സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തിൽ, രാജ്യത്തുടനീളമുള്ള ഇടവകകൾ പരമ്പരാഗത "സെയിൻ്റ്സ് പരേഡ്" കൂടുതല്‍ മനോഹരമായി നടത്തുവാന്‍ മുന്നിട്ടിറങ്ങുകയായിരിന്നു. ജനപ്രിയമായ ഫിലിപ്പിനോ ആഘോഷത്തിൽ കുഞ്ഞ് കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്തു.

ചെറുപ്പം മുതലേ കുഞ്ഞുങ്ങളെ അവരുടെ കുടുംബത്തോടൊപ്പം വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച് പഠിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി 'സെയിന്‍റ്സ് പരേഡ്' മാറ്റിയിരിക്കുകയാണെന്നു സേക്രട് ഹാര്‍ട് ഓഫ് ജീസസ്' വൈദികര്‍ വ്യക്തമാക്കി. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ഇടവകകളിൽ വിശുദ്ധരുടെ പരേഡ് നടന്നു. ഓരോ പള്ളിയിലും, അവർ തിരഞ്ഞെടുക്കുന്ന വിശുദ്ധനെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും അവരെപ്പോലെ വസ്ത്രം ധരിക്കാനും സമൂഹത്തിന് മുന്നിൽ വിശ്വാസപ്രഘോഷണമായി മാറുവാനും വിശുദ്ധൻ്റെ പ്രിയപ്പെട്ട വചനം പങ്കിടാനും ഉതകുന്ന വിധത്തിലായിരിന്നു ക്രമീകരണം.

ബുലാക്കനിലെ ബാലിവാഗ് സിറ്റി സെൻ്റ് അഗസ്റ്റിൻ ഇടവക ദേവാലയം, കലിബോ രൂപതയിലെ അക്‌ലാന്‍ ജീസസ് ഇടവക, സെന്‍റ് ആന്‍ മൈനര്‍ ബസിലിക്ക ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് ഇടവകകള്‍ ആചരണത്തില്‍ പങ്കെടുത്തു. ലോകമെമ്പാടുമുള്ള രൂപതകളിലും ഇടവകകളിലും ആരംഭിക്കാവുന്ന ആഘോഷമാണ് വിശുദ്ധരുടെ പരേഡേന്നു പലവാനിലുള്ള ടെയ്‌റ്റേയിലെ ബിഷപ്പ് ബ്രോഡറിക് പാബില്ലോ പറഞ്ഞു.

ഇത് യഥാർത്ഥത്തിൽ കുഞ്ഞാടിൻ്റെ രക്തത്തിൽ വസ്ത്രം കഴുകിയ എല്ലാവരുടെയും ഉത്സവമാണെന്നും സകല വിശുദ്ധരുടെയും ദിനത്തിൻ്റെ പവിത്രത പുനഃസ്ഥാപിക്കുന്നതിനും വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രേരണ നല്‍കുന്നതാണ് ആഘോഷമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് ഏറ്റവും അധികം കത്തോലിക്ക വിശ്വാസികളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഫിലിപ്പീന്‍സ്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »