India - 2025
കണ്ണൂർ രൂപതയുടെ നിയുക്ത സഹായ മെത്രാനായി ഡോ. ഡെന്നിസ് കുറുപ്പശേരി അഭിഷിക്തനായി
പ്രവാചകശബ്ദം 11-11-2024 - Monday
കണ്ണൂർ: കണ്ണൂർ രൂപതയുടെ നിയുക്ത പ്രഥമ സഹായ മെത്രാൻ മോൺ. ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ മെത്രാഭിഷേക ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ അങ്കണത്തിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്നു. സ്ഥാനാരോഹണചടങ്ങിന് മുന്നോടിയായി ബർണശേരി ബി.എം.യു.പി സ്‌കൂൾ ജംഗ്ഷനിൽ നിന്നും വിശിഷ്ടാതിഥികളെയും നിയുക്ത സഹായ മെത്രാനെയും വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചു. കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല സ്വാഗത പ്രസംഗം നടത്തി. തുടർന്ന് റോമിലെ പൊന്തിഫിക്കൽ വിദ്യാപീഠത്തിന്റെ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് സാൽവത്തോരോ പെനാകിയോയുടെ മുഖ്യകാർമികത്വത്തിൽ മെത്രാഭിഷേക തിരുക്കർമങ്ങൾ ആരംഭിച്ചു.
കർദിനാളും മുംബൈ ആർച്ച്ബിഷപ്പുമായ ഓസ്വാൾഡ് ഗ്രേഷ്യസ്, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിൽപറമ്പിൽ എന്നിവരായിരുന്നു സഹകാർമികർ. കണ്ണൂരിൻ്റെ പ്രഥമ ബിഷപ്പും ഇപ്പോഴത്തെ കോഴിക്കോട് രൂപത ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ വചന സന്ദേശം നൽകി. സഹായമെത്രാനായി നിയമിച്ചു കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം ലാറ്റിൻ ഭാഷയിലും തുടർന്ന് മലയാളം പരിഭാഷയിലും വായിച്ചു.
തുടർന്ന്, നിയുക്ത സഹായ മെത്രാൻ മോൺ. ഡോ. ഡെന്നിസ് കുറുപ്പശേരി ആര്‍ച്ച് ബിഷപ്പ് സാൽവത്തോരോ പെനാകിയോയുടെ മുൻപാകെ വിശ്വാസ പ്രഖ്യാപനം നടത്തി. നിയുക്ത സഹായമെത്രാൻ്റെ ശിരസിൽ മുഖ്യകാർമികൻ കൈവയ്പ് പ്രാർത്ഥന നടത്തി, തുടർന്ന്, എല്ലാ ബിഷപുമാരും മോൺ. ഡെന്നിസ് കുറുപ്പശേരിയുടെ ശിരസിൽ കൈവച്ചു പ്രാർത്ഥിച്ചു. തൈലാഭിഷേക കർമത്തിനും ശേഷം വിശുദ്ധ ബൈബിൾ നിയുക്തസഹായ മെത്രാന് നല്കി. അധികാര ചിഹ്നങ്ങളായ മോതിരം അണിയിക്കുകയും തൊപ്പിയും അധികാര ദണ്ഡ് നല്കുകയും ചെയ്തു. വത്തിക്കാന്റെ മാൾട്ടയിലെ നയതന്ത്രകാര്യാലയത്തിൽ പേപ്പൽ പ്രതിനിധിയുടെ ഫസ്റ്റ് അസിസ്റ്റന്റ് ആയി സേവനം ചെയ്തു വരികെയാണ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയെ തേടി പുതിയ നിയോഗമെത്തിയത്.
