News - 2025
അസീറിയൻ വിശുദ്ധനായ നിനവേയിലെ ഐസക്ക് റോമന്‍ രക്തസാക്ഷികളുടെ നിരയിലേക്ക്
പ്രവാചകശബ്ദം 11-11-2024 - Monday
വത്തിക്കാന്‍ സിറ്റി: ഏഴാം നൂറ്റാണ്ടിലെ ക്രൈസ്തവ പാരമ്പര്യങ്ങളിലുടനീളം ആദരിക്കപ്പെടുന്ന അസീറിയൻ ബിഷപ്പായിരുന്ന നിനവേയിലെ ഐസക്കിനെ റോമൻ രക്തസാക്ഷികളുടെ നിരയിലേക്ക് ചേർക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. അസ്സീറിയൻ ചർച്ച് ഓഫ് ഈസ്റ്റ് കാതോലിക്ക പാത്രിയർക്കീസ് മാർ അവാ മൂന്നാമനുമായി ഇക്കഴിഞ്ഞ ശനിയാഴ്ച വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയുടെ അവസരത്തിലാണ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്.
ഒരു മാർപാപ്പയും അസീറിയൻ പാത്രീയാര്‍ക്കീസും തമ്മില്‍ നടത്തിയ ചരിത്രപരമായ ആദ്യ കൂടിക്കാഴ്ചയ്ക്ക് 40 വർഷങ്ങള്‍ക്കു ശേഷമാണ് ശനിയാഴ്ച മറ്റൊരു കൂടിക്കാഴ്ചയ്ക്കു വത്തിക്കാന്‍ വേദിയായത്. കത്തോലിക്ക ആരാധനാ കലണ്ടറിലെ മറ്റ് ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ നിന്നുള്ള വിശുദ്ധരെ അംഗീകരിക്കുന്നതിനു സമീപകാല സിനഡിൽ നിന്നുള്ള ശുപാർശയെ തുടർന്നാണ് വിശുദ്ധ ഐസക്കിനെ റോമന്‍ രക്തസാക്ഷികളുടെ നിരയിലേക്ക് ചേർക്കാന്‍ ഫ്രാൻസിസ് മാർപാപ്പ തീരുമാനമെടുക്കുന്നത്.
'ഐസക് ദി സിറിയൻ' എന്നും അറിയപ്പെടുന്ന നിനവേയിലെ ഐസക്ക്, ഒരു ക്രിസ്ത്യൻ സന്യാസിയും ബിഷപ്പുമായി അനേകര്‍ക്ക് സാക്ഷ്യം പകര്‍ന്ന വ്യക്തിയാണ്. സന്യാസം, അനുകമ്പ, ആന്തരിക ആത്മീയ ജീവിതം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകള്‍ പൗരസ്ത്യ, പാശ്ചാത്യ പാരമ്പര്യങ്ങളിൽ ഉടനീളം ക്രിസ്ത്യൻ ആത്മീയതയില്‍ ആഴപ്പെടുവാന്‍ അനേകരെ സഹായിച്ചു. എഡി 700-എല്‍ ഉമയാദ് കാലിഫേറ്റിന്റെ കാലത്ത് അദ്ദേഹം നിത്യസമ്മാനത്തിന് യാത്രയാകുകയായിരിന്നു.