News - 2024

വഖഫ് വിവാദവും കത്തോലിക്കസഭയുടെ ഭൂസ്വത്തിനെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളും

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI 12-11-2024 - Tuesday

മുനമ്പം വഖഫ് അവകാശവാദ വിഷയം രാഷ്ട്രീയ കേരളത്തിൽ ഒരു കോളിളക്കത്തിന് വഴിയൊരുക്കുന്ന രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. മുനമ്പത്തെ ഒരുകൂട്ടം പാവപ്പെട്ട ജനങ്ങളുടെ കടുത്ത ആശങ്ക പരിഹരിക്കാൻ മുതിരാത്ത ഭരണ പ്രതിപക്ഷ പാർട്ടികളും സർക്കാരും ഒളിച്ചുകളി തുടരുന്നതിനിടെ, സൈബർ ലോകത്ത് വാക്പോരുകളും വ്യാജപ്രചാരണങ്ങളും അനുദിനം വർധിച്ചുകൊണ്ടുമിരിക്കുന്നു. അടുത്തെത്തിനിൽക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുനമ്പം വിഷയം തിരിച്ചടിക്ക് കാരണമാകാതിരിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ അതീവ ശ്രദ്ധ ചെലുത്തുന്നതായി കാണാനാകും. മുനമ്പത്തിന് പുറമെ വഖഫ് നിയമ പരിഷ്കരണവും ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മുനമ്പം വിഷയത്തിലെ സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും നിലപാട് ഒരു വലിയ വോട്ട് ബാങ്കുമായി ബന്ധപ്പെട്ട് ഏറെ നിർണ്ണായകമാണ്. ഏതുവിധേനയും ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഫോർമുല കണ്ടെത്തുന്നതിനായി ഒട്ടേറെപ്പേർ തലപുകയ്ക്കുകയാണെന്ന് വ്യക്തം.

ഇതിനിടെയാണ് ആരുപറഞ്ഞാലും മറിച്ചൊരു തീരുമാനം സ്വീകരിക്കാനിടയില്ലാത്ത തീവ്രനിലപാടുകാർ തങ്ങളുടെ അഭിപ്രായ പ്രകടനങ്ങളുമായി വീണ്ടുംവീണ്ടും രംഗത്തുവന്നുകൊണ്ടിരിക്കുന്നത്. പാണക്കാട് സാദിഖ് അലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മറ്റു ചില പ്രമുഖരും തങ്ങൾ മുനമ്പം ജനതയുടെ പക്ഷത്താണ് എന്ന് ആവർത്തിക്കുകയും വഖഫ് അവകാശവാദത്തെ പരോക്ഷമായെങ്കിലും തള്ളിപ്പറയുകയും ചെയ്യുന്നെങ്കിലും മറ്റൊരു വിഭാഗം അവരോട് തീരെയും യോജിക്കാൻ മനസില്ല എന്ന് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. വഖഫ് അവകാശവാദത്തിൽനിന്ന് പിന്മാറാൻ തയ്യാറായിട്ടില്ലാത്ത പല പ്രമുഖരിൽ ഒരു പ്രമുഖൻ ന്യൂനപക്ഷക്ഷേമ മന്ത്രി അബ്ദുറഹിമാൻ തന്നെയാണ്. ആ സമുദായത്തിനിടയിൽത്തന്നെ ഇക്കാര്യത്തിൽ കടുത്ത ഭിന്നതയുണ്ടെന്ന് വ്യക്തം.

മുനമ്പം ജനതയുടെ കൂടെ കേരളത്തിലെ കത്തോലിക്കാ സഭാസമൂഹം ശക്തമായി നിലയുറപ്പിച്ചിരിക്കുന്നതാണ് ഈ വിഷയത്തിലെ മറുപക്ഷം നേരിട്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. മുനമ്പത്തെ സമരക്കാർക്ക് പിന്തുണയുമായി രംഗപ്രവേശം ചെയ്ത ബിജെപി - സംഘപരിവാർ നേതൃത്വങ്ങൾക്ക് ഒപ്പംചേർത്ത് കത്തോലിക്കാ സഭാ നേതൃത്വം ബിജെപിയുടെ അജണ്ടകൾക്ക് വേദിയൊരുക്കുകയാണെന്നുംമറ്റും ആരോപണങ്ങൾ ഉന്നയിച്ചിട്ടും തങ്ങൾ ഉദ്ദേശിച്ച വഴിക്ക് കാര്യങ്ങൾ നീങ്ങുന്നില്ല എന്ന് കണ്ടതുകൊണ്ടാകണം അടുത്ത ദിവസങ്ങളിലായി കത്തോലിക്കാ സഭയ്‌ക്കെതിരെ "കടുത്ത ആരോപണങ്ങളുമായി" ചിലർ രംഗപ്രവേശം ചെയ്തിരിക്കുന്നത്. സമസ്തയുടെ സുപ്രഭാതം പത്രം, ജംഗ്‌ഷൻ ഹാക്ക് എന്ന യൂട്യൂബ് ചാനൽ ഉടമയായ അനിൽ മുഹമ്മദ് തുടങ്ങിയവർ ഉദാഹരണം.

കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയിൽ 17 കോടി ഏക്കർ സ്ഥലം! ‍

കത്തോലിക്കാ സഭയുടെ മുന്നിൽ "വഖഫ് ബോർഡ് ഒരു ചെറിയ മീനാണ്" എന്നാണ് ഇക്കൂട്ടർ പറഞ്ഞുവയ്ക്കുന്നത്. "കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയിൽ വഖഫ് ബോർഡിനുള്ളതിനേക്കാൾ ഒരുപാട് കൂടുതൽ സ്ഥലം സ്വന്തമായുണ്ട്, അതിനാൽ കൂടുതൽ വർത്തമാനം പറയണ്ട" എന്നാണ് പ്രധാന വാദം. അവർ പറയുന്നതനുസരിച്ച് 17. 29 കോടി ഏക്കർ ഭൂസ്വത്ത് ഇന്ത്യയിൽ കത്തോലിക്കാ സഭയ്ക്കുണ്ട്. അതായത് ഏഴു ലക്ഷം ചതുരശ്ര കിലോമീറ്റർ. വഖഫ് ബോർഡിന് ഉള്ളതാണെങ്കിലോ 9. 4 ലക്ഷം ഏക്കർ മാത്രം. ആധികാരികമായ അറിവ് എന്ന വിധത്തിൽ അവതരിപ്പിക്കുകയും അനേകരിൽ തെറ്റിദ്ധാരണ ഉളവാക്കുകയും ചെയ്ത ഈ വാദം വെറും ബാലിശമാണ് എന്ന് വ്യക്തം.

കേരളത്തിലെ ജനവാസ മേഖലകളുടെ ആകെ വിസ്തീർണം അമ്പത് ലക്ഷം ഏക്കർ മാത്രമാണ്. കേരളം, കർണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ മുഴുവൻ ചേർന്നാലും 17 കോടി ഏക്കറിൽ താഴെയേ വരൂ. ഇന്ത്യയിലെ ആകെ കൃഷി, ജനവാസ മേഖലകളുടെ വിസ്തൃതി 51 കോടി ഏക്കറാണ്. ഭൂവിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന പ്രധാന സംസ്ഥാനങ്ങളിലെല്ലാം തന്നെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം നാമമാത്രമാണ്.

ഏതാനും മാസങ്ങൾക്ക് മുമ്പ് ദേശീയ തലത്തിൽ ഒരു ന്യൂസ് ഏജൻസിയും ഏതാനും ഓൺലൈൻ പോർട്ടലുകളും നൽകിയ ഒരു വ്യാജവാർത്തയാണ് മേൽപ്പറഞ്ഞ വാദങ്ങൾക്ക് ആധാരം. 17. 29 കോടി ഏക്കർ സ്ഥലത്തിനും അതിലുള്ള മുഴുവൻ നിർമ്മിതികൾക്കും മുതൽമുടക്കിനും ഇപ്പറഞ്ഞവർ നിശ്ചയിച്ചിരിക്കുന്ന മൂല്യം 20000 കോടി രൂപയാണ് എന്നതാണ് വിചിത്രം. ഒരു ഏക്കർ സ്ഥലത്തിനും അതിലുള്ളവയ്ക്കും മൂല്യം 1157 രൂപ! മാത്രവുമല്ല, ഏറ്റവുംകൂടുതൽ ഭൂമി കൈവശമുള്ള കേന്ദ്ര സർക്കാരിനുള്ളത് 15531 ചതുരശ്ര കിലോമീറ്റർ അഥവാ, 3837793 (മുപ്പത്തെട്ട് ലക്ഷത്തിൽപ്പരം) ഏക്കർ ആണെന്നും പ്രസ്തുത റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.

അതേ റിപ്പോർട്ടിന് ആധാരം കേന്ദ്ര സർക്കാരിന്റെ ലാൻഡ് ഇൻഫർമേഷൻ വെബ്‌സൈറ്റ് ആണെന്ന് പറയുന്നെങ്കിലും ഇത്തരമൊരു രേഖ എവിടെയും ലഭ്യമല്ല. രണ്ടാമതൊന്നാലോചിക്കാതെ ഇത്തരമൊരു വ്യാജവാർത്ത ആധാരമാക്കി ആരോപണമുയർത്തി സഭയെ പ്രതിരോധത്തിലാക്കാനുള്ള ശ്രമമാണ് ഇവിടെ ചിലർ നടത്തിയതെന്ന് വ്യക്തം.

കത്തോലിക്കാ സഭയ്‌ക്കെതിരെയുള്ള അത്യന്തം അബദ്ധ ജഢിലമായ മേൽപറഞ്ഞ വാദഗതിയെ മുഖവിലയ്‌ക്കെടുത്ത അനേകർ കടുത്ത സഭാ വിമർശനങ്ങളുമായി രംഗത്തുവന്നിരിക്കുന്നതും ഈ ദിവസങ്ങളിലെ കാഴ്ചയാണ്. എത്രവലിയ കള്ളവും എത്രമാത്രം ബാലിശമായ വാദഗതികളും പോലും ഏറ്റെടുക്കാൻ മടികാണിക്കാത്ത ചിന്താശേഷിയില്ലാത്ത ഒരു ആൾകൂട്ടമായി കേരളസമൂഹത്തിലെ വലിയൊരു വിഭാഗംപേർ മാറിയിരിക്കുന്നതിന്റെ നേർക്കാഴ്ചയാണ് ഇതുപോലുള്ള അബദ്ധ പ്രചാരണങ്ങളും അവയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും. പലതിനും പുകമറ സൃഷ്ടിക്കാനും ശത്രുപക്ഷത്തുള്ളവരെ സംശയമുനയിൽ നിർത്താനും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനും ഇതുതന്നെ ധാരാളമാണ് എന്ന തിരിച്ചറിവായിരിക്കാം ദുരാരോപണങ്ങളുമായി രംഗപ്രവേശം ചെയ്യുന്നവരുടെ ബലം.

കത്തോലിക്കാ സഭയ്ക്ക് ഭൂസ്വത്തുക്കളുണ്ട് ‍

അനിൽ മുഹമ്മദിനെപ്പോലുള്ളവർ പറഞ്ഞു സ്ഥാപിക്കാൻ ശ്രമിക്കുന്നത്ര ഭൂമി ലോകത്ത് ഒരു രാജ്യത്തും സ്വന്തമാക്കാൻ കത്തോലിക്കാ സഭയ്‌ക്കോ വഖഫ് ബോർഡിന് പോലുമോ കഴിയില്ലെങ്കിലും സഭയ്ക്ക് ഇന്ത്യയിൽ പതിനായിരക്കണക്കിന് ഏക്കർ ഭൂമിയുണ്ട് എന്നുള്ളത് രഹസ്യമായ കാര്യമല്ല. ആ ഭൂമി നീതിരഹിതമായ അവകാശവാദങ്ങളുന്നയിച്ച് പാവപ്പെട്ടവരെ കുടിയിറക്കി പിടിച്ചെടുത്തവയോ, നിയന്ത്രിത മേഖലകളാക്കി മാറ്റി താഴിട്ട് പൂട്ടിയവയോ അല്ല. കത്തോലിക്കാ സഭ എന്നാൽ എന്താണെന്നുള്ള അവ്യക്തത നീക്കുന്നതോടൊപ്പം ക്രൈസ്തവ സമൂഹത്തെ മോശക്കാരാക്കി ചിത്രീകരിക്കാനുള്ള വ്യഗ്രത മാറ്റിവയ്ക്കുകകൂടി ചെയ്ത് വസ്തുനിഷ്ഠമായി അന്വേഷിച്ചാൽ ഏതുവിധത്തിലാണ് കത്തോലിക്കാ സഭ ഭൂസ്വത്ത് ഉപയോഗിക്കുന്നതെന്ന് വ്യക്തമാകും.

174 രൂപതകളും 200 ൽ പരം സന്യാസ സമൂഹങ്ങളുമാണ് ഇന്ത്യയിലുള്ളത്. അവരവർക്ക് പ്രവർത്തന സ്വാതന്ത്ര്യമുള്ള പ്രദേശങ്ങളിൽ സ്വതന്ത്രമായാണ് ഇവയോരോന്നും പ്രവർത്തിക്കുന്നത്. കത്തോലിക്കാ സഭ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നെങ്കിലും സ്ഥാപനങ്ങളുടെയും പ്രവർത്തന മേഖലകളുടെയും ഉടമസ്ഥാവകാശവും നിയന്ത്രണവും നടത്തിപ്പും പൊതുവായല്ല. പരസ്പരം സഹകരിച്ചു പ്രവർത്തിക്കുകയും ആശയവിനിമയങ്ങൾ നടത്തുകയും നയരൂപീകരണങ്ങൾക്കായി ഒരുമിച്ചുകൂടുകയും ചെയ്യുന്നതാണ് പൊതുവായുള്ള കാര്യം. അതിനാൽത്തന്നെ, കത്തോലിക്കാ സഭയുടെ വിവിധ സംവിധാനങ്ങൾക്ക് കീഴിലുള്ള ഭൂസ്വത്തോ, സ്ഥാപനങ്ങളോ, മറ്റ് ആസ്തികളോ എല്ലാം ഒരുമിച്ചു കണക്കാക്കി അതെല്ലാം ഒറ്റ നേതൃത്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്ന് കരുതുന്നെങ്കിൽ അത് തികഞ്ഞ അബദ്ധ ധാരണയാണ്.

സഭയുടെ ഭൂവിനിയോഗം ‍

പ്രധാനമായും മൂന്നുവിധത്തിലാണ് കത്തോലിക്കാ സഭയ്ക്ക് ഭൂസ്വത്ത് സ്വന്തമായിട്ടുള്ളത്. കത്തോലിക്കാ മിഷനറിമാരുടെ സാമൂഹിക പ്രവർത്തനങ്ങൾ വിലയിരുത്തിയ ഭരണാധികാരികൾ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനായി വളരെ വർഷങ്ങൾക്കു മുമ്പ് വിട്ടുനൽകിയ ഭൂസ്വത്തുക്കളാണ് ഒന്ന്. വിശ്വാസികളും പ്രദേശവാസികളും ദാനമായി നൽകിയവയാണ് രണ്ടാമത്തേത്. സ്വാഭാവികമായും മൂന്നാമതുള്ളത് വിലകൊടുത്ത് വാങ്ങിയ ഭൂമിയാണ്. ഈ മൂന്നുവിധത്തിൽ വിവിധ സഭാ സംവിധാനങ്ങളുടെ കൈവശം വന്നുചേരുകയും ഇപ്പോഴും സൂക്ഷിക്കുകയും ക്രിയാത്മകമായി വിനിയോഗിക്കുകയും ചെയ്യുന്ന ഭൂമിക്ക് പൂർണ്ണ അവകാശം എല്ലാ അർത്ഥത്തിലും ഭരണഘടനാപരമായുള്ളതാണ്. സഭയുടെ ഭൂവിനിയോഗം എപ്രകാരമാണ് എന്നുള്ളത് ഇവിടെ പ്രധാനപ്പെട്ട കാര്യമാണ്.

നാൽപ്പതിനായിരത്തിൽ പരം സ്‌കൂളുകളും നാനൂറിലധികം കോളേജുകളും ആറ് യൂണിവേഴ്സിറ്റികളും ഇന്ത്യയിലെമ്പാടുമായി വിവിധ കത്തോലിക്കാ രൂപതകൾക്കും സന്യാസ സമൂഹങ്ങൾക്കുമായുണ്ട്. ആരോഗ്യരംഗത്ത് അഞ്ചു മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 240 മെഡിക്കൽ - നഴ്‌സിംഗ് - പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിലെമ്പാടുമായി 85000 ത്തോളം രോഗികളെ കിടത്തി ചികിൽസിക്കാൻ കഴിയുന്ന വിപുലമായ ആശുപത്രി ശൃംഖലയും എണ്ണമറ്റ ചെറിയ ക്ലിനിക്കുകളും കത്തോലിക്കാ സഭയ്ക്കുണ്ട്. പലയിടങ്ങളിലായി അഞ്ചുലക്ഷത്തോളം വരുന്ന രോഗികളും വൃദ്ധരും ആലംബഹീനരും അനാഥരുമായ മനുഷ്യർ ആയിരക്കണക്കിനായ സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്നു. സ്‌കൂളുകളിലും ആതുരാലയങ്ങളിലും ഏറിയപങ്കും സാധാരണക്കാരിൽ സാധാരണക്കാരായ പാവപ്പെട്ട മനുഷ്യർക്കിടയിലാണ് പ്രവർത്തിച്ചുവരുന്നത്. ഈ മേഖലകളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നിരവധി പതിറ്റാണ്ടുകളായി കത്തോലിക്കാ സഭ കാഴ്ചവച്ചുവരുന്നത്.

ജനസംഖ്യയുടെ 1.55 ശതമാനം അഥവാ 2 കോടിയോളം കത്തോലിക്കാ വിശ്വാസികൾ മാത്രമാണ് ഇന്ത്യയിലുള്ളത്. കത്തോലിക്കരുടെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽപേർക്ക് കത്തോലിക്കാ സഭയുടെ വിവിധ സംവിധാനങ്ങൾ ഓരോ ദിവസവും പ്രത്യക്ഷമോ പരോക്ഷമോ ആയി സേവനമെത്തിക്കുന്നുണ്ട്. സഭയുടെ ഏതു സംവിധാനങ്ങളുടെ കീഴിലായാലും സമ്പത്തും അധ്വാനവും ഏറിയപങ്കും നീക്കിവയ്ക്കപ്പെടുന്നത് മതമോ ജാതിയോ ദേശമോ പരിഗണിക്കാതെ ഈ രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കുമായാണ്.

എത്രമാത്രം സ്ഥലം എവിടെയൊക്കെ സഭാസംവിധാനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ അത്രമാത്രം സ്ഥാപനങ്ങളും സേവനങ്ങളും അതത് പ്രദേശത്തുള്ളവർക്ക് ലഭ്യമാണ് എന്നതാണ് വാസ്തവം. ആ സേവന തല്പരതയിൽ സംപ്രീതരായ മുൻകാല ഭരണാധികാരികളും ധനവാന്മാരും വലിയ പ്രോത്സാഹനങ്ങളും പിന്തുണയും മിഷനറിമാർക്കും സന്യാസ സമൂഹങ്ങൾക്കും നൽകിയിരുന്നു. അതാണ് ഇന്നും കത്തോലിക്കാ സഭ സമാനതകളില്ലാതെ തുടരുന്ന ഇത്തരം പ്രവർത്തനങ്ങളുടെ അടിത്തറ.

ദുരാരോപണങ്ങൾ ഉന്നയിക്കുന്നവരോട് ‍

ഒരു കള്ളം ആയിരം തവണ ആവർത്തിച്ചാൽ അത് സത്യമെന്ന് കരുതുന്നവരുടെ എണ്ണം വർധിച്ചേക്കാം, എന്നാൽ അസത്യം എക്കാലവും അസത്യമായി തന്നെ അവശേഷിക്കും. ഇത്തരത്തിൽ ഉയർത്തപ്പെടുന്ന ദുരാരോപണങ്ങൾക്കും അതിന്റെ മറവിൽ നടത്തുന്ന സൈബർ ആക്രമങ്ങൾക്കും ചിന്താശേഷിയില്ലാത്ത കുറേപ്പേരെ ഇരുട്ടിലേക്ക് നയിക്കാൻ കഴിഞ്ഞേക്കാമെന്നല്ലാതെ ശാശ്വതമായ വിജയത്തിലേക്ക് അത് ആരെയും നയിക്കില്ല.

നീതി നിഷേധിക്കപ്പെട്ട് അവഗണനയിൽ തുടരുന്ന ഒരുകൂട്ടം ജനങ്ങൾക്കുവേണ്ടി നിലകൊള്ളാനുള്ള കത്തോലിക്കാ സഭാനേതൃത്വത്തിന്റെ തീരുമാനത്തെ ദുഷ്പ്രചാരണങ്ങൾ നടത്തിയും അവഹേളിച്ചും പിൻവലിപ്പിക്കാമെന്ന കണക്കുകൂട്ടൽ തെറ്റായിരുന്നു എന്ന് കാലം അവരെ ബോധ്യപ്പെടുത്തുക തന്നെ ചെയ്യും. മുനമ്പം - വഖഫ് അവകാശവാദ വിഷയത്തിലോ, വഖഫ് നിയമ പരിഷ്‌കരണ വിഷയത്തിലോ മാത്രമല്ല, പാവപ്പെട്ട ജനങ്ങൾക്ക് നീതിനിഷേധിക്കപ്പെടുകയും അവരെ പെരുവഴിയിൽ ഇറക്കുകയും ചെയ്യുന്ന ഏതൊരു പ്രതിസന്ധി ഘട്ടത്തിലും മുൻകാലങ്ങളിലെന്നതുപോലെ തുടർന്നും ജാതിമത ഭേദമന്യേ ശക്തമായി കത്തോലിക്കാസഭ അവർക്കൊപ്പം നിലകൊള്ളുക തന്നെ ചെയ്യും.

(ലേഖകനായ ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ്)


Related Articles »