News - 2024

ക്രൈസ്തവര്‍ക്ക് മത നികുതി; മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനം കടുപ്പിക്കുന്നു

പ്രവാചകശബ്ദം 18-11-2024 - Monday

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് മേല്‍ പീഡനം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മാലിയിലെ മോപ്തി മേഖലയിലെ രണ്ട് ഗ്രാമങ്ങളിൽ ക്രൈസ്തവ സമൂഹങ്ങൾക്കു മേല്‍ ഇസ്ലാമിക തീവ്രവാദ സംഘം ജിസിയ നികുതി ചുമത്തിയതായി കത്തോലിക്ക സന്നദ്ധ സംഘടനയായ 'എയിഡ് ടു ദ ചർച്ച് ഇൻ നീഡ്' രഹസ്യ ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക രാഷ്ട്രം അമുസ്‌ലിംകളിൽ നിന്ന് ഈടാക്കിയിരുന്ന പ്രത്യേക നികുതിയാണ് ജിസിയ. ഇത് ഇസ്ലാമിക തീവ്രവാദികള്‍ മേഖലയില്‍ ക്രൈസ്തവരെ പീഡിപ്പിക്കുവാനുള്ള മാര്‍ഗ്ഗമായാണ് മാറ്റുന്നത്. മേഖലയിൽ സജീവമായ ഒരു ഇസ്ലാമിക തീവ്രവാദ സംഘം അടുത്തിടെ പ്രായമുള്ള എല്ലാ ക്രിസ്ത്യാനികൾക്കും 25,000 ഫ്രാങ്ക് (ഏകദേശം 40 ഡോളർ) നികുതി ചുമത്തി.

കിഴക്കൻ കോറോയിലെ മോപ്‌തിയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ഗ്രാമമായ ഡൗണ-പെന്നിലും സമാനമായ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പണമടയ്ക്കാൻ കഴിയാത്തവരോ നിരസിക്കുകയോ ചെയ്യുന്നവർക്കു അവരുടെ ആരാധനാലയങ്ങൾ നിർബന്ധമായും അടച്ചുപൂട്ടുമെന്ന് തീവ്രവാദികള്‍ പറയുന്നു. ഡൗഗൗട്ടെനെ ഗ്രാമത്തിലാണ്, ആശങ്കാജനകമായ സാഹചര്യം ആരംഭിച്ചത്. ഇപ്പോൾ, ഡൗണ-പെന്നിനും ഇതേ പ്രശ്നം നേരിടുകയാണ്. മതസ്വാതന്ത്ര്യത്തിനും പ്രാദേശിക സുരക്ഷയ്ക്കും കൂടുതൽ ഭീഷണിയുയർത്തി ഈ മതനികുതി മറ്റ് ഗ്രാമങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയിലാണ് ക്രൈസ്തവര്‍. ഡൗന-പെനിലെ കത്തോലിക്ക പ്രൊട്ടസ്റ്റൻ്റ്, പള്ളികൾ അടച്ചുപൂട്ടണമെന്ന് ഇസ്ലാമിക തീവ്രവാദികൾ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരിന്നു.

പശ്ചിമ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് മാലി. രാജ്യത്തു അൽക്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും (ഐഎസ്ഐഎസ്) ബന്ധമുള്ള നിരവധി ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുണ്ട്. മാലിയിൽ നിന്നു തന്നെ തട്ടിക്കൊണ്ടുപോയ കൊളംബിയൻ കന്യാസ്ത്രീ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ ഇസ്ലാമിക തീവ്രവാദികളുടെ ഇടയില്‍ 4 വർഷവും 8 മാസവുമാണ് തടവില്‍ കഴിഞ്ഞത്. 2021 ഒക്ടോബറിൽ സിസ്റ്റര്‍ മോചിതയായി. ഹ്യൂമൻ ജിയോഗ്രഫി ഇൻഫർമേഷൻ സർവേ (HGIS) പ്രകാരം മാലിയിലെ ജനസംഖ്യയുടെ 94.84 ശതമാനവും ഇസ്ലാം മതവിശ്വാസികളാണ്. 2.37% ക്രൈസ്തവര്‍ മാത്രമാണ് രാജ്യത്തുള്ളത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »