News
നൈജീരിയന്‍ കത്തോലിക്ക സന്യാസിനിക്ക് 1.2 മില്യൺ ഡോളറിന്റെ അവാർഡ്
പ്രവാചകശബ്ദം 19-11-2024 - Tuesday
അബൂജ: നൈജീരിയയിലെ അബൂജയിലുള്ള സെൻ്റർ ഫോർ വിമൻ സ്റ്റഡീസ് ആൻഡ് ഇൻ്റർവെൻഷൻ്റെ (CWSI) സ്ഥാപകയും കത്തോലിക്ക സന്യാസിനിയുമായ സിസ്റ്റർ ഫ്രാൻസിസ്ക എൻഗോസി യുട്ടിയ്ക്കു 1.2 മില്യൺ ഡോളറിന്റെ അവാർഡ്. 2024-ലെ ഓപസ് ജേതാവായാണ് സന്യാസിനിയെ തെരഞ്ഞെടുത്തിരിക്കുന്നത്. നവംബർ 14-ന് സിലിക്കൺ വാലിയിലെ ജെസ്യൂട്ട് സർവകലാശാലയായ സാന്താ ക്ലാര സർവകലാശാലയിൽ അവാർഡ് ദാന ചടങ്ങിനിടെ സിസ്റ്റർ ഫ്രാൻസിസ്ക പുരസ്ക്കാരം ഏറ്റുവാങ്ങി. കോൺഗ്രിഗേഷൻ ഓഫ് ഹാൻഡ്‌മെയ്‌ഡ്‌സ് ഓഫ് ഹോളി ചൈൽഡ് ജീസസ് (HHCJ) എന്ന സന്യാസിനി സമൂഹാംഗമാണ് സിസ്റ്റർ ഫ്രാൻസിസ്ക. തൻ്റെ സന്തോഷം വാക്കുകൾക്ക് പറഞ്ഞറിയിക്കാനാവില്ലെന്ന് സിസ്റ്റർ പറഞ്ഞു.
എപ്പോഴെങ്കിലും സമ്മാന ജേതാവായി നാമനിർദ്ദേശം ചെയ്യപ്പെടുമെന്ന് ഞാന്‍ സങ്കൽപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സത്യസന്ധമായി, ഇല്ല എന്നാണ് ഉത്തരം. എന്റെ സന്തോഷത്തിൻ്റെ ആഴം ഉൾക്കൊള്ളാൻ വാക്കുകൾ ഇല്ലാ. തന്റെ ഹൃദയം കൃതജ്ഞതയാൽ കവിഞ്ഞൊഴുകുകയാണെന്നും സിസ്റ്റര്‍ പറഞ്ഞു. താനും തന്റെ ടീമും വിവിധയിടങ്ങളില്‍ ചെയ്തുവരുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്തിനകത്ത് മാത്രമല്ല, രാജ്യത്തിൻ്റെ അതിർത്തിക്കപ്പുറത്ത് അമേരിക്ക വരെ എത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലായെന്ന് സിസ്റ്റര്‍ ഫ്രാൻസിസ്ക കൂട്ടിച്ചേര്‍ത്തു.
നൈജീരിയയിലെ സ്ത്രീകളുടെ സാമൂഹികവും നിയമപരവും രാഷ്ട്രീയവുമായ സമത്വത്തിനായി കാല്‍ നൂറ്റാണ്ട് മുന്‍പ് സിസ്റ്റർ ഫ്രാൻസിസ്ക എൻഗോസി ആരംഭിച്ച സെൻ്റർ ഫോർ വിമൻ സ്റ്റഡീസ് ആൻഡ് ഇൻ്റർവെൻഷന്‍ ഇന്ന് ആയിരങ്ങള്‍ക്ക് തുണയാണ്. ലോകത്തിലെ ഏറ്റവും വലിയ വിശ്വാസാധിഷ്ഠിത അവാർഡുകളിലൊന്നാണ് ഓപസ് പുരസ്ക്കാരം. മാനുഷിക പ്രവർത്തനങ്ങൾ കൂടാതെ സേവനജീവിതം പിന്തുടരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന പുരസ്ക്കാരം കഴിഞ്ഞ ദിവസം ബിഷപ്പ് പരേഡിനായിരിന്നു.