News - 2024

ആലപ്പോ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അധീനതയില്‍; ക്രിസ്തുമസ് അലങ്കാരങ്ങൾ നീക്കി തുടങ്ങിയെന്ന് വെളിപ്പെടുത്തല്‍

പ്രവാചകശബ്ദം 02-12-2024 - Monday

മൊസൂള്‍: സിറിയയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആലപ്പോ നഗരത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്ത ഇസ്ലാമിസ്റ്റ് വിമതർ സമീപ പ്രവിശ്യകളിലേക്കും ആക്രമണം വ്യാപിപ്പിച്ചതോടെ ക്രൈസ്തവര്‍ക്കും ഭീഷണി. ഇസ്ലാമിസ്റ്റ് സേനകള്‍ നഗരം പിടിച്ചടക്കിയതിനെ തുടർന്ന് ആലപ്പോയിലെ സിറിയൻ ക്രൈസ്തവര്‍ ഗുരുതരമായ അപകടത്തെ അഭിമുഖീകരിക്കുന്നതായി പ്രാദേശിക സഭാ നേതാക്കൾ വെളിപ്പെടുത്തി. സർക്കാർ സേനയെ പിൻവലിച്ചതിനെത്തുടർന്ന് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള വിമത സേന നിയന്ത്രണം പിടിച്ചെടുക്കുകയായിരിന്നു.

എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. നഗരം മുഴുവൻ അനിശ്ചിതത്വത്തിൽ കഴിയുന്നപോലെയുള്ള സാഹചര്യമാണെന്നു ആലപ്പോയിലെ മാരോണൈറ്റ് ആർച്ച് ബിഷപ്പ് ജോസഫ് ടോബ്ജി പറഞ്ഞു. ഇതിനിടെ തീവ്രവാദികൾ ക്രിസ്മസ് അലങ്കാരങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയെന്ന് ഇറാഖി ക്രിസ്ത്യൻ ഫൗണ്ടേഷൻ എക്സിലൂടെ അറിയിച്ചിട്ടുണ്ട്. പാശ്ചാത്യ മാധ്യമങ്ങൾ "വിമതർ" എന്ന വിശേഷണം നല്‍കി തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്നു സംഘടനയുടെ പോസ്റ്റില്‍ പറയുന്നു.



ആലപ്പോയിലെ സിറിയൻ ക്രൈസ്തവര്‍, ആക്രമണകാരിയായ അല്‍ക്വയ്ദ ഐഎസ്ഐഎസ് ഭീകരരിൽ നിന്ന് ഗുരുതരമായ ഭീഷണി നേരിടുകയാണ്. അവർ ഇതിനകം എല്ലാ ക്രിസ്തുമസ് അലങ്കാരങ്ങളും നീക്കം ചെയ്യുകയും പിടികൂടിയ സൈനികരുടെ ശിരഛേദം നടത്തുകയും ചെയ്തു. സിറിയയിലെ നമ്മുടെ ക്രൈസ്തവ സഹോദരങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും വേണ്ടി ദയവായി പ്രാർത്ഥിക്കണമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റ്യൻ സോളിഡാരിറ്റി ഇൻ്റർനാഷണൽ, ജബത് അൽ-നുസ്ര എന്നറിയപ്പെട്ടിരുന്ന ഹയാത്ത് തഹ്‌രീർ അൽ-ഷാം ആലപ്പോയുടെ നിയന്ത്രണം പിടിച്ചെടുത്തതായി പ്രസ്താവനയിൽ അറിയിച്ചു. ആലപ്പോയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോൾ വിമത തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. ഹയാത്ത് തഹ്‌രീർ അൽ-ഷാം ആലപ്പോയിൽ തങ്ങളുടെ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ് മൊസൂൾ പിടിച്ചെടുത്തപ്പോള്‍ ആലപ്പോയില്‍ നിന്നു ഉള്‍പ്പെടെ ആയിരകണക്കിന് ക്രൈസ്തവര്‍ സ്വജീവന്‍ പണയപ്പെടുത്തി പലായനം ചെയ്തിരിന്നു. മടങ്ങിയെത്തിയ ക്രൈസ്തവര്‍ പുതുജീവിതം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതിടെയാണ് ഗുരുതരമായ സാഹചര്യം വീണ്ടും ഉടലെടുത്തിരിക്കുന്നത്.


Related Articles »