India - 2025
മാർ ജോർജ് കൂവക്കാട്ടിന്റെ കര്‍ദ്ദിനാള്‍ പദവി; ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നുള്ള പ്രതിനിധിസംഘം ഇന്ന് വത്തിക്കാനിലേക്ക്
പ്രവാചകശബ്ദം 05-12-2024 - Thursday
കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതാംഗമായ മാർ ജോർജ് കൂവക്കാട്ട് ഉൾപ്പെടെ 21പേരുടെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണം നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ അതിരൂപതയിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധിസംഘം ഇന്ന് വത്തിക്കാനിലേക്ക് പുറപ്പെടും.
ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, കൂരിയ അംഗങ്ങളായ മോൺ. ആൻറണി എത്തക്കാട്ട്, മോൺ. വർഗീസ് താനമാവുങ്കൽ, മോൺ. ജോൺ തെക്കേക്കര, ചാൻസലർ റവ.ഡോ. ജോർജ് പുതുമനമുഴി, റവ. ഡോ. ഐസക്ക് ആലഞ്ചേരി, പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, പാസ്റ്റ റൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, പിആർഒ അഡ്വ. ജോജി ചിറയി ൽ, ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, റവ. ഡോ. ജയിംസ് പാലയ്ക്കൽ എന്നിവരാണ് പ്രതിനിധിസംഘത്തിലുള്ളത്.
എട്ടിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിന് നവ കർദ്ദിനാളുമാർ മാർപാപ്പയോടൊത്ത് വി ശുദ്ധ കുർബാന അർപ്പിക്കും. ആർച്ച്ബിഷപ്പുമാരായ മാർ തോമസ് തറയിലും മാർ ജോസഫ് പെരുന്തോട്ടവും അതിരൂപതാംഗങ്ങളായ വൈദികരും സഹകാർമികരായിരിക്കും. ഒൻപതിന് റോമിൽ ചങ്ങനാശേരി അതിരുപതാ വൈദിക സന്യസ്‌ത സംഗമം നടക്കുന്നുണ്ട്. കർദ്ദിനാൾ സ്ഥാനാരോഹണത്തിനായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ചങ്ങനാശേരി അതിരുപതയിലെ വൈദികരുടെയും സന്യസ്തരുടെയും സംഗമമാണ് മാർ തോമസ് തറയിൽ റോമിൽ വിളിച്ചുചേർത്തിരിക്കുന്നത്.