News

ബെന്‍സിന്റെ സിഇഒ നേരിട്ടെത്തി; ഫ്രാന്‍സിസ് പാപ്പയ്ക്ക് പുതിയ പോപ്മൊബീൽ

പ്രവാചകശബ്ദം 05-12-2024 - Thursday

വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വിശ്വാസികളെ അഭിവാന്ദ്യം ചെയ്യാനും ആശീർവദിക്കാനുമായി പാപ്പയ്ക്കു ജർമ്മൻ ആഡംബര കാർ കമ്പനിയായ മെഴ്‌സിഡസ് ബെന്‍സ് പുതിയ വാഹനം കൈമാറി. മാർപാപ്പ വിശ്വാസികളെ കാണാനും ആശീര്‍വദിക്കാനും ഉപയോഗിക്കുന്ന പാപ്പയുടെ വാഹനം പോപ്മൊബീൽ എന്നാണ് അറിയപ്പെടുന്നത്. ജർമ്മൻ ആഡംബര കാർ കമ്പനിയായ മെഴ്‌സിഡസ് ബെന്‍സിന്റെ സിഇഒ ഒല കല്ലേനിയോസ് ഇന്നലെ ബുധനാഴ്ച വത്തിക്കാനില്‍ നേരിട്ടെത്തിയാണ് മാർപാപ്പയ്ക്ക് പുതിയ പോപ്പ്മൊബീലിൻ്റെ താക്കോൽ കൈമാറിയത്. പ്രത്യേകം തയാറാക്കിയ ബോക്സിലായിരിന്നു താക്കോല്‍.

മെഴ്‌സിഡസ്‌ ബെൻസിൻ്റെ ഇലക്ട്രിക് ജി ക്ലാസ് എസ്‌യുവി പരിഷ്ക്കരിച്ചതാണ് പുതിയ പോപ്മൊബീൽ. മുൻകാല വാഹനങ്ങളെപ്പോലെ തന്നെ തൂവെള്ള നിറത്തിലുള്ളതാണ് പുതിയ വാഹനവും. കഴിഞ്ഞ 94 വർഷക്കാലമായി വത്തിക്കാനിലേക്ക് മെഴ്‌സിഡസ് ബെൻസാണ് വാഹനം വിതരണം ചെയ്യുന്നത്. 45 വർഷത്തിനിടയിൽ, മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ് അടിസ്ഥാനമാക്കിയാണ് പോപ്മൊബീൽ നിര്‍മ്മിക്കുന്നത്. വത്തിക്കാൻ ആവശ്യത്തിനനുസരിച്ചുള്ള തരത്തിലാണ് പുതിയ വണ്ടിയുടെ രൂപകൽപ്പന. പൂർണമായും ഇലക്ട്രിക് വാഹനമായിരിക്കുമിതെന്ന് ബെൻസ് അറിയിച്ചു.

തൻ്റെ പൊതുപരിപാടികളിൽ മുഴുവനായും ഇലക്‌ട്രിക് മെഴ്‌സിഡസ് ബെൻസിൽ യാത്ര ചെയ്യുന്ന ആദ്യത്തെ പാപ്പയാണ് ഫ്രാൻസിസ് മാർപാപ്പയെന്നും ഇത് തങ്ങളുടെ കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയൊരു ബഹുമതിയാണെന്നും ബെന്‍സിന്റെ സിഇഒ ഒല കല്ലേനിയോസ് പറഞ്ഞു. അദ്ദേഹത്തിൻ്റെ വിശ്വാസത്തിന് നന്ദി പറയാൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു. പൂർണ്ണമായോ ഭാഗികമായോ ഇലക്ട്രിക് കാറുകളാണ് ഫ്രാൻസിസ് മാർപാപ്പ വർഷങ്ങളായി ഉപയോഗിക്കുന്നത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »