News - 2025

നൈജീരിയയിൽ ബന്ദിയാക്കപ്പെട്ട കത്തോലിക്ക വൈദികന് മോചനം

പ്രവാചകശബ്ദം 06-12-2024 - Friday

അബൂജ: നൈജീരിയയിലെ എനുഗു സംസ്ഥാനത്ത് നിന്നു ആറ് ദിവസം മുന്‍പ് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന് മോചനം. കഴിഞ്ഞ ശനിയാഴ്ച എൻസുക്ക പ്രാദേശിക മേഖലയിലെ ഉഗ്വോഗോ നൈക്ക്-ഓപി എക്‌സ്പ്രസ് റോഡിൽവെച്ച് തട്ടിക്കൊണ്ടുപോയ ഫാ. ജെറാൾഡ് ഒഹേരി എന്ന വൈദികനാണ് മോചിതനായിരിക്കുന്നത്. തെക്കുകിഴക്കൻ നൈജീരിയയിൽ ഹോളി സ്പിരിറ്റ് സന്യാസ സമൂഹാംഗമായ ഫാ. ജെറാൾഡ്, സ്പിരിറ്റൻ സമൂഹത്തിന്റെ ൻസൂക്കയിലുള്ള മേജർ സെമിനാരിയിലെ പ്രൊഫസർ കൂടിയാണ്.

എനുഗു സംസ്ഥാനത്ത് വിശുദ്ധ ബലിയർപ്പണശേഷം തിരികെയുള്ള യാത്രാമധ്യേയാണ് വൈദികനെ അക്രമികൾ തട്ടിക്കൊണ്ടുപോയത്. ഓപി എന്ന സ്ഥലത്തോടടുത്തെത്തിയപ്പോഴാണ് ഫാ. ഒഹേരിയെ അക്രമികൾ ബന്ദിയാക്കിയതെന്ന്, സ്പിരിറ്റൻ വൈദിക സമൂഹത്തിന്റെ നൈജീരിയയിലെ തെക്കു കിഴക്കൻ പ്രോവിൻസ് നേരത്തെ അറിയിച്ചിരിന്നു. നൈജീരിയയിലെ പ്രധാനപ്പെട്ട രാഷ്ട്രീയപാർട്ടികളിൽ ഒന്നായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ ഒരു പ്രധാന പ്രവർത്തകനെയും ഇതേ അക്രമിസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി നൈജീരിയൻ പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

തെക്കു കിഴക്കൻ നൈജീരിയന്‍ പ്രവിശ്യയിലെ കോൺഗ്രിഗേഷൻ ഓഫ് ഹോളി സ്പിരിറ്റ് സെക്രട്ടറി ഫാ. വിറ്റാലിസ് അനുഷൻവുയാണ് മോചന വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. ഫാ. ഒഹേരി സുരക്ഷിതനാണെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും വൈദികന്റെ മോചനത്തിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണെന്നും ഫാ. വിറ്റാലിസ് കൂട്ടിച്ചേര്‍ത്തു. ഈ ദുഷ്‌കരമായ ദിവസങ്ങളിൽ പ്രാർത്ഥനകൾക്കും പിന്തുണക്കും എല്ലാവർക്കും നന്ദി അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വൈദികന്റെ മോചനത്തിന് മോചനദ്രവ്യം കൈമാറിയോ എന്ന് വ്യക്തമല്ല.


Related Articles »