News - 2025
എല്ലാ ദിവസവും 7 മണിക്ക് ഗാസയിലെ ഏക ഇടവകയിലേക്ക് പാപ്പ വിളിക്കുന്നു; കർദ്ദിനാൾ പിസബല്ലയുടെ വെളിപ്പെടുത്തല്‍
പ്രവാചകശബ്ദം 07-12-2024 - Saturday
ജെറുസലേം: യുദ്ധത്തിന്റെ കൊടിയ ദുരിതങ്ങള്‍ക്കിടയില്‍ ഞെരുങ്ങി ജീവിക്കുന്ന ഗാസയെ ഫ്രാന്‍സിസ് പാപ്പ അനുദിനം ഓര്‍ക്കുന്നുണ്ടെന്നതിന്റെ തെളിവുമായി ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവക ദേവാലയത്തിലേക്ക് എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് മാർപാപ്പ ഫോണ്‍ ചെയ്തു അവസ്ഥ അന്വേഷിക്കാറുണ്ടെന്ന് എയിഡ് ടു ദ ചർച്ച് ഇൻ നീഡ് ഇൻ്റർനാഷണൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല വെളിപ്പെടുത്തി. ഗാസയിലെ ഹോളി ഫാമിലി ചർച്ചിലെ കുട്ടികൾ ഫ്രാൻസിസ് മാർപാപ്പയെ "മുത്തച്ഛൻ" എന്നാണ് വിളിക്കുന്നതെന്നും കർദ്ദിനാൾ പറഞ്ഞു.
ഇപ്പോൾ പാപ്പ കുട്ടികളുടെ മുത്തച്ഛനായി മാറിയിരിക്കുകയാണ്. പാപ്പയാണ് വിളിക്കുന്നതെന്ന് കുട്ടികള്‍ക്ക് ഇപ്പോൾ അറിയാം. പാപ്പയുടെ ഫോണ്‍ കോളിലൂടെ ഗാസയിലെ സമൂഹത്തിന് മാനസികവും വൈകാരികവും ആത്മീയവുമായ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഈ ക്രിസ്തുമസിന്, യുദ്ധവും മോശം സാഹചര്യങ്ങളും ആണെങ്കിലും ഗാസയിലെ ഹോളി ഫാമിലി ദേവാലയം പ്രത്യേക ഒരുക്കങ്ങളിലാണ്. ക്രിസ്തുമസ് കുട്ടികളുടെ ഉത്സവമാണ്. ഭക്ഷണം മാത്രമല്ല, കളിപ്പാട്ടങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ ഇവ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കര്‍ദ്ദിനാള്‍ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ മാസത്തില്‍ വത്തിക്കാനില്‍ മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്നവർ ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്കായി നടത്തിയ ധനസമാഹരണത്തിൽ മുപ്പത്തിരണ്ടായിരം യൂറോ ശേഖരിച്ചിരുന്നു. ഈ തുകയ്‌ക്കൊപ്പം മുപ്പതിനായിരം യൂറോ കൂടി ചേർത്ത്, അറുപത്തിരണ്ടായിരം യൂറോ (അൻപത്തിയേഴ് ലക്ഷം രൂപ) പാപ്പയുടെ ഉപവികാര്യങ്ങൾക്കായുള്ള ഓഫീസ് അയച്ചു കൊടുത്തിരിന്നു. ഗാസ പ്രദേശത്തെ നല്ലൊരു ഭാഗം ക്രൈസ്തവരും ഹോളി ഫാമിലി ദേവാലയത്തിലാണ് അഭയം തേടിയിരിക്കുന്നത്. അടുത്തിടെയുണ്ടായ ആക്രമണങ്ങൾക്ക് മുൻപ് ആയിരത്തിലധികം ക്രൈസ്തവർ ഉണ്ടായിരുന്ന പ്രദേശത്ത് നിലവിൽ എഴുനൂറിൽ താഴെ ക്രൈസ്തവര്‍ മാത്രമാണ് അവശേഷിക്കുന്നത്.