News

മാർ ജോർജ് കൂവക്കാട് ഉള്‍പ്പെടെ തിരുസഭയ്ക്കു 21 പുതിയ കര്‍ദ്ദിനാളുമാര്‍; ഭാരത കത്തോലിക്കാ സഭയ്ക്ക് ഇത് ധന്യ നിമിഷം

പ്രവാചകശബ്ദം 08-12-2024 - Sunday

വത്തിക്കാൻ സിറ്റി: ചങ്ങനാശ്ശേരി അതിരൂപതാംഗമായ മാർ ജോർജ് കൂവക്കാട് ഉള്‍പ്പെടെ 21 പേര്‍ കത്തോലിക്കാ സഭയുടെ ഹയരാർക്കിയിൽ രണ്ടാം സ്ഥാനത്തുള്ള കർദ്ദിനാള്‍ പദവിയില്‍. ഇന്നലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികനായി. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണ് ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കുവക്കാട്. സീറോ മലബാർ പാരമ്പര്യത്തിലുള്ള സ്‌ഥാന ചിഹ്നങ്ങളാണ് മാർപാപ്പ മാർ ജോർജ് കൂവക്കാടിനെ അണിയിച്ചത്. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി കറുപ്പും ചുവപ്പുമുള്ള തലപ്പാവുമാണ് അണിയിച്ചത്.

പ്രാദേശികസമയം വൈകുന്നേരം നാലോടെ ((ഇന്ത്യൻ സമയം രാത്രി 8.30) നിയുക്ത കർദ്ദിനാളുമാർ പ്രദക്ഷിണമായി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അൾത്താരയിലെത്തി. 99 വയസ്സുമുതൽ 44 വയസ്സുവരെയുള്ള 21 പേരടങ്ങിയതായിരിന്നു പുതിയ കർദ്ദിനാളുമാർ. തുടർന്ന് ചടങ്ങിനു തുടക്കമായി. വിശുദ്ധ പത്രോസിൻ്റെ സിംഹാസനത്തോടു ചേർന്ന് സഭാശുശ്രൂഷ നിർവഹിക്കാൻ ഏതാനും സഹോദരങ്ങളെ കർദ്ദിനാൾ തിരുസംഘത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നതായി മാർപാപ്പ അറിയിച്ചു.

തുടർന്ന് സുവിശേഷവായന നടന്നു. ദൈവമഹത്വത്തിനും സഭയുടെ പുകഴ്‌ചയ്ക്കുമായി ഇവരെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുന്നതായി ഓരോരുത്തരുടെയും പേരുകൾ ചൊല്ലി മാർപാപ്പ അറിയിച്ചു. പിന്നീട് കർദ്ദിനാളുമാർ വിശ്വാസപ്രമാണം ചൊല്ലി സഭയോടും അതിൻ്റെ പാരമ്പര്യത്തോടുമുള്ള വിധേയത്വം പ്രഖ്യാപിച്ചു.

ഇതിന് പിന്നാലേ ഓരോരുത്തരായി മാർപാപ്പയ്ക്ക് സമീപമെത്തി. മാർപാപ്പ അവരെ തലപ്പാവും മോതിരവും അണിയിച്ചു. മാർപാപ്പയിൽ നിന്ന് അവർ നിയമനപത്രം ഏറ്റുവാങ്ങി. ഇരുപതാമനായാണ് പൗരസ്ത്യസഭയുടെ വസ്ത്രധാരണവുമായി മാർ ജോർജ് കൂവക്കാട് എത്തിയത്. തൊപ്പിയുമാണ് മാർ ജോർജ് കുവക്കാട് സ്വീകരിച്ചത്. തിരുക്കർമങ്ങൾക്കുശേഷം നവ കർദ്ദിനാളുമാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.


Related Articles »