News

ക്രിസ്തുമസ് അടുക്കുംതോറും ഉള്ളുരുകുന്ന ഭയത്തോടെ നൈജീരിയന്‍ ക്രൈസ്തവര്‍

പ്രവാചകശബ്ദം 14-12-2024 - Saturday

അബൂജ: ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനന തിരുനാളിനായി ലോകമെങ്ങും തയാറെടുക്കുമ്പോഴും നൈജീരിയയിലെ പ്രത്യേകിച്ച് വടക്കന്‍ മേഖലയിലെ ക്രൈസ്തവര്‍ കഴിയുന്നത് കൊടിയ ഭീതിയില്‍. ക്രിസ്തുമസ്സ് കാലത്ത് നൈജീരിയന്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള കടുത്ത ആക്രമണങ്ങള്‍ പതിവാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ലോകത്തെ ക്രൈസ്തവ രക്തസാക്ഷികളില്‍ ഭൂരിഭാഗവും നൈജീരിയയിലാണെന്നത് രാജ്യത്തു ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ വ്യാപ്തി തുറന്നുക്കാട്ടുന്നു. 2009-2023 കാലയളവില്‍ അരലക്ഷത്തിലധികം ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇതേകാലയളവില്‍തന്നെ ദശലക്ഷകണക്കിന് ക്രൈസ്തവര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.

ക്രിസ്തുമസ്, ഈസ്റ്റര്‍ കാലയളവില്‍ ക്രൈസ്തവ ദേവാലയങ്ങളെയും ക്രൈസ്തവ ഭവനങ്ങളെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. ക്രിസ്തുമസിനോടനുബന്ധിച്ച് ആക്രമണങ്ങള്‍ മുന്‍കൂട്ടികണ്ട് ചില ദേവാലയങ്ങളില്‍ പോലീസിനേയോ, സുരക്ഷാ ജീവനക്കാരേയോ ഏര്‍പ്പെടുത്തിക്കഴിഞ്ഞുവെന്ന് യു‌കെ‌യില്‍ പഠിക്കുന്ന സാമുവല്‍ എന്ന നൈജീരിയന്‍ വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് വെളിപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതുകൊണ്ട് പല ദേവാലയങ്ങളും സ്വന്തം നിലക്ക് സെക്യൂരിറ്റിക്കാരെ നിയമിക്കുകയാണെന്നും, ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരായതിനാല്‍ അവര്‍ ആക്രമികളെ സഹായിക്കുന്നുണ്ടെന്നും സാമുവല്‍ കൂട്ടിച്ചേര്‍ത്തു.

സാമുവലിന്റെ ജന്മദേശമായ കടൂണയില്‍ കഴിഞ്ഞ ക്രിസ്തുമസിനും, 2022-ലെ ഈസ്റ്റര്‍ ദിനത്തിലും നടന്ന ആക്രമണങ്ങളില്‍ നിരവധി ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ക്രിസ്തുമസിനാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത്. ക്രൈസ്തവര്‍ നൈജീരിയന്‍ ജനസംഖ്യയുടെ പകുതിയോളം വരുമെങ്കിലും, മുസ്ലീം ഭൂരിപക്ഷ വടക്കന്‍ മേഖലയില്‍ നിരന്തരം വേട്ടയാടപ്പെടുകയാണ്. ബൊക്കോഹറാം, ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍, ജിഹാദി സംഘടനകള്‍ എന്നിവയാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍.

നൈജീരിയന്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ക്രൈസ്തവ വിരുദ്ധതകൊണ്ടല്ലെന്ന് വരുത്തിത്തീര്‍ക്കുവാന്‍ നൈജീരിയക്ക് അകത്തും പുറത്തും പലരും ശ്രമിക്കുന്നുണ്ടെങ്കിലും ക്രിസ്തുമസ്സ് കാലത്ത് ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത് ഇതിന്റെ പിന്നിലെ ക്രൈസ്തവ വിരുദ്ധത വെളിവാക്കുകയാണ്. അതേസമയം ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും മതവിദ്വേഷത്തിന് പകരം വംശീയ സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കര്‍ഷകരും-കാലിമേക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം എന്നിങ്ങനെ വരുത്തിത്തീര്‍ക്കുവാനാണ് ശ്രമിക്കുന്നത്.

നൈജീരിയന്‍ ക്രിസ്ത്യാനികളെ രാജ്യത്തിന്റെ വടക്കു ഭാഗത്തും നിന്നും തുരത്തി ആ മേഖലയെ ഒരു ഖിലാഫത്ത് ആക്കി മാറ്റുകയാണ് ഈ ആക്രമണങ്ങളുടെ പിന്നിലെ പ്രധാന ലക്ഷ്യം. ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം സംബന്ധിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2024-ലെ പട്ടികയില്‍ പ്രത്യേകം ആശങ്കപ്പെടേണ്ട രാജ്യങ്ങളുടെ വിഭാഗത്തിലാണ് നൈജീരിയയുടെ സ്ഥാനം.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »