News - 2024

വത്തിക്കാനില്‍ വിശുദ്ധ വാതില്‍ തുറന്നു; 2025 ജൂബിലി വര്‍ഷത്തിന് ആരംഭം

പ്രവാചകശബ്ദം 26-12-2024 - Thursday

വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ ക്രിസ്തുമസ് രാവിൽ വിശുദ്ധ കുർബാനയ്ക്ക് മുമ്പ് ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്നതോടെ 2025 ജൂബിലി വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 2016 ലെ കരുണയുടെ അസാധാരണ ജൂബിലി വര്‍ഷാചരണത്തിന് ശേഷം സീല്‍ ചെയ്തിരിന്ന ദേവാലയ വാതിലാണ് വീണ്ടും തുറന്നിരിക്കുന്നത്. 2024 മെയ് 9-ന് ഫ്രാൻസിസ് പാപ്പാ നൽകിയ “സ്‌പേസ് നോൺ കൊൺഫൂന്തിത്” (Spes non confundit), “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന പേപ്പൽ ബൂള വഴി ഔപചാരികമായി 2025 ജൂബിലി വര്‍ഷം പ്രഖ്യാപിക്കുകയായിരിന്നു. 2024 ഡിസംബർ ഇരുപത്തിനാലാം തീയതി മുതൽ 2026 ജനുവരി 6 വരെയുള്ള സമയത്താണ് ജൂബിലി സഭ ആചരിക്കുക.

ദൈവീകമായ പ്രത്യാശയിൽ ആഴപ്പെട്ട് നിത്യതയെ ലക്ഷ്യമാക്കിയുള്ള നമ്മുടെ തീർത്ഥാടനം തുടരാൻ പ്രചോദനവും ശക്തിയുമേകുന്ന ഒരു സന്ദേശമാണ് ജൂബിലിവർഷത്തിലൂടെ പാപ്പയും സഭയും നമുക്ക് മുന്നിൽ വയ്ക്കുന്നത്. രക്ഷയിലേക്കുള്ള ഏക മാർഗ്ഗമായ ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്ന വിശുദ്ധ വാതിലും, ഈ വർഷത്തിലേക്കായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ആപ്തവാക്യവും ലോഗോയും, 2025-ൽ നമുക്ക് മുന്നിൽ അളവുകളില്ലാതെ വർഷിക്കപ്പെടുന്ന കരുണയും ദൈവവുമായുള്ള അനുരഞ്ജന സാധ്യതകളുമാണ്. ഏപ്രിൽ 27-ന് നടക്കുന്ന കൗമാരക്കാരുടെ ജൂബിലി വേളയിൽ വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിൻ്റെയും ആഗസ്റ്റ് 3-ന് യുവജനങ്ങളുടെ ജൂബിലി ആഘോഷത്തില്‍ വാഴ്ത്തപ്പെട്ട പിയർ ഫ്രസാറ്റിയുടെയും വിശുദ്ധപദവി പ്രഖ്യാപനങ്ങള്‍ നടക്കും.

മെയ് 30 - ജൂൺ 1 വാരാന്ത്യത്തിൽ കുട്ടികൾ, മുത്തശ്ശി മുത്തശ്ശന്മാർ, പ്രായമായവരെ അനുസ്മരിച്ചും വിവിധ പരിപാടികള്‍ നടക്കും. 2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഇരുപത്തിയഞ്ച് വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാരത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »