News
തടസ്സങ്ങളെ അതിജീവിച്ച് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഗാസയിലെ ക്രൈസ്തവരെ സന്ദര്‍ശിച്ചു
പ്രവാചകശബ്ദം 27-12-2024 - Friday
ജെറുസലേം: യുദ്ധത്തിന്റെ ദുരിതത്തില്‍ ജീവിതം വഴിമുട്ടിയ ക്രൈസ്തവര്‍ക്ക് ക്രിസ്തുമസ് കാലത്ത് ആശ്വാസം പകര്‍ന്നുകൊണ്ട് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല ഗാസ സന്ദര്‍ശിച്ചു. ഹോളിഫാമിലി ദേവാലയത്തില്‍വെച്ച് മുന്‍കൂറായി ക്രിസ്തുമസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച പാത്രിയാര്‍ക്കീസ് വിശുദ്ധ കുര്‍ബാനക്ക് ശേഷം ക്രിസ്തുമസ്സ് ട്രീയും പുല്‍ക്കൂടും ആശീര്‍വദിച്ചു. വിശുദ്ധ കുര്‍ബാനക്കിടെ മൂന്ന് കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, മൂന്ന് കുട്ടികള്‍ വിശ്വാസ സ്ഥിരീകരണവും നടത്തി. വിശുദ്ധ കുര്‍ബാനക്ക് ശേഷം കുടുംബ സന്ദര്‍ശനം നടത്തിയ പാത്രിയാര്‍ക്കീസ്, രോഗികളേയും വികലാംഗരേയും സന്ദര്‍ശിക്കുകയും, വിശുദ്ധ പോര്‍ഫിരിയൂസ് ദേവാലയത്തില്‍ മെഴുകുതിരി കത്തിച്ചു പ്രാദേശിക ക്രിസ്ത്യന്‍ സമൂഹവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
ഇടവക വികാരി ഫാ. ഗബ്രിയേല്‍ റോമാനെല്ലി പാത്രിയാര്‍ക്കീസിന്റെ സന്ദര്‍ശനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. മെഷീന്‍ഗണ്ണുമായി നടക്കുന്ന കുട്ടികളെക്കുറിച്ചും, ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൂരതകളെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ട് പാത്രിയാര്‍ക്കീസിന് ഗാസയില്‍ പ്രവേശിക്കുവാന്‍ കഴിയുന്നില്ലെന്ന് ഫ്രാന്‍സിസ് പാപ്പ അടുത്തിടെ സൂചിപ്പിച്ചിരുന്നു. നിയന്ത്രണങ്ങളും സുരക്ഷയും കാരണം ഗാസയില്‍ പ്രവേശിക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും, ചിലരുടെ സഹായത്തോടെ ഈ പ്രതിസന്ധികള്‍ മറികടന്ന് അവസാനം താന്‍ ഗാസയില്‍ പ്രവേശിച്ചുവെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
ഗാസയിലെ ഇടവകജനങ്ങളുമായി നിത്യവും നടത്തുന്ന ഫോണ്‍ കോളിനിടെ ഇക്കഴിഞ്ഞ ആഴ്ച പാത്രിയാര്‍ക്കീസ് ഫ്രാന്‍സിസ് പാപ്പയുമായി സംസാരിച്ചിരുന്നു. യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാംതവണയാണ് പാത്രിയാര്‍ക്കീസ് ഗാസ സന്ദര്‍ശിക്കുന്നത്. ഗാസയില്‍ ചവറുകൂമ്പാരങ്ങളും, ശുചിത്വമില്ലായ്മയും മാത്രമേ കാണാനുള്ളുവെന്ന് പറഞ്ഞ പാത്രിയാര്‍ക്കീസ് സ്ഫോടനങ്ങളുടെ ശബ്ദവും, ഡ്രോണുകളുടെ ഇരമ്പലും മാത്രമാണ് കേള്‍ക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. യുദ്ധം തുടങ്ങിയ ശേഷം ഏതാണ്ട് നാനൂറോളം പേര്‍ ക്രൈസ്തവര്‍ ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളിഫാമിലി ദേവാലയത്തില്‍ അഭയം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟