News
റോമിലെ അവസാന വിശുദ്ധ വാതിലും തുറന്നു
പ്രവാചകശബ്ദം 06-01-2025 - Monday
റോം: വിശുദ്ധ പൗലോസ് ശ്ലീഹായുടെ ബസിലിക്കയിലും വിശുദ്ധ വാതിൽ തുറന്നു നല്‍കിയതോടെ റോമില്‍ പ്രഖ്യാപിച്ച 5 വിശുദ്ധ വാതിലുകളും തുറക്കുന്ന ചടങ്ങ് പൂര്‍ത്തിയായി. ക്രിസ്തുവിന്റെ ജനനത്തിന്റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വർഷങ്ങൾ ആഘോഷിക്കുന്ന ജൂബിലി വേളയിൽ, റോമിലെ നാലു ബസിലിക്കകളിൽ ഒന്നായ വിശുദ്ധ പൗലോസിന്റെ ദേവാലയത്തിലാണ് അവസാനമായി ജൂബിലി വാതില്‍ തുറന്നത്. ഇതോടെ പ്രധാന നാലു ബസിലിക്കകളിലും വിശുദ്ധ വാതിലിലൂടെയുള്ള ജൂബിലി തീർത്ഥാടനത്തിനു ആരംഭമായി. ഇന്നലെ ജനുവരി അഞ്ചാം തീയതി നടന്ന തിരുക്കർമ്മങ്ങൾക്ക് ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റായ കർദ്ദിനാൾ ജെയിംസ് മൈക്കൽ ഹാർവി മുഖ്യകാർമ്മികത്വം വഹിച്ചു. ആയിരക്കണക്കിന് വിശ്വാസികള്‍ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.
യേശുക്രിസ്തുവിന്റെ പ്രിയ ശിഷ്യന്‍ വിശുദ്ധ പൗലോസ് അപ്പോസ്തലൻ രക്തസാക്ഷിത്വം വരിച്ച സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയാണ് ഈ ബസിലിക്ക സ്ഥിതി ചെയ്യുന്നത്. വിശ്വാസ ജീവിതത്തിൽ പാദമുറപ്പിച്ചുകൊണ്ടു ആത്മീയ തീർത്ഥാടനം നടത്തുവാൻ ഈ ജൂബിലി അവസരമൊരുക്കട്ടെയെന്നു കർദ്ദിനാൾ ആശംസിച്ചു. ജനനം നമുക്ക് രക്ഷ നൽകുന്നതും, നമ്മിൽ പ്രത്യാശ ജനിപ്പിക്കുന്നതുമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു. വിശുദ്ധ വാതിൽ തുറക്കുന്നത്, ക്രിസ്തുവിലൂടെ തുറക്കപ്പെട്ട രക്ഷാമാർഗത്തിന്റെ അടയാളമാണെന്നും, ഇത് അനുരഞ്ജനത്തിലേക്ക് നമ്മെ ആഹ്വാനം ചെയ്യുന്നതാണെന്നും അദ്ദേഹം സന്ദേശത്തിൽ അടിവരയിട്ടു.
സ്‌പേസ് നോൺ കൊൺഫൂന്തിത്" എന്ന ഔദ്യോഗികരേഖ വഴി ഫ്രാൻസിസ് പാപ്പ നൽകിയ നിർദ്ദേശമനുസരിച്ച്, വിശുദ്ധ പത്രോസിന്റെ ബസിലിക്ക, റോമിൽത്തന്നെയുള്ള വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്ക, മേരി മേജർ ബസിലിക്ക എന്നിവങ്ങളിലും സഭയുടെ ചരിത്രത്തിലാദ്യമായി റെബിബിയ ജയിലിലും വിശുദ്ധ വാതില്‍ തുറന്നിരിന്നു. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് പാപ്പ തുറന്നാണ് ജൂബിലി വര്‍ഷത്തിന് ആരംഭം കുറിച്ചത്. റെബിബിയ ജയിലിലും ഫ്രാന്‍സിസ് പാപ്പ വിശുദ്ധ വാതില്‍ തുറന്നപ്പോള്‍ മറ്റിടങ്ങളില്‍ നിയോഗിക്കപ്പെട്ട കര്‍ദ്ദിനാളുമാരായിരിന്നു ജൂബിലി വാതില്‍ തുറന്നത്.
ജൂബിലി വാതില്‍
ജൂബിലി വർഷത്തിൽ ഏറെ ശ്രദ്ധേയവും ആകർഷണീയവുമായ ഒരു ചടങ്ങ് റോമിലെ മേജർ ബസലിക്കകളിൽ പ്രത്യേകമായ വിശുദ്ധ വാതിലുകൾ തുറക്കപ്പെടുന്നതാണ്. ഇത്തരം വിശുദ്ധ വാതിൽ തുറക്കുക എന്ന ചടങ്ങ് ജൂബിലിവർഷവുമായി ബന്ധിക്കപ്പെട്ടത് നിക്കോളാസ് അഞ്ചാമൻ പാപ്പായുടെ (1447-1445) കാലത്താണെന്ന് കരുതപ്പെടുന്നു. ഇടുങ്ങിയ വാതിലിലൂടെ രക്ഷയിലേക്ക് പ്രവേശിക്കുകയെന്ന ഒരു സുവിശേഷചിന്തയാണ് വിശുദ്ധവാതിൽ എന്ന യാഥാർത്ഥ്യത്തിന് പിന്നിൽ നമുക്ക് കാണാനാകുക.
"ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷ പ്രാപിക്കും. അവൻ അകത്തുവരികയും പുറത്തുപോവുകയും മേച്ചിൽസ്ഥലം കണ്ടെത്തുകയും ചെയ്യും" എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം ഒൻപതാം വാക്യത്തെ കേന്ദ്രീകരിച്ചുള്ള ചിന്തയാണ് വിശുദ്ധ വാതിൽ കടന്നെത്തുന്ന വിശ്വാസിയുടെ ഹൃദയത്തിൽ തെളിയേണ്ടത്. വിശുദ്ധ വാതിലിലൂടെ പ്രവേശിച്ച് സഭയുടെ പൊതുമാനദണ്ഡങ്ങള്‍ കൂടി പാലിച്ചാല്‍ ദണ്ഡവിമോചനം സ്വീകരിക്കുവാന്‍ സാധിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ രൂപതകളിലെ തെരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളിലും വിശുദ്ധ വാതില്‍ തുറന്നിട്ടുണ്ട്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟