News
രണ്ടാഴ്ചയ്ക്കിടെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിച്ചത് അഞ്ച് ലക്ഷം തീര്‍ത്ഥാടകര്‍
പ്രവാചകശബ്ദം 08-01-2025 - Wednesday
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ക്രിസ്തുമസ് തലേന്ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്ന് ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ച് രണ്ടാഴ്ച തികയുന്നതിന് മുന്‍പേ സന്ദര്‍ശനം നടത്തിയത് അഞ്ചുലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് കർദ്ദിനാൾ റിനോ ഫിസിഷെല്ലയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ജൂബിലി വാതിലിലൂടെ പ്രവേശിച്ച് ദണ്ഡവിമോചനം പ്രാപിക്കുവാന്‍ 2026 ജനുവരി 6 വരെ സമയമുണ്ടായിരിക്കെ വന്‍തോതില്‍ തീര്‍ത്ഥാടകര്‍ വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
You may like: ARTICLE ജൂബിലി തീര്‍ത്ഥാടനവും വാതിലും | അറിയേണ്ടത്
545,532 പേര്‍ ഇതിനകം തീർത്ഥാടനം നടത്തിയിട്ടുണ്ടെന്ന് ജനുവരി 7ന് ഡിക്കാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ പുറത്തിറക്കിയ മാധ്യമ പ്രസ്താവനയിൽ കർദ്ദിനാൾ വെളിപ്പെടുത്തി. തീർത്ഥാടകർക്ക് സ്വാഗതവും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്ന അനുഭവവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡിക്കാസ്റ്ററി അശ്രാന്തമായി പ്രവർത്തിക്കുന്നുണ്ട്. ജൂബിലി വർഷം മുഴുവൻ റോമിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്ന 30 ദശലക്ഷം തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യാൻ വത്തിക്കാനും ഇറ്റാലിയൻ അധികാരികളും സംയുക്തമായി പരിശ്രമിക്കുകയാണെന്നും കര്‍ദ്ദിനാള്‍ അറിയിച്ചു.
വിശുദ്ധ വർഷത്തിൻ്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വത്തിക്കാനിലെത്തി ജൂബിലി ആഘോഷത്തില്‍ പങ്കുചേരാനും പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാനും ലോകമെമ്പാടും വിവിധ തീര്‍ത്ഥാടന പദ്ധതികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ വാതിലിനു പുറമേ, സെൻ്റ് ജോൺ ലാറ്ററന്‍ ആർച്ച് ബസിലിക്ക, സെൻ്റ് മേരി മേജര്‍ ബസിലിക്ക, സെൻ്റ് പോൾ ബസിലിക്ക, റോമിലെ റെബിബിയ ജയിൽ എന്നിവിടങ്ങളിലായാണ് വിശുദ്ധ വാതില്‍ തുറന്നിരിക്കുന്നത്. ജനുവരി 24-26 വരെ നടക്കുന്ന ലോക ആശയവിനിമയ ജൂബിലിയാണ് 2025 വിശുദ്ധ വർഷത്തിലെ റോമിലെ ആദ്യത്തെ പ്രധാന പരിപാടി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് മാധ്യമപ്രവർത്തകര്‍ ചടങ്ങിനായി റോമിലെത്തും.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟