News - 2025
ലോസ് ആഞ്ചലസില്‍ അഗ്നിബാധയുടെ ഇരകൾക്ക് പ്രാർത്ഥനകളുമായി ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 13-01-2025 - Monday
കാലിഫോര്‍ണിയ: ലോസ് ആഞ്ചലസില്‍ കഴിഞ്ഞ ദിവസങ്ങളിൽ വന്‍ നാശം വിതച്ച അഗ്നിബാധയുടെ ഇരകൾക്ക് പ്രാര്‍ത്ഥന അറിയിച്ച് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം. ജനുവരി പതിനൊന്നാം തീയതി ശനിയാഴ്‌ചയാണ് തന്റെ ആത്മീയസാന്നിദ്ധ്യവും പ്രാർത്ഥനകളും ഉറപ്പുനൽകി മാര്‍പാപ്പയ്ക്കു വേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ടെലഗ്രാം സന്ദേശമയച്ചത്. ദാരുണസംഭവത്തിൽ സഹായസഹകരണങ്ങൾ എത്തിക്കുന്നവർക്കും സന്നദ്ധസേവകർക്കും പാപ്പ ആശീർവാദം നല്‍കി. ലോസ് ആഞ്ചലസ് ആർച്ച് ബിഷപ്പ് ഹൊസെ ഗോമെസിനാണ് സന്ദേശം അയച്ചത്.
ദുരിതത്തിൽപ്പെട്ട സമൂഹങ്ങൾക്കും ആളുകൾക്കും തന്റെ ആത്മീയസാന്നിധ്യം ഉറപ്പുനൽകിയതിനൊപ്പം, സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിന്റെ കരുണയ്ക്ക് സമർപ്പിക്കുന്നുവെന്നും പാപ്പാ എഴുതി. നിരവധി ജീവനുകൾ പൊലിഞ്ഞ ഈ ദാരുണസംഭവത്തിൽ ആശ്വാസവും സഹായവുമെത്തിക്കുന്ന ഏവർക്കും, പ്രത്യേകിച്ച് സന്നദ്ധസേവനപ്രവർത്തകർക്ക് പരിശുദ്ധ പിതാവ് തന്റെ ആശീർവാദവും നല്‍കി.
ലോസ് ആഞ്ചലസില്‍ ആളിപ്പടരുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 16 ആയി. കനത്ത കാറ്റ് വീണ്ടും എത്തുംമുൻപ് തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് അഗ്നിരക്ഷാസന. പാലിസെയ്‌ഡ്സിൽ 5 പേരും ഈറ്റണിൽ 11 പേരുമാണ് മരിച്ചത്. യഥാർത്ഥ മരണസംഖ്യ ഇതിലും പതിമടങ്ങ് വരുമെന്നാണ് വിവരം. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനായി, പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചു തിരച്ചിൽ തുടരുന്നുണ്ട്. നഗരത്തിലെ പ്രധാന സ്‌മാരകങ്ങളടക്കം ഭീഷണിയിലാണ്. സ്കൂളുകളും വ്യവസായകേന്ദ്രങ്ങളുമടക്കം ചാമ്പലായി. ലോസ് ആഞ്ചലസില്‍ മുപ്പത്തയ്യായിരത്തോളം വീടുകളിലും വ്യാപാരസ്‌ഥാപനങ്ങളിലും ഇനിയും വൈദ്യുതി എത്തിക്കാനായിട്ടില്ല.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟