News
ഫ്രാൻസിസ് പാപ്പ 21 കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നൽകി
പ്രവാചകശബ്ദം 14-01-2025 - Tuesday
വത്തിക്കാന്‍ സിറ്റി: യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ ആഘോഷിച്ച ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി ഞായറാഴ്ച്ച, ഫ്രാൻസിസ് പാപ്പ 21 കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നൽകി. വത്തിക്കാനിലെ സിസ്റ്റൈൻ കപ്പേളയിൽ വച്ചാണ് കൂദാശ പരികർമ്മം ചെയ്യപ്പെട്ടത്. കൂദാശയ്ക്ക് ആമുഖമായി, പ്രാർത്ഥനയോടെ ജ്ഞാനസ്നാന കൂദാശയിൽ കുരുന്നുകളോടൊപ്പം പങ്കെടുക്കണമെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.
അതോടൊപ്പം കുട്ടികൾക്ക് യാതൊരു തരത്തിലുമുള്ള അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നും, അവർക്കു വിശക്കുന്ന പക്ഷം മുലയൂട്ടുവാൻ മടികാണിക്കരുതെന്നും പാപ്പാ, പിതൃസഹജമായ വാത്സല്യത്തോടെ പറഞ്ഞു. വിശ്വാസത്തിന്റെ ദാനമായ മാമോദീസ എന്ന കൂദാശ, സഭയും മാതാപിതാക്കളും കുഞ്ഞുങ്ങൾക്ക് നൽകുന്ന മഹത്തായ സമ്മാനമാണെന്നു പാപ്പാ പറഞ്ഞു. കൂദാശ സ്വീകരിക്കുന്ന കുരുന്നുകൾ, ദൈവവിശ്വാസത്തിലും, യഥാർത്ഥമാനവികതയിലും, കുടുംബത്തിലെ സന്തോഷത്തിലും വളർന്നുവരുവാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു.
1981 ജനുവരി 11-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് വിശുദ്ധ സിംഹാസനത്തിലെയും റോമൻ കൂരിയയിലെയും ജീവനക്കാരുടെ മക്കള്‍ക്ക് ജ്ഞാനസ്നാനം നല്‍കുന്ന പാരമ്പര്യം ആരംഭിച്ചത്. തുടക്കത്തിൽ, അപ്പസ്തോലിക് കൊട്ടാരത്തിലെ പോളിൻ ചാപ്പലിലും പിന്നീട് 1983 മുതൽ സിസ്റ്റൈൻ ചാപ്പലിലും ചടങ്ങുകൾ നടന്നുവരികയാണ്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
