News - 2025
നിക്കരാഗ്വേയില്‍ ഡൊമിനിക്കൻ സന്യാസിനികളുടെ കീഴിലുള്ള സംഘടന ഉള്‍പ്പെടെ 15 കൂട്ടായ്മകള്‍ക്ക് വിലക്ക്
പ്രവാചകശബ്ദം 15-01-2025 - Wednesday
മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സന്യാസിനികളുടെ കീഴിലുള്ള 'ഡൊമിനിക്കൻ നൺസ് ഫൗണ്ടേഷൻ' ഉള്‍പ്പെടെ 15 സന്നദ്ധ സംഘടനകളുടെ നിയമപരമായ അംഗീകാരം റദ്ദാക്കി. പ്രസിഡന്‍റ് ഡാനിയൽ ഒർട്ടേഗയും ഭാര്യയും വൈസ് പ്രസിഡന്‍റുമായ റൊസാരിയോ മുറില്ലോയുടെ ഭരണത്തെയും തുടര്‍ന്ന് 2018 മുതൽ അടച്ചുപൂട്ടിയ അയ്യായിരത്തിലധികം സർക്കാരിതര സംഘടനകളില്‍ ഏറ്റവും ഒടുവിലത്തെ ഇരയാണ് 'ഡൊമിനിക്കൻ നൺസ് ഫൗണ്ടേഷൻ'. ജനുവരി 8-ന് ഔദ്യോഗിക സർക്കാർ പത്രമായ 'ലാ ഗസെറ്റ'യിലാണ് ഇത് സംബന്ധിച്ച തീരുമാനം ഭരണകൂടം പ്രഖ്യാപിച്ചത്.
ക്രൈസ്തവ സന്നദ്ധ സംഘടനകളായി പ്രവര്‍ത്തിച്ച് വരികയായിരിന്ന എബനേസർ ക്രിസ്ത്യൻ മിഷ്ണറി ഫൗണ്ടേഷൻ, മതഗൽപയിലെ ഫണ്ടമെന്‍റല്‍ ബാപ്റ്റിസ്റ്റ് ചർച്ച് അസോസിയേഷൻ, നിക്കരാഗ്വേ ഫൗണ്ടേഷൻ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 'ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യൻ കൺസേൺ' എന്ന ഇവാഞ്ചലിക്കൽ ഓർഗനൈസേഷൻ പുറത്തുവിട്ട 2025ലെ ആഗോള റിപ്പോർട്ടിൽ, നൂറുകണക്കിന് ക്രൈസ്തവ ദേവാലയങ്ങളെയും സന്നദ്ധ സംഘടനകളെയും അടിച്ചമര്‍ത്താന്‍ സ്വേച്ഛാധിപത്യ ഭരണകൂടം ആഭ്യന്തര മന്ത്രാലയത്തെ ഉപയോഗിച്ചുവെന്നു വെളിപ്പെടുത്തലുണ്ടായിരിന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟