News - 2025

ലെബനോന്റെ പുതിയ പ്രസിഡന്‍റിന് ആശംസകളുമായി വത്തിക്കാന്‍

പ്രവാചകശബ്ദം 15-01-2025 - Wednesday

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സമൂഹത്തിനായി നീക്കിവച്ചിരിക്കുന്ന ലെബനോനിലെ പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോസഫ് ഔണിന് ആശംസകളുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. ജനുവരി 9ന് സ്ഥാനമേറ്റ പ്രസിഡൻറ് ജോസഫ് ഔണിനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങളർപ്പിച്ചാണ് കർദ്ദിനാൾ പരോളിൻ സന്തോഷം പങ്കുവെച്ചത്. ആശംസകളും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്ത പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി, തൻറെ പ്രാർത്ഥന ഉറപ്പു നല്‍കി.

ഹിസ്ബുള്ള - ഇസ്രായേല്‍ സംഘര്‍ഷത്തില്‍ കൊടിയ ഭീതിയില്‍ കഴിയുന്ന തെക്കന്‍ ലെബനോനിലെ ക്രൈസ്തവര്‍ക്ക് അവസാനം ലഭിച്ച സ്വഭാവിക നീതിയായാണ് ജോസഫ് ഔണിന്റെ പ്രസിഡന്‍ഷ്യല്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുക്കപ്പെടലിനെ പൊതുവേ വിലയിരുത്തുന്നത്. 61 വയസ്സു പ്രായമുള്ള ജോസഫ് ഔൺ ലെബനോന്റെ 14-ാമത്തെ പ്രസിഡൻറാണ്. 2017 മുതൽ അദ്ദേഹം സായുധ സേനയുടെ ജനറലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ലെബനോൻ പ്രസിഡൻ്റുമാരുടെ വിശ്വാസം സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നതിനുള്ള ഒരു പ്രധാന വ്യവസ്ഥയാണ്. പൊതുവേ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളവരാണ് പ്രസിഡന്‍റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ലെബനോനില്‍ പ്രസിഡന്റ് സ്ഥാനം മാരോണൈറ്റ് ക്രൈസ്തവ വിശ്വാസിക്കും പ്രധാനമന്ത്രി സ്ഥാനം സുന്നി മുസ്ലീമിനും പാര്‍ലമെന്റിലെ സ്പീക്കര്‍ സ്ഥാനം ഷിയ മുസ്ലീമിനുമായാണ് നീക്കിവച്ചിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 30% ആണ് ക്രൈസ്തവര്‍.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »