News

വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കീസ്

പ്രവാചകശബ്ദം 18-01-2025 - Saturday

ഗാസ/ ജെറുസലേം: ഇസ്രായേലും ഹമാസും ഉണ്ടാക്കിയ വെടിനിർത്തൽ കരാർ തികച്ചും അത്യാവശ്യമായ കാര്യമായിരിന്നുവെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. കരാറിന് ശേഷം ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയിൽ അടിയന്തിര ശ്രദ്ധ നൽകണമെന്നു അദ്ദേഹം വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു. യുദ്ധം തങ്ങളെ ക്ഷീണിപ്പിക്കുകയും എല്ലാവരുടെയും ജീവിതത്തെ മുറിവേൽപ്പിക്കുകയും സാഹചര്യം വളരെ ദുർബലമായി മാറ്റിയിട്ടുണ്ടെങ്കിലും വിശുദ്ധ നാട്ടിലെ പുതിയ സാഹചര്യത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് കർദ്ദിനാൾ പറഞ്ഞു.

ഇത് ആദ്യപടി മാത്രമാണ്. ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കുന്നത് ഉൾപ്പെടുന്ന സമാധാന പ്രക്രിയ ദൈർഘ്യമേറിയതാണ്. സമാധാനം കൈവരിക്കാൻ കൂടുതൽ സമയമെടുക്കും, കാരണം യുദ്ധത്തിൻ്റെ അവസാനം സംഘർഷത്തിൻ്റെ അവസാനമല്ല. വെടിനിർത്തൽ നിലനിൽക്കുമെന്ന് ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്. മാസങ്ങൾക്ക് മുമ്പ് വെടിനിർത്തൽ നിബന്ധനകളിൽ മുന്നോട്ട് വച്ചിരുന്നുവെങ്കിലും പ്രാവര്‍ത്തികമായില്ല.

ഗാസയിലെ ഗുരുതരമായ മാനുഷിക സാഹചര്യം കൈകാര്യം ചെയ്യാൻ തുടങ്ങണം. നിരവധി അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ, മാനുഷിക പ്രശ്നം പരിഹരിക്കാൻ ആരംഭിക്കുന്നതിന് ആവശ്യമായ ഏകോപനം സൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് വളരെ സമയമെടുക്കും. ഗാസയിലെ ഹോളി ഫാമിലി ഇടവകയും ഈ ദൗത്യത്തിൽ ഏർപ്പെടുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ സമ്പൂർണ മന്ത്രിസഭാ യോഗം ഇന്ന് പുലര്‍ച്ചെയാണ് അംഗീകരിച്ചത്. വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ഇന്ന് പുലർച്ചെ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ്റെ ഓഫിസ് മാധ്യമങ്ങളെ അറിയിക്കുകയായിരിന്നു. ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഞായറാഴ്‌ച പ്രാബല്യത്തിൽ വരുമെന്നു നെതന്യാഹുവിൻ്റെ ഓഫിസ് പ്രസ്‌താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »