News - 2025

ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന് ആരംഭം

പ്രവാചകശബ്ദം 18-01-2025 - Saturday

വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയും എക്യൂമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസും ചേര്‍ന്നുള്ള ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന് ആരംഭം. ഇന്ന് ജനുവരി 18നു ആരംഭിച്ച പ്രാര്‍ത്ഥനാവാരം വിശുദ്ധ പൗലോസിന്റെ മാനസാന്തര തിരുനാളായ ജനുവരി 25നു സമാപിക്കും. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, പതിനൊന്നാം അധ്യായം, ഇരുപത്തിയാറാം തിരുവചനം, “നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ?" എന്നുള്ളതാണ് ഈ വർഷത്തെ പ്രധാനപ്രമേയം. ഇറ്റലിയിലെ ബോസ് ആശ്രമത്തിലെ അന്തേവാസികളും, ആഗോള ക്രൈസ്തവസമൂഹത്തിന്റെ സഭായോഗവും ചേർന്നു ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിലെ പ്രാര്‍ത്ഥന ഉള്‍പ്പെടെയുള്ള പുസ്തകം തയ്യാറാക്കിയിട്ടുണ്ട്.

ക്രിസ്തുവർഷം 325ൽ കോൺസ്റ്റാൻ്റിനോപ്പിളിനടുത്തുള്ള നിഖ്യായിൽ നടന്ന ക്രിസ്ത്യാനികളുടെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലിൻ്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച്, 2025 ജൂബിലി വര്‍ഷത്തിലെ ക്രിസ്ത്യൻ ഐക്യവാരത്തിനുള്ള പ്രാർത്ഥനകളും വിചിന്തനങ്ങളും തയാറാക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, പോർച്ചുഗീസ്, അറബ് എന്നീ ഭാഷകളില്‍ പ്രാര്‍ത്ഥന പുറത്തിറക്കിയിട്ടുണ്ട്. ആദ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ ആയിരത്തിഎഴുനൂറാമത് വാർഷികം ആഘോഷിക്കുമ്പോൾ, ഇത്തവണത്തെ സഭൈക്യവാരത്തിനു പ്രത്യേക പ്രാധാന്യമാണുള്ളതെന്ന് വത്തിക്കാന്‍ നേരത്തെ പ്രസ്താവിച്ചിരിന്നു.

കത്തോലിക്ക വിശ്വാസം സ്വീകരിച്ച അമേരിക്കൻ എപ്പിസ്ക്കോപ്പൽ സമൂഹാംഗമായിരുന്ന ഫാ. പോൾ വാറ്റ്സൺ 1908-ൽ ആണ് ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിന് തുടക്കം കുറിച്ചത്. ആദ്യം ഇത് കത്തോലിക്ക സഭയ്ക്കകത്ത് മാത്രം ഒതുങ്ങിയതായിരുന്നെങ്കിലും 1948-ൽ സഭകളുടെ ലോക സമിതി (വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് - World Council of Churches – WCC) സ്ഥാപിതമായതിനു ശേഷം പല ക്രൈസ്തവ സഭകളും ഈ ആചരണത്തിൽ പങ്കുചേരാൻ തുടങ്ങുകയും എക്യുമെനിക്കൽ സ്വഭാവം കൈവരുകയുമായിരിന്നു.

അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റ്, ഓറിയന്റൽ ഓർത്തഡോക്സ് ചർച്ചുകൾ, ഈസ്റ്റേൺ ഓർത്തഡോക്സ് സഭകള്‍, മൊറാവിയൻ ചർച്ച്, ലൂഥറൻ, ആംഗ്ലിക്കൻ, മെനോനൈറ്റ്, മെത്തഡിസ്റ്റ് ചർച്ചുകൾ, ബാപ്റ്റിസ്റ്റ്, പെന്തക്കോസ്ത് കൂട്ടായ്മകളും എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാവാരത്തില്‍ പങ്കാളികളാകുന്നുണ്ട്.


Related Articles »