News
സഹന തീച്ചൂളയില്‍ പുഞ്ചിരിച്ച് യാത്രയായ സിസ്റ്റര്‍ സിസിലിയയുടെ നാമകരണ നടപടികള്‍ മുന്നോട്ട്
പ്രവാചകശബ്ദം 18-01-2025 - Saturday
ബ്യൂണസ് അയേഴ്സ്: ഘോരമായ വേദനയുടെ നടുവില്‍ പുഞ്ചിരിയോടെ നിത്യതയിലേക്ക് യാത്രയായി ആഗോള ശ്രദ്ധ നേടിയ കര്‍മ്മലീത്ത സന്യാസിനി സിസ്റ്റര്‍ സിസിലിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മുന്നോട്ട്. 'കര്‍മലീറ്റിന്‍ ഓഫ് സാന്റാ ഫീ' സന്യാസിനിയായ സിസ്റ്റര്‍ സിസിലിയയുടെ നാമകരണ നടപടികളുടെ അടുത്ത ഘട്ടമെന്ന നിലയില്‍ അർജൻ്റീനയിലെ സാന്താ ഫെ ഡി ലാ വെരാ ക്രൂസ് ആർച്ച് ബിഷപ്പ് സെർജിയോ ഫെനോയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 23 ഞായറാഴ്ച തുടക്കമാകും. രാവിലെ 9 മണിക്ക് സെന്‍റ് തെരേസ കോൺവെൻ്റിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും ഉദ്ഘാടന സെഷനിലും പങ്കെടുക്കാൻ വിശ്വാസികളോട് ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
26-ാം വയസില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സിസിലിയ ക്രിസ്തുവിന്റെ മണവാട്ടിയാകാന്‍ തീരുമാനിച്ചത്. തുടര്‍ന്നു സന്യാസവസ്ത്രം സ്വീകരിച്ചു. കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങള്‍ക്കിടെ സിസ്റ്ററിന്റെ ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിക്കുകയായിരിന്നു. എന്നാല്‍ കാന്‍സറിന് സിസ്റ്ററിന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തെയും പ്രത്യാശയേയും തകര്‍ക്കാന്‍ കഴിഞ്ഞില്ല. രോഗം ഗുരുതരമായി കിടപ്പിലാകുന്നതിനു മുന്‍പുവരെ വയലിനില്‍ പ്രാര്‍ത്ഥനാഗീതങ്ങള്‍ വായിക്കുന്നത് സിസിലിയ മുടക്കിയിരുന്നില്ല. മരണത്തോട് അടുക്കുന്ന ഓരോ വേളയിലും കന്യാസ്ത്രീയുടെ പുഞ്ചിരി അനേകരെ അത്ഭുതപ്പെടുത്തി.
മരിച്ച നിമിഷം പുഞ്ചിരി അതിന്റെ നെറുകയില്‍ എത്തിയിരിന്നു. രോഗത്തിന്റെ കഠിന വേദനയിലും മരണത്തിനു മേലുള്ള ക്രിസ്തുവിന്റെ വിജയം നല്‍കുന്ന പ്രത്യാശയുടെ സന്തോഷമാണ് കന്യാസ്ത്രീയുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നതെന്നാണ് അന്ന്‍ നേരിട്ടു കണ്ട പലരും അഭിപ്രായപ്പെട്ടത്. 2016 ജൂണ്‍ 23 നാണ് സിസ്റ്റര്‍ സിസിലിയ നിത്യതയിലേക്ക് യാത്രയായത്. ആശുപത്രിയില്‍ കാന്‍സറിന്റെ കടുത്ത വേദനകളറിഞ്ഞ് മരണത്തിനു കീഴങ്ങുമ്പോഴും പുഞ്ചിരി പ്രതിഫലിപ്പിച്ച 43 വയസുകാരിയായ സിസ്റ്റര്‍ സിസിലിയയുടെ ചിത്രങ്ങള്‍ അന്നു സോഷ്യല്‍ മീഡിയായില്‍ വലിയ രീതിയില്‍ വൈറലായിരിന്നു. കഴിഞ്ഞ വര്‍ഷംസിസ്റ്റര്‍ സിസിലിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഉത്തരവിൽ സെർജിയോ ഫെനോ ഒപ്പുവച്ചിരിന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟