News
വിശുദ്ധ ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ നടത്താന്‍ ഡൊണാള്‍ഡ് ട്രംപ്; പുറത്ത് അരലക്ഷം ബൈബിള്‍ വിതരണം ചെയ്യും
പ്രവാചകശബ്ദം 20-01-2025 - Monday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ നാല്‍പ്പത്തിയേഴാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, വിശുദ്ധ ബൈബിള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു. ഇന്നു ഈസ്‌റ്റേൺ സമയം (ഇടി) ഉച്ചയ്ക്ക് 12നാണ് (ഇന്ത്യൻ സമയം രാത്രി 10.30ന്) സത്യപ്രതിജ്‌ഞ നടക്കുക. വിശുദ്ധ ബൈബിളിൽ തൊട്ടാണു സത്യപ്രതിജ്ഞ നടക്കുക. ഡൊണാള്‍ഡ് ട്രംപ് ലിങ്കൺ ബൈബിളും അമ്മ സമ്മാനിച്ച ബൈബിളും സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിക്കും. 1861ൽ ഏബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളാണ് ലിങ്കൺ ബൈബിൾ എന്നറിയപ്പെടുന്നത്.
ബൈബിളിൽ കൈവച്ച് 35 വാക്കുകളുള്ള സത്യവാചകം ട്രംപ് ചൊല്ലും. ചീഫ് ജസ്‌റ്റിസ് ജോൺ റോബർട്ട്സ് വാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്കു പ്രാരംഭമായി നടക്കുന്ന പ്രാർത്ഥനയ്ക്ക് ന്യൂയോർക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ തിമോത്തി ഡോളൻ നേതൃത്വം നൽകും. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോൺ റോബർട്ട്സായിരിക്കും സത്യവാചകം ചൊല്ലിക്കൊടുക്കുക. നിയുക്ത വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ആണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലുക. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് തന്റെ മുത്തശി സമ്മാനിച്ച ബൈബിളിൽ തൊട്ടാകും സത്യവാചകം ചൊല്ലുക. തുടർന്നാണ് ട്രംപിന്റെ ഊഴം.
അതേസമയം ഫ്ലോറിഡ ആസ്ഥാനമായുള്ള ക്രിസ്ത്യൻ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ നിരവധി സന്നദ്ധപ്രവർത്തകർ ഇന്ന് തിങ്കളാഴ്ച നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ വേളയിൽ പതിനായിരക്കണക്കിന് ബൈബിൾ വിതരണം ചെയ്യുവാന്‍ ഒരുങ്ങുന്നുണ്ട്. അന്‍പതിലധികം സന്നദ്ധപ്രവർത്തകർ 50,000 ബൈബിൾ കോപ്പികള്‍ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നവർക്ക് കൈമാറുമെന്ന് സുവിശേഷക സംഘടനയായ ഫെയ്ത്ത് & ലിബർട്ടി അറിയിച്ചു. സീഡ്‌ലൈൻ ഇൻ്റർനാഷണലിൻ്റെയും ഹോപ്പ് ടു ദ ഹില്ലിൻ്റെയും സഹായത്തോടെയാണ് പദ്ധതി. വിശുദ്ധ യോഹന്നാന്റെ സുവിശേഷവും റോമാക്കാര്‍ക്ക് എഴുതിയ ലേഖനങ്ങളും ഉള്‍പ്പെടെയുള്ള ബൈബിളിന്റെ പുതിയ നിയമ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്യാനാണ് ഇവരുടെ തീരുമാനം.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟