News - 2025
ഡൊണാള്‍ഡ് ട്രംപിന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 20-01-2025 - Monday
വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റായി ഇന്ന് ചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. പ്രിയപ്പെട്ട അമേരിക്കൻ ജനതയ്‌ക്കും പ്രസിഡന്‍റ് ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ദൈവാനുഗ്രഹങ്ങൾ നേരുകയാണെന്നും സമാധാനത്തിലേക്കുള്ള ശ്രമങ്ങളെ നയിക്കാൻ കർത്താവ് സഹായിക്കുവാന്‍ പ്രാർത്ഥിക്കുന്നതായും ഫ്രാന്‍സിസ് പാപ്പ അയച്ച സന്ദേശത്തില്‍ കുറിച്ചു. ജനങ്ങൾക്കിടയിൽ സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങളെ നയിക്കാൻ താന്‍ ദൈവത്തോട് അപേക്ഷിക്കുകയാണ്.
അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തിയേഴാമത് പ്രസിഡന്‍റായി സ്ഥാനാരോഹണം ചെയ്യുന്ന വേളയിൽ, സർവശക്തനായ ദൈവം നിങ്ങൾക്ക് ജ്ഞാനവും ശക്തിയും സംരക്ഷണവും നൽകണമേയെന്ന എന്റെ പ്രാർത്ഥനയും ഹൃദയംഗമമായ ആശംസകളും അർപ്പിക്കുന്നു. താങ്കളുടെ നേതൃത്വത്തിൽ അമേരിക്കൻ ജനത അഭിവൃദ്ധി പ്രാപിക്കുമെന്നും വിദ്വേഷത്തിനും വിവേചനത്തിനും ഇടമില്ലാത്ത കൂടുതൽ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ എപ്പോഴും പരിശ്രമിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
അവസരങ്ങളുടെ നാടായിരിക്കാനും എല്ലാവർക്കും സ്വാഗതം ചെയ്യാനുമുള്ള രാജ്യത്തിൻ്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുവാനും പ്രത്യാശിക്കുന്നു. അതേസമയം, നമ്മുടെ മാനവകുടുംബം നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോൾ, ജനങ്ങൾക്കിടയിൽ സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങളെ നയിക്കാൻ ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു. ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനും ദൈവാനുഗ്രഹങ്ങള്‍ സമൃദ്ധമായി ലഭിക്കട്ടെയെന്ന പ്രാര്‍ത്ഥനാശംസയോടെയാണ് പാപ്പയുടെ സന്ദേശം സമാപിക്കുന്നത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟