News

കുരിശിന്റെ തീര്‍ത്ഥാടകന്‍ ആര്‍തര്‍ ബ്ലെസിറ്റ് വിടവാങ്ങി

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് / പ്രവാചകശബ്ദം 21-01-2025 - Tuesday

മിസിസിപ്പി: കുരിശുമായി 43,000 മൈല്‍ നടന്ന സുവിശേഷപ്രഘോഷകന്‍ ആര്‍തര്‍ ബ്ലെസിറ്റ് എന്ന 'കുരിശിന്റെ തീര്‍ത്ഥാടകന്‍' വിടവാങ്ങി. യേശുക്രിസ്തുവിന്റെ കുരിശിന്റെ സുവിശേഷം ലോകം മുഴവന്‍ പ്രചരിപ്പിക്കുന്നതിനായി ജീവിതം മാറ്റിവച്ച വ്യക്തിയായിരുന്നു ആര്‍തര്‍. ഇക്കഴിഞ്ഞ ജനുവരി 14നാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 12 അടി നീളവും 45 പൗണ്ട് ഭാരവുമുള്ള കുരിശ് വഹിച്ചുകൊണ്ട് ആര്‍തറിന്റെ പദചലനങ്ങള്‍ പ്രദിക്ഷണമാക്കിയ രാജ്യങ്ങളുടെയും പ്രധാന ദ്വീപ് സമൂഹങ്ങളുടെയും അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളുടെയും എണ്ണം 324. മരക്കുരിശിന്റെ വിപ്ലവകാരിയായ സുവിശേഷ പ്രഘോഷകന്‍ വിടവാങ്ങിയത് 84 വയസ്സില്‍ തികഞ്ഞ സംതൃപ്തിയോടെയാണ്.

തന്റെ മരണാനന്തരകുറിപ്പ് നേരത്തെ എഴുതിയിട്ടാണ് ആര്‍തര്‍ വിടവാങ്ങുന്നത് ‍

അത് ഇപ്രകാരമാണ് : "ഞാന്‍, ആര്‍തര്‍ ബ്ലെസിറ്റ്, ഭൂമിയിലെ എന്റെ നടത്തവും ദൗത്യവും പൂര്‍ത്തിയാക്കി.ഞാന്‍ വെറുമൊരു കഴുതയും തീര്‍ത്ഥാടകനുമായിരുന്നു, കുരിശിനെയും യേശുവിനെയും ഞാന്‍ ഉയര്‍ത്തി, ലോകജനതയെ ഞാന്‍ സ്‌നേഹിച്ചു. എന്റെ കര്‍ത്താവും രക്ഷകനുമായ യേശുവിനോടൊപ്പമുള്ള ജീവിതയാത്ര എത്ര മഹത്തരമായിരുന്നു. മഹത്വത്തിലുള്ള ഈ നടത്തത്തിനായി ഞാന്‍ ശരിക്കും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മണ്ണും ടാറും നിറഞ്ഞ വഴികളിലൂടെ ബഹുദൂരം നടന്ന ഈ കാലുകള്‍ ഇനി സ്വര്‍ഗ്ഗത്തിലെ സ്വര്‍ണ്ണ തെരുവുകളില്‍ നടക്കും. യേശുവിനെ വീണ്ടും കാണാന്‍ ഞാന്‍ തയ്യാറാണ്! ഇപ്പോഴും എന്റെ മരണസമയത്തും ഞാന്‍ യേശുവില്‍ സന്തോഷിക്കുന്നു".

"പിതാവേ, നിന്റെ കൈകളില്‍, യേശുവേ, ഞാന്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു.

ഒടുവില്‍ ഞാന്‍ എന്റെ വീട്ടിലെത്തി, ഇത് എന്റെ അവസാന യാത്രയായിരുന്നു!

മരണം നമ്മെ ദൈവവുമായി മുഖാമുഖം കൊണ്ടുവരും. ഇത് വായിക്കുന്ന നിമിഷം നിങ്ങള്‍ മരിച്ചിരുന്നെങ്കില്‍, നിങ്ങള്‍ സ്വര്‍ഗത്തിലായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? നിങ്ങളുടെ ഹൃദയം ദൈവത്തിന് നല്‍കികൊണ്ട് ഇപ്പോള്‍ നിങ്ങളുടെ രക്ഷകനായ യേശുവിനെ സ്വാഗതം ചെയ്യുക. അവന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.''

ശവസംസ്‌കാര ശുശ്രൂഷയോ അനുസ്മരണമോ തനിക്കായി നടത്തരുതെന്ന് നിഷ്‌കകര്‍ഷിച്ച ആര്‍തര്‍ രണ്ട് കാര്യങ്ങള്‍ തന്റെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിച്ചു. ഒന്നാമതായി ''നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം പുറത്തുപോയി ഒരു ആത്മാവിനെ കൂടി രക്ഷിക്കാന്‍ ശ്രമിക്കുക എന്നതാണ്. രണ്ടാമത്തെ കാര്യം, യേശുവിന്റെ സന്ദേശം ലോകവുമായി പങ്കുവയ്ക്കുന്നതിനായി നിങ്ങള്‍ ഈ കുരിശിന്റെ ശുശ്രൂഷയെ പിന്തുണയ്ക്കുക എന്നതാണ്".

1940 ഒക്ടോബറില്‍ അമേരിക്കയിലെ മിസിസിപ്പിയിലെ ഗ്രീന്‍വില്ലില്‍ ജനിച്ച ആര്‍തര്‍ ബ്ലെസിറ്റ് വടക്കുകിഴക്കന്‍ ലൂസിയാനയിലാണ് വളര്‍ന്നത്. 15-ാം വയസ്സില്‍ സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങിയ ആര്‍തര്‍ 20-ാം വയസ്സില്‍ ഒരു ശുശ്രൂഷകനായി നിയമിതനായി. 29 വയസ്സുള്ളപ്പോള്‍, യേശുവിന്റെ കുരിശിന്റെ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ ആര്‍തര്‍ തന്റെ കുരിശു യാത്ര ആരംഭിച്ചു.

1969-ലെ ക്രിസ്മസ് ദിനത്തില്‍ കാലിഫോര്‍ണിയയില്‍ നിന്ന് ആരംദിച്ച കുരിശു യാത്ര അടുത്ത 56 വര്‍ഷത്തേക്ക് നീണ്ടു. മരിക്കുന്നതിനു മുമ്പ് കുരിശുമായി 86 ദശലക്ഷം ചുവടുകള്‍ ആര്‍തര്‍ നടന്നു എന്നാണ് കണക്കാക്കുന്നത്.

2013-ല്‍ ബ്ലെസിറ്റ് 'ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നടത്തം' എന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. കുരിശിന്റെ ഈ സഹയാത്രികന് ദ ക്രോസ് (കുരിശ്) എന്ന പേരില്‍ ഒരു പുസ്തകവുമുണ്ട്. അതില്‍ ബ്ലെസിറ്റ് ഇപ്രകാരം കുറിച്ചു: 'എല്ലാ രാജ്യങ്ങളിലും കുരിശ് ചുമന്നതിനുശേഷം, ലോകം യേശുവിന്റെയും കുരിശിന്റെയും സുവിശേഷത്തിനായി തുറന്നിരിക്കുന്നുവെന്നും അതിനായി വിശക്കുന്നുവെന്നും എനിക്ക് പറയാന്‍ കഴിയും. യേശു പറഞ്ഞതുപോലെ വേലക്കാര്‍ ചുരുക്കമാണെന്നതാണ് ഒരേയൊരു പ്രശ്‌നം.'

'കുരിശ് ചുമരില്‍ നിന്ന് ആളുകളുടെ മനസ്സിലേക്കും ഹൃദയങ്ങളിലേക്കും എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം, അവിടെ അവര്‍ക്ക് അതിന്റെ സന്ദേശം മനസ്സിലാക്കാനും അനുഭവിക്കാനും കഴിയും. വഹിക്കുന്ന ഒരു വലിയ കുരിശ് അത് കാണുന്ന വ്യക്തിയുടെ മനസ്സില്‍ മറക്കാനാവാത്ത സ്വാധീനം ചെലുത്തുന്നു. ആര്‍തര്‍ സഞ്ചരിച്ച 294 ലക്ഷ്യസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ സഹായിയായി ഭാര്യ ഡെന്നീസും ഉണ്ടായിരുന്നു.

യേശുവിന്റെ കുരിശിന്റെ സ്‌നേഹിതന്‍ കുരിശു വഹിക്കാനും സാക്ഷ്യമാകാനും നമുക്കു കരുത്തു പകരട്ടെ.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »