News - 2025
ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് തന്റെ പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും അറിയിച്ച് ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 23-01-2025 - Thursday
വത്തിക്കാന്‍ സിറ്റി: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ അടുത്തിടെയുണ്ടായ അഗ്നിബാധയുടെ ഇരകൾക്കും, യുക്രൈൻ ഉൾപ്പെടെ യുദ്ധബാധിതപ്രദേശങ്ങളിൽ ദുരിതത്തിലായിരിക്കുന്നവർക്കും തന്റെ ആത്മീയസാന്നിദ്ധ്യവും പ്രാർത്ഥനകളും അറിയിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ ജനുവരി 22 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് വിവിധ കാരണങ്ങളാല്‍ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങളെ പാപ്പ പ്രത്യേകമായി അനുസ്മരിച്ചത്. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ അഗ്നിബാധമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരെയും, യുക്രൈൻ, പാലസ്തീന്‍, ഇസ്രായേൽ, മ്യാന്മാർ തുടങ്ങിയ ഇടങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും മൂലം ദുരിതത്തിലായിരിക്കുന്നവരെയും പാപ്പ പ്രത്യേകം അനുസ്മരിക്കുകയും അവർക്ക് പ്രാർത്ഥനകൾ നേരുകയും ചെയ്‌തു.
വലിയൊരു ഭൂപ്രദേശത്തെയും, നിരവധി ജനവാസകേന്ദ്രങ്ങളെയും ചാരക്കൂമ്പാരമാക്കി മാറ്റിയ വൻ അഗ്നിബാധയിൽ ദുരിതമനുഭവിക്കുന്ന ലോസ് ആഞ്ചലസിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ ഹൃദയമെന്ന് പാപ്പ പറഞ്ഞു. പ്രദേശത്ത് അഗ്നിബാധയുമായി ബന്ധപ്പെട്ട ദുരിതങ്ങൾ തുടരുകയാണെന്ന കാര്യം സ്മരിച്ച പാപ്പ, അവിടെ കഴിയുന്ന ജനങ്ങൾക്കായി ഗ്വാഡലൂപ്പ മാതാവ് മാധ്യസ്ഥ്യം വഹിക്കട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ദുരിതങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈനെയും പാലസ്തീന്‍, ഇസ്രായേൽ, മ്യാന്മാർ എന്നിവിടങ്ങളെയും പതിവുപോലെ പരാമർശിച്ച പാപ്പാ, സമാധാനത്തിനായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാമെന്നും യുദ്ധം എന്നും ഒരു പരാജയമാണെന്നും ആവര്‍ത്തിച്ചു.
ഗാസായിലുള്ള ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ചര്‍ച്ചിലെ ഇടവക വൈദികനുമായ ഫാ. ഗബ്രിയേൽ റൊമനെല്ലി കഴിഞ്ഞദിവസം സംസാരിച്ചതിനെക്കുറിച്ച് പാപ്പ വെളിപ്പെടുത്തി. അവിടെയുള്ള ഇടവകയിലും കോളേജിലുമായി അറുനൂറോളം ജനങ്ങള്‍ കഴിയുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. ഗാസാ പ്രദേശത്തും, ലോകത്തിന്റെ മറ്റിടങ്ങളിലും സമാധാനമുണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പ ഓർമ്മിപ്പിച്ചു. യുദ്ധങ്ങളിൽ ലാഭം കൊയ്യുന്നത് ആയുധനിർമ്മാതാക്കൾ മാത്രമാണെന്നും, യുദ്ധം എപ്പോഴും ഒരു പരാജയമാണെന്നുമുള്ള പാപ്പയുടെ സ്ഥിരം വാചകങ്ങള്‍ ഇന്നലെത്തെ പ്രഭാഷണത്തിലും ആവർത്തിച്ചിരിന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟