Editor's Pick - 2024

കലാരൂപങ്ങളിലെ നന്മയും തിന്മയും തിരിച്ചറിയുക

സ്വന്തം ലേഖകന്‍ 27-05-2018 - Sunday

പ്രാചീനകാലം മുതല്‍ക്കേ വൈവിധ്യങ്ങളായ നിരവധി കലാരൂപങ്ങള്‍ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായി നിലനിന്നു പോരുന്നു. ഈ കലാരൂപങ്ങൾ പലതും വിവിധ മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ചില കലാരൂപങ്ങള്‍ പ്രത്യേക മതാചാരങ്ങളുടെ ഭാഗവുമാണ്. ഇത്തരം കലാരൂപങ്ങള്‍ ഒരു സന്ദേശം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനോ ഒരുപ്രത്യേക മതത്തിലെ ആചാരങ്ങളുടെ ഭാഗമായി, അവരുടെ ദൈവനാമത്തെ പുകഴ്ത്തുന്നതിനോ, അവരുടെ ദൈവത്തിന്‍റെ പ്രവര്‍ത്തികള്‍ വര്‍ണ്ണിക്കുന്നതിനോ അവരുടെ ദൈവങ്ങളെ ആരാധിക്കുന്നതിനോ ഉള്ളവയാണ്.

കല യഥാര്‍ത്ഥത്തില്‍ മാനുഷിക പ്രകാശനത്തിന്‍റെ വ്യതിരിക്തമായ ഒരു രൂപമാണ്. ആകാശത്തെയും ഭൂമിയേയും സൃഷ്ടിച്ച കലാകാരന്മാരുടെ കലാകാരനായ ദൈവം, തന്‍റെ സ്വന്തം ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനും കലാരൂപങ്ങളെ സൃഷ്ടിക്കുവാന്‍ കഴിവു നല്‍കിയിരിക്കുന്നു. ദൈവം മനുഷ്യനു നല്‍കിയ സ്വതന്ത്രമായ ആന്തരിക സമ്പന്നതയാണ് "കലാസൃഷ്ടിക്കുള്ള" മനുഷ്യന്‍റെ കഴിവ്. എന്നാല്‍ മനുഷ്യനു ലഭിച്ച ഈ സ്വാതന്ത്ര്യം ഒരു ക്രിസ്ത്യാനി എങ്ങനെയാണ് വിനയോഗിക്കേണ്ടത്? ദൈവ വചനത്തിനനുസൃതമായി കലാരൂപങ്ങളെ സൃഷ്ടിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവ സത്യദൈവത്തെ നിന്ദിക്കുന്നതിനും അന്യദൈവങ്ങളെ ആരാധിക്കുന്നതിനും കാരണമായേക്കാം. ഈ വലിയ അപകടം നാം തിരിച്ചറിയുകയും, നമ്മുടെ മക്കളെ വിവിധ കലാരൂപങ്ങൾ പരിശീലിപ്പിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുകയും ചെയ്യേണ്ടിയിരിക്കുന്നു.

ഈ ആധുനികയുഗത്തിൽ മനുഷ്യ ജീവിതം ഉത്സവങ്ങളും ആഘോഷങ്ങളും കൊണ്ടു നിറയുമ്പോള്‍ ഇതിന്‍റെ ഭാഗമായി വിവിധ കലാരൂപങ്ങള്‍ പ്രത്യേകിച്ച്, നാട്യകലകള്‍ പരിശീലിക്കുവാനും അവതരിപ്പിക്കുവാനും ആളുകള്‍ കുടുതല്‍ താല്‍പര്യപ്പെടുന്നതായി കണ്ടുവരുന്നു.

You May Like: ‍ സത്യം തിരിച്ചറിയുന്നവർ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു

ഇന്ന് ധാരാളം ക്രിസ്ത്യാനികള്‍ കേരളത്തിലും മറ്റ് വിദേശ രാജ്യങ്ങളിലും ഓണാഘോഷങ്ങളുടെ ഭാഗമായി 'തിരുവാതിര'കളിയും മറ്റ് ആഘോഷവേളകളിൽ നിരവധി ഡാൻസ് പ്രോഗ്രാമുകളും അവതരിപ്പിക്കാറുണ്ട്. അതുപോലെതന്നെ ധാരാളം മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഭരതനാട്യം, മോഹിനിയാട്ടം മുതലായ നൃത്ത കലകള്‍ അഭ്യസിപ്പിച്ച് അരങ്ങേറ്റം നടത്തുകയും കലാതിലകമായി മാറ്റാന്‍ കഠിന ശ്രമങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. ഇത്തരം നൃത്തരൂപങ്ങളിൽ കൂടുതലായും പുരാണങ്ങളിലെ കഥകൾ വിവരിച്ചുകൊണ്ടുള്ള ഗാനങ്ങളാണ് ഉപയോഗിക്കുന്നത്. ഒരു കലയും അതില്‍ തന്നെ "തിന്മ" എന്നു പറയുക സാധ്യമല്ല. എന്നാല്‍ ആ കലാരൂപത്തിലൂടെ നാം ഏതു ദൈവത്തിന്‍റെ നാമമാണ് ഉച്ചരിക്കുന്നത്, ഏതു ദൈവത്തിന്‍റെ പ്രവര്‍ത്തികളാണ് വര്‍ണ്ണിക്കുന്നത്, ഏതു ദൈവത്തെയാണ് വണങ്ങുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അതിലെ നന്മയും തിന്മയും.

"ഇതൊക്കെ ഒരു കലാരൂപമല്ലേ ഇതിലെ പാട്ടുകള്‍ വെറുതെ ഒന്നു പാടി നൃത്തം ചെയ്യുന്നതു കൊണ്ട് എന്താണ് ഇത്ര വലിയ തെറ്റ്?" എന്നാണു ഇന്നു പലരുടെയും ചിന്ത. ഇത്തരം നൃത്ത രൂപങ്ങളില്‍ മിക്കവയിലും അന്യദൈവങ്ങളുടെ കീര്‍ത്തനങ്ങളും അവരുടെ പ്രവര്‍ത്തികള്‍ വര്‍ണ്ണിക്കുന്നവയുമാണ് എന്ന കാര്യം നാം തിരിച്ചറിയണം.

"ഇത്തരം നൃത്ത രൂപങ്ങളിലൂടെ അന്യദൈവങ്ങളുടെ നാമം വെറുതെ ഒന്നു ഉച്ചരിക്കുന്നത് ഇത്ര വലിയ തെറ്റാണോ" എന്നു ചിലപ്പോള്‍ നാം ചിന്തിക്കാം. എന്നാല്‍ കര്‍ത്താവായ ദൈവം ഇതിനെതിരെ ശക്തമായ താക്കീത് നല്‍കുന്നുണ്ട്. "അന്യ ദേവന്മാരുടെ നാമം സ്മരിക്കരുത്. അത് നിങ്ങളുടെ നാവില്‍ നിന്നും കേള്‍ക്കാനിടയാകരുത്" (പുറപ്പാട് 23:13). ക്രിസ്ത്യാനികള്‍ തിരുവാതിരയും ഭരതനാട്യവും മോഹിനിയാട്ടവും പോലുള്ള നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അതിലെ പാട്ടുകളില്‍ അന്യദൈവങ്ങളുടെ ഒരു നാമം എങ്കിലും ഉണ്ടെങ്കില്‍ അത് അവതരിപ്പിക്കുവാന്‍ പാടില്ല.

"മത സ്വാതന്ത്ര്യത്തിനുള്ള അവകാശം തെറ്റിനെ പുല്‍കാനുള്ള ഒരു ധാര്‍മ്മികാനുവാദമോ തെറ്റ് ചെയ്യാനുള്ള പരികല്‍പിതാവകാശമോ അല്ല." (CCC 2108) എന്നു സഭ പഠിപ്പിക്കുന്നു. മതസൗഹാര്‍ദ്ദവും മതേതരത്വവും ഈ ആധുനിക ലോകത്ത് ധാരാളം അംഗീകാരവും പ്രശംസയും പിടിച്ചു പറ്റാവുന്ന മാര്‍ഗ്ഗമാണ്. എന്നാല്‍ ഇതിന്‍റെ പേരില്‍ ക്രിസ്ത്യാനികള്‍ അന്യദൈവങ്ങളുടെ നാമം ഉച്ചരിക്കാനോ അവരുടെ വിഗ്രഹങ്ങളെ വണങ്ങുവാനോ പാടില്ല.

മേല്‍പ്പറഞ്ഞ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അതിന്‍റെ വേഷവിധാനങ്ങളിലോ, രംഗ സംവിധാനങ്ങളിലോ അതിലെ ഗാനങ്ങളിലോ അന്യദൈവങ്ങളുടെ വിഗ്രഹങ്ങളോ ചിത്രങ്ങളോ ബിംബങ്ങളോ നാമങ്ങളോ ഉണ്ടോയെന്നു നാം ശ്രദ്ധിക്കണം. കാരണം "അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍ ഞാന്‍ നിന്‍റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിക്കും." (പുറപ്പാട് 20:5)

അതുപോലെതന്നെ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഭരതനാട്യം, മോഹിനിയാട്ടം മുതലായ നൃത്ത കലകള്‍ അഭ്യസിപ്പിക്കുകയും അരങ്ങേറ്റം കുറിക്കുകയും നിരവധി വേദികളിൽ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ വിശുദ്ധ ലിഖിതം പറയുന്നത് ഓർമ്മിക്കുക "കുഞ്ഞു മക്കളെ വിഗ്രഹങ്ങളില്‍ നിന്ന് അകന്നിരിക്കുവിന്‍" (1 യോഹ. 5:21).

അതുപോലെ നാം അന്യദൈവങ്ങളുടെ വേഷ വിധാനങ്ങള്‍ അണിഞ്ഞു കൊണ്ട് നൃത്തം ചെയ്യുകയോ നൃത്ത രൂപങ്ങളില്‍ അന്യ മതസ്തരുടെ ആചാരങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയോ ചെയ്യരുത്. കാരണം "നീ അന്യദേവന്മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുത്. അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത്" (പുറപ്പാട് 23:24) എന്ന് വചനം താക്കീതു ചെയ്യുന്നു. അന്യ ദൈവങ്ങളുടെ വേഷവിധാനങ്ങള്‍ ഒരു ക്രിസ്ത്യാനി അണിയുമ്പോള്‍ വി. പൗലോസ് ശ്ലീഹ പറഞ്ഞ വാക്കുകൾ ഓര്‍മ്മിക്കുക "നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാൽ നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ" (1 കോറി 6: 19-20).

അന്യ മതത്തില്‍പ്പെട്ട നമ്മുടെ സഹോദരങ്ങളെ നാം ബഹുമാനിക്കുകയും നമ്മെപ്പോലെ തന്നെ നാം അവരെ സ്നേഹിക്കുകയും വേണം. എന്നാല്‍ അന്യമതങ്ങളിലെ ദൈവങ്ങളുടെ നാമം ഉച്ചരിച്ചു കൊണ്ടുള്ള നൃത്തങ്ങള്‍ അവതരിപ്പിക്കുകയോ അവരുടെ ആചാരങ്ങള്‍ നാം ഒരിക്കലും അനുകരിക്കുകയോ ചെയ്യരുത്.

ഇന്നു ലോകത്തില്‍ ധാരാളം മതങ്ങളുണ്ട്. എന്നാല്‍ "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി (യേശു നാമമല്ലാതെ) മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ 4:12) എന്നു മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഒരു ക്രിസ്ത്യാനി തിരിച്ചറിഞ്ഞിരിക്കണം.

ക്രിസ്തു പല ദൈവങ്ങളിൽ ഒരു ദൈവമല്ല; അവന്‍ മാത്രമാണ് ദൈവം എന്ന് ഒരു ക്രിസ്ത്യാനിക്ക് ഉറച്ച ബോധ്യമുണ്ടായിരിക്കണം. മറ്റു മതങ്ങളില്‍ പെട്ടവര്‍ അജ്ഞത മൂലവും അവര്‍ ആ മതത്തില്‍ ജനിച്ചുപോയി എന്ന കാരണത്താലും ദൈവമല്ലാത്ത അന്യ ദൈവങ്ങളില്‍ വിശ്വസിക്കുന്നു. എന്നാല്‍ ക്രിസ്തുവിലൂടെ മാത്രമേ രക്ഷയുള്ളൂ എന്ന വലിയ സത്യം ഒരു ക്രിസ്ത്യാനി തിരിച്ചറിയണം.

You May Like: ‍ യേശുക്രിസ്തു: മേൽവിലാസമുള്ള സത്യദൈവം

അന്യ ദൈവങ്ങളുടെ ചെയ്തികള്‍ വര്‍ണ്ണിച്ചു കൊണ്ടുള്ളതോ അവരുടെ രൂപങ്ങള്‍ വച്ചു കൊണ്ടുള്ളതോ അവരുടെ ആചാരങ്ങള്‍ ഉള്‍ക്കൊള്ളിച്ചതു കൊണ്ടുള്ളതോ ആയ നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കുന്ന ക്രിസ്ത്യാനികള്‍ പറയുന്ന ഒരു ന്യായ വാദമാണ് "ഇത് വെറും ഒരു അഭിനയമല്ലേ യഥാര്‍ത്ഥത്തില്‍ നാം ഇവയെ ഒന്നും ആരാധിക്കുന്നില്ലല്ലോ" എന്ന്. സഭയുടെ പ്രബോധനത്തില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: "പല രക്തസാക്ഷികളും മരിച്ചത് വിഗ്രഹങ്ങളെ ആരാധിക്കുന്നതായി നടിക്കുന്നതിനുപോലും വിസമ്മതിച്ചതു കൊണ്ടാണ്." (CCC 2113)

ഇതുപോലെ മരണം വരിച്ച ധാരാളം രക്തസാക്ഷികള്‍ സഭയിലുണ്ടായിട്ടുണ്ട്. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളില്‍ വിഗ്രഹങ്ങളെ അവര്‍ യഥാര്‍ത്ഥത്തില്‍ ആരാധിക്കാതെ വെറുതെ ഒന്നു വണങ്ങുന്നതായി അഭിനയിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് മരണത്തില്‍ നിന്നും രക്ഷപെടാമായിരുന്നു. എങ്കിലും വെറുതെയുള്ള ഈ അഭിനയം പോലും പാപമാണെന്ന് അവര്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ് അതിനു തയ്യാറാകാതെ അവര്‍ മരണത്തെ സ്വീകരിച്ചത്. എന്നാല്‍ ഇന്ന് ക്രിസ്ത്യാനികള്‍ എത്ര ലാഘവത്തോടെയാണ് ഇതുപോലുള്ള കാര്യങ്ങള്‍ നൃത്ത രൂപങ്ങളിലൂടെയും മറ്റു കലാരൂപങ്ങളിലൂടെയും ചെയ്യുന്നത്.

ഒരു ക്രിസ്ത്യാനി ഈ ലോകത്തിലുള്ളതില്‍ വച്ച് ഏറ്റവും വലിയ നിധി സ്വന്തമാക്കിയവനാണ്. മാമ്മോദീസായിലൂടെ പിതാവായ ദൈവത്തിന്‍റെ ദത്തുപുത്രനും പുത്രനായ ദൈവത്തിന്‍റെ അവയവവും പരിശുദ്ധാത്മാവായ ദൈവത്തിന്‍റെ ആലയവുമായി ഒരു ക്രിസ്ത്യാനി മാറുന്നു. ഈ വലിയ നിധി സ്വന്തമാക്കിയവനാണ് ക്രിസ്ത്യാനി. ഈ ഭൂമിയിലെ മറ്റു നേട്ടങ്ങളൊന്നും അതിനപ്പുറമാവില്ല എന്ന ചിന്ത നമുക്കുണ്ടായിരിക്കണം.

ശിശുവായ യേശുവിനെ കൈയ്യിലെടുത്തു കൊണ്ട് ശിമയോന്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: "സകല ജനതകള്‍ക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടു കഴിഞ്ഞു." (ലൂക്കാ 2:31) സത്യദൈവമായ ക്രിസ്തുവിനെ തിരിച്ചറിഞ്ഞ കണ്ണുകള്‍ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യമുള്ള കണ്ണുകളാണ്. അവിടുന്നു സംസാരിച്ചവ കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ച കാതുകള്‍ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യമുള്ള കാതുകളാണ്. "സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു. എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല" (മത്തായി 13:17)

ഇപ്രകാരം സത്യദൈവത്തെ തിരിച്ചറിഞ്ഞ ഒരു ക്രിസ്ത്യാനി തങ്ങള്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ അന്യമതത്തില്‍പെട്ടവര്‍ക്ക് കാണിച്ചു കൊടുക്കേണ്ടവനാണ്. അല്ലാതെ അജ്ഞത കൊണ്ട് അവര്‍ ആരാധിക്കുന്ന ദൈവമല്ലാത്ത ദൈവങ്ങളുടെ നാമം ഉച്ചരിച്ചു കൊണ്ട് അവരുടെ ആചാരങ്ങളെ അനുകരിക്കേണ്ടവനല്ല. "ക്രിസ്ത്യാനികള്‍ ലോകത്തിന്‍റെ പ്രകാശമായിരിക്കാന്‍ വിളിക്കപ്പെട്ടവരാണ്. അങ്ങനെ സര്‍വ്വ സൃഷ്ടികളുടെയും, പ്രത്യേകിച്ചു മനുഷ്യ സമൂഹങ്ങളുടെയും മേലുള്ള ക്രിസ്തുവിന്‍റെ രാജത്വം പ്രകാശിപ്പിക്കേണ്ടിയിരിക്കുന്നു" (cf: AA 13, Leo XIII).

You May Like: ‍ ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള അൽമായരുടെ പ്രത്യേകമായ വിളി

അതിനാല്‍ ഒരു ക്രിസ്ത്യാനി ഒരു കലാരൂപം അവതരിപ്പിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും ക്രിസ്തുവിനെ പ്രഘോഷിക്കുകയും പരിശുദ്ധ ത്രിത്വത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നതായിരിക്കണം. ഇന്ന് കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം ക്രൈസ്തവരുണ്ട്. അവര്‍ ഒരു വലിയ മാറ്റത്തിനു തയ്യാറാകേണ്ടിയിരിക്കുന്നു. ക്രിസ്ത്യാനികളായ കലാകാരന്മാര്‍ തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വലിയ വിളി തിരിച്ചറിഞ്ഞ് തങ്ങളുടെ ഓരോ കലാസൃഷ്ടിയും ക്രിസ്തുവിന്‍റെ പ്രവര്‍ത്തികള്‍ ലോകത്തോടു പ്രഘോഷിക്കുന്നതായി മാറ്റേണ്ടിയിരിക്കുന്നു.

ക്രൈസ്തവ ദേവാലയങ്ങള്‍ അലങ്കരിക്കുന്നതില്‍ കലകള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. നമ്മുടെ വിശ്വാസം ഒരാഘോഷമാക്കുന്നതിനും നമ്മുടെ ആരാധനാനുഷ്ഠാനങ്ങളെ സമ്പന്നമാക്കുന്നതിനും കലകള്‍ വലിയ പങ്കുവഹിക്കുന്നു. ഇതുപോലെ, കലകളുടെ സ്വാധീനമുപയോഗിച്ച് വിശ്വാസികൾക്ക് തങ്ങളുടെ ഭൗതികജീവിതത്തിലും സാംസ്കാരിക ജീവിതത്തിലും ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ കടമയുണ്ട്. ഉത്സവങ്ങളിലും ആഘോഷ വേളകളിലും നൃത്തവും മറ്റു കലാരൂപങ്ങളും അവതരിപ്പിക്കുന്ന ക്രിസ്ത്യാനികള്‍ ബൈബിള്‍ അധിഷ്ഠിതവും, ദൈവവചനവും സംസ്കാരവും തമ്മിലുള്ള ബന്ധം ആവിഷ്കരിക്കുന്നതുമായ ഗാനങ്ങളും, ബിംബങ്ങളും, സംഭാഷണങ്ങളും, ചലനങ്ങളും, വേഷവിധാനങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരിക്കണം അവ രൂപകല്പന ചെയ്യേണ്ടത്. ഭാരതത്തിലെ കലാരൂപങ്ങള്‍ കൂടുതലായി അക്രൈസ്തവ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഭാരതത്തിലെ ക്രൈസ്തവ സഭകള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതായിട്ടുണ്ട്. കലാവാസനയുള്ളവരെ ബാല്യത്തില്‍ തന്നെ കണ്ടെത്തി അവരുടെ വാസനകളെ ദൈവ വചനത്തിനനുസൃതമായി തിരിച്ചുവിടുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

"വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അതിന്‍റെ മനോഹാരിതയില്‍ മനം മയങ്ങി കലാസൃഷ്ടി നടത്തുന്നവരോട് സിനഡ് പിതാക്കന്മാരും തിരുസഭ മുഴുവനും ആദരവും പ്രശംസയും അഭിനന്ദനവും പ്രകടിപ്പിക്കുന്നു. സഭയുടെ സജീവമായ പാരമ്പര്യത്തിന്‍റെയും പ്രബോധനാധികാരത്തിന്‍റെയും വെളിച്ചത്തില്‍ കലാകാരന്മാര്‍ക്ക് വിശുദ്ധ ലിഖിതങ്ങളില്‍ അടിസ്ഥാനപരമായ അറിവ് ലഭ്യമാക്കുന്നതിന് യോഗ്യരായ കാര്യാലയങ്ങളും സംഘങ്ങളും ശ്രമിക്കുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു." (Pope Benedict XVI, Verbum Domini)

ഭാഷകള്‍ക്കും ദേശങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും അതീതമായി കലാസൃഷ്ടികള്‍ക്ക് മനുഷ്യ മനസ്സുകളെ എക്കാലവും സ്വാധീനിക്കാന്‍ കഴിയും. അതിനാല്‍ കലാസൃഷ്ടികളെ ഉപയോഗപ്പെടുത്തിയുള്ള ഒരു നവ സുവിശേഷവത്ക്കരണത്തിന് ക്രൈസ്തവ സഭകള്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടിയിരിക്കുന്നു. "നിര്‍വ്യാജമായ കല, മനുഷ്യനെ ആരാധനയിലേക്കും പ്രാര്‍ത്ഥനയിലേക്കും സൃഷ്ടാവും രക്ഷകനും പരിശുദ്ധനും പവിത്രീകരിക്കുന്നവനുമായ ദൈവത്തോടുള്ള സ്നേഹത്തിലേക്കും നയിക്കുന്നു." (CCC 2502)

അതിനാല്‍ ക്രിസ്തീയ സഹോദരങ്ങളെ, നിങ്ങളുടെ കലാരൂപങ്ങള്‍ അന്യദൈവങ്ങളുടെ നാമത്തെ ഉച്ചരിക്കുന്നതോ അവയെ മഹത്വപ്പെടുത്തുന്നതോ ആവരുത്. തങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുവാന്‍ ശിഷ്യന്മാര്‍ യേശുവിനോട് ആവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് "സ്വര്‍ഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ 'നാമം' പൂജിതമാകണമേ..." എന്നു പ്രാർത്ഥിക്കാൻ പഠിപ്പിച്ചു (cf: മത്തായി 6:9). ക്രിസ്തു, അവിടുത്തെ 'നാമ'ത്തിൽ പിതാവിനോട് ചോദിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു (cf: യോഹ 14:13-14). അതിനാല്‍ നാം ആരുടെ നാമമാണ് ഉച്ചരിക്കുന്നത് എന്നത് പ്രധാനമാണ്.

Must Read: ‍ വൈദികര്‍ക്കും വൈറലാകാം... പക്ഷേ!

മേൽപറഞ്ഞ നൃത്തരൂപങ്ങൾ അവതരിപ്പിക്കുന്നതിന് ആവശ്യമായ ക്രിസ്തീയ ഗാനങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇപ്രകാരം ക്രിസ്തീയ ഗാനങ്ങൾ ഉപയോഗിച്ചു ചിട്ടപ്പെടുത്തുന്ന നൃത്തരൂപങ്ങളെ നിരവധി ക്രിസ്തീയ ചാനലുകൾ പ്രോത്സാഹിപ്പിക്കുന്നു എന്നുള്ളത് ആശ്വാസം പകരുന്ന ഒരു കാര്യമാണ്‌. എങ്കിലും ഗാനരചിയിതാക്കളും സംവിധായകരും ഈ രംഗത്തു ഇനിയും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.

നൃത്തരൂപങ്ങള്‍ അവതരിപ്പിക്കുന്ന ക്രൈസ്തവര്‍ ക്രിസ്തുവിന്‍റെ നാമത്തെ പ്രഘോഷിക്കുന്ന കലാസൃഷ്ടികള്‍ അവതരിപ്പിക്കട്ടെ. ചിത്രരചന നടത്തുന്ന കലാകാരന്മാര്‍ ക്രിസ്തുവിനെ ലോകത്തിനു മുമ്പില്‍ വരച്ചുകാട്ടട്ടെ.

ഗായകർ ക്രിസ്തുവിന്റെ മഹത്വം പ്രഘോഷിക്കുവാൻ അവരുടെ ശബ്ദം ഉപയോഗിക്കട്ടെ. നാടകങ്ങളും മറ്റ് സ്റ്റേജ് പ്രോഗ്രാമുകളും ഒരുക്കുന്ന കലാകാരന്മാര്‍ അവരുടെ സൃഷ്ടികളിലൂടെ ക്രിസ്തുവിന്‍റെ അത്ഭുത പ്രവര്‍ത്തികള്‍ വിവരിക്കട്ടെ. സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്നവരും മറ്റ് അനിമേഷന്‍ സൃഷ്ടികള്‍ നടത്തുന്നവരും ആഴമായ ക്രൈസ്തവ ബോധ്യങ്ങളിലേക്ക് മനുഷ്യമനസ്സുകളെ നയിക്കുന്ന കഥകൾക്ക് ജീവൻ നൽകട്ടെ. അങ്ങനെ ചരിത്രത്തിൽ ജീവിച്ച ക്രിസ്തുവിന്‍റെ സന്ദേശം ഭൂമിയുടെ അതിര്‍ത്തികള്‍ വരെ വ്യാപിക്കട്ടെ.


Related Articles »