News - 2024

കുറ്റകൃത്യത്തിന്റെ ഏറ്റവും രൂക്ഷമായ രൂപമാണ് അഴിമതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ; അതിനെതിരെ പോരാടാൻ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും മാര്‍പാപ്പയുടെ ആഹ്വാനം

സ്വന്തം ലേഖകന്‍ 19-09-2016 - Monday

വത്തിക്കാന്‍ സിറ്റി: കുറ്റകൃത്യത്തിന്റെ ഏറ്റവും രൂക്ഷമായ രൂപമാണ് അഴിമതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ പോലീസിന്റെ 200-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ കൃതജ്ഞതാ ബലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴാണ്, ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ കുറ്റകൃത്യമായി അഴിമതിയെ മാര്‍പാപ്പ വിശേഷിപ്പിച്ചത്. പ്രശ്‌നങ്ങളുടെയും പ്രലോഭനങ്ങളുടെയും മധ്യത്തിലും അടിയുറച്ച സേവനമാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കാതെ നില്‍ക്കുന്ന വത്തിക്കാന്‍ പോലീസിനെ പിതാവ് അഭിനന്ദിച്ചു.

"വഞ്ചകരുടെ ഏറ്റവും വലിയ സ്‌നേഹം അഴിമതിയോടാണ്. അവര്‍ സത്യസന്ധതയെ വെറുക്കുന്നു. വഞ്ചകര്‍ കൈക്കൂലിയെ സ്‌നേഹിക്കുന്നു. അവരുടെ ഇടപാടുകള്‍ എല്ലാം ഇരുട്ടിന്റെ മറവിലാണ്. വഞ്ചകര്‍ തങ്ങള്‍ സത്യസന്ധരാണെന്ന് സ്വയം വിശ്വസിക്കുന്നു. പണവും സമ്പത്തും ഏറെ ആഗ്രഹിക്കുന്ന ഇവര്‍ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നു". പിതാവ് പറഞ്ഞു. ഇന്നത്തെ ലോകത്തില്‍ പല സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന അടിമവേലയ്ക്കു തുല്യമായ തൊഴില്‍ സഹചര്യം ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പിതാവ് നിരീക്ഷിച്ചു. ആധുനിക മാനേജ്‌മെന്റ് സംവിധാനം അടിമവേലയെ ലാഭകരമായി ഉപയോഗിക്കുകയാണെന്നും മാര്‍പാപ്പ കുറ്റപ്പെടുത്തി.

ആമോസ് പ്രവാചകൻ ചൂഷകരെ കുറിച്ച് പറയുന്നത് 'വന്യമായ നേട്ടം മാത്രം' ആഗ്രഹിക്കുന്നവരെന്നാണെന്ന് പിതാവ് ചൂണ്ടികാണിച്ചു. കള്ളവും ചതിവും പ്രയോഗിച്ച് എങ്ങനെയെങ്കിലും പണം സമ്പാദിക്കണമെന്ന ഒരാഗ്രഹം മാത്രമാണ് അവര്‍ക്കുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. വി. ലൂക്കായുടെ സുവിശേഷത്തില്‍ കാണുന്ന അവിശ്വസ്തനായ ജോലിക്കാരനെ പോലെയാണ് വഞ്ചകരായ മനുഷ്യരെന്നും, സത്യസന്ധരല്ലാത്ത ഇവര്‍ അഴിമതിയിലൂടെയും വഞ്ചനയിലൂടെയും യജമാനന്‍മാര്‍ക്ക് നഷ്ടം വരുത്തിവയ്ക്കുന്നവരാണെന്നും പിതാവ് പറഞ്ഞു.

ബുദ്ധിമാന്‍മാരായ ദാസന്‍മാരെ പോലെ നാം മാറണമെന്നു പറഞ്ഞ പിതാവ്, സര്‍പ്പത്തിന്റെ വിവേകവും പ്രാവിന്റെ നിര്‍മ്മലതയുമാണ് നമ്മില്‍ നിന്നും ദൈവം ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. "ചൂഷകര്‍ക്കും വഞ്ചകര്‍ക്കും എതിരെ പോരാടുന്നവരായി വത്തിക്കാനിലെ പോലീസ് ഉദ്യോഗസ്ഥര്‍ മാറണം. ദുഷ്ടത നാട്ടില്‍ നടക്കുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. അത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി നിങ്ങള്‍ എതിര്‍ക്കണം. വിശ്വസ്തതയെ കൂടുതല്‍ ഉയര്‍ത്തിപിടിക്കുന്നതിനായിരിക്കണം നിങ്ങളുടെ ശ്രമങ്ങള്‍. അതിനായി രാപ്പകല്‍ പ്രവര്‍ത്തിക്കുന്നവരായി നിങ്ങള്‍ മാറണം". പിതാവ് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.