Daily Saints. - September 2024

September 29: പ്രധാന മാലാഖമാർ

സ്വന്തം ലേഖകന്‍ 29-09-2023 - Friday

“മാലാഖമാര്‍” എന്നു വിശുദ്ധഗ്രന്ഥം വിളിക്കുന്ന, അരൂപികളും അശരീരികളുമായ സൃഷ്ടികള്‍ ഉണ്ടെന്നത്‌ വിശ്വാസത്തിലെ ഒരു സത്യമാണ്‌. ഇക്കാര്യത്തില്‍ വിശുദ്ധ ഗ്രന്ഥ സാക്ഷ്യവും പാരമ്പര്യത്തിന്റെ ഏകകണ്ഠമായ അഭിപ്രായവും ഒരു പോലെ വ്യക്തമാണ്‌.

ആരാണവര്‍?

വി. അഗസ്തീനോസു പറയുന്നു; “മാലാഖ” എന്നത്‌, അവരുടെ പ്രകൃതിയെയല്ല ധര്‍മത്തെയാണു ധ്വനിപ്പിക്കുന്നത്‌, അവരുടെ പ്രകൃതിയുടെ നാമധേയം എന്താണെന്നു ചോദിച്ചാല്‍, 'അത്‌ അരൂപി” ആണെന്നു മറുപടി; അവരുടെ ധര്‍മം എന്താണെന്നു ചോദിച്ചാല്‍ “അവര്‍ മാലാഖ” ആണെന്നു മറുപടി. അങ്ങനെ പ്രകൃതി പരിഗണിച്ചാല്‍ അരൂപികളും ധര്‍മം പരിഗണിച്ചാല്‍ “മാലാഖമാരും” ആണ്‌ അവര്‍. ?? മാലാഖമാര്‍ അവരുടെ ഉണ്‍മയില്‍ പൂര്‍ണമായും ദൈവത്തിന്റെ സേവകരും സന്ദേശവാഹകരുമാണ്‌. “സ്വര്‍ഗസ്ഥനായ എന്റെറ പിതാവിന്റെ മുഖം അവര്‍ സദാ ദര്‍ശിക്കുന്നതിനാൽ “അവിടുത്തെ ആജ്ഞയുടെ സ്വരം അനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാണവര്‍.”

പൂര്‍ണമായും അശരീരികളായ സൃഷ്ടികള്‍ എന്ന നിലയ്ക്കു മാലാഖമാര്‍ ബുദധിശക്തിയും ഇച്ഛാശക്തിയുമുള്ളവരാണ്‌; വൃക്തിത്വമുള്ളവരും അമര്‍ത്യരുമായ സൃഷ്ടികളാണ്‌; അവരുടെ മഹത്ത്വത്തിന്റെ പ്രഭ സാക്ഷ്യപ്പെടുത്തുന്നതുപോലെ ഗുണ പൂര്‍ണതയില്‍ അവര്‍ ദൃശ്യമായ എല്ലാ സൃഷ്ടികളെയും അതിശയിക്കുന്നരാണ്‌. അവരുടെ മഹത്വത്തിന്റെ പ്രഭ ഇതു സാക്ഷ്യപ്പെടുത്തുന്നു. (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 328, 329, 330).

മനുഷ്യരിലും ഉന്നത സ്ഥാനം വഹിക്കുന്ന സ്വര്‍ഗ്ഗീയ ആത്മാക്കളാണ് മാലാഖമാര്‍. മാലാഖമാര്‍ക്ക് ഭൗതീകമായ ശരീരമില്ല. അവര്‍ തങ്ങളുടെ നിലനില്‍പ്പിനൊ പ്രവര്‍ത്തികള്‍ക്കോ ഭൗതീകമായ ഒരു വസ്തുവിനെയോ അവര്‍ ആശ്രയിക്കുന്നുമില്ല. വിശുദ്ധരിലും ഭിന്നരാണ്‌ മാലാഖമാര്‍. എണ്ണിതീര്‍ക്കുവാന്‍ കഴിയാത്തവിധം ബാഹുല്യമുള്ള വ്യക്തികളുടെ കൂട്ടമാണ്‌ മാലാഖ വൃന്ദം.വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഒമ്പത് വൃന്ദങ്ങളില്‍ ഒന്നാണ് മുഖ്യദൂതന്‍മാര്‍.

ഈ മാലാഖ വൃന്ദങ്ങള്‍ ക്രമമനുസരിച്ച്‌ :

1) ദൈവദൂതന്‍മാര്‍

2) മുഖ്യദൂതന്‍മാര്‍

3) പ്രാഥമികന്‍മാര്‍

4) ബലവാന്മാര്‍

5) തത്വകന്മാര്‍

6) അധികാരികള്‍

7) ഭദ്രാസനന്മാര്‍

8) ക്രോവേന്മാര്‍

9) സ്രാഫേന്‍മാര്‍

വിശുദ്ധ മിഖായേല്‍

മിഖായേല്‍ എന്ന മുഖ്യ ദൂതന്റെ പേര് ഹീബ്രുവില്‍ അര്‍ത്ഥമാക്കുന്നത് ‘ദൈവത്തിനോട് അടുത്തവന്‍’ എന്നാണ്. സ്വര്‍ഗ്ഗീയ ദൂതന്മാരുടെ രാജകുമാരന്‍ എന്നും മിഖായേല്‍ മാലാഖ അറിയപ്പെടുന്നു. പടചട്ടയും പാദുകങ്ങളുമണിഞ്ഞ ഒരു യോദ്ധാവിന്റെ രൂപത്തിലാണ് വിശുദ്ധ മിഖായേലിനെ മിക്കപ്പോഴും ചിത്രീകരിച്ച് കണ്ടിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥത്തില്‍ മിഖായേല്‍ എന്ന പേര് നാല് പ്രാവശ്യം രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം.

രണ്ടു പ്രാവശ്യം ദാനിയേലിന്റെ പുസ്തകത്തിലും ഒരു പ്രാവശ്യം വിശുദ്ധ ജൂതിന്റെയും പ്രബോധനത്തിലും ഒരു പ്രാവശ്യം വെളിപാട് പുസ്തകത്തിലും ഇത് കാണാന്‍ സാധിക്കും. വെളിപാട് പുസ്തകത്തില്‍ വിശുദ്ധ മിഖായേലും മറ്റ് മാലാഖമാരും ലുസിഫറും മറ്റ് സാത്താന്‍മാരുമായി നിരന്തരം പോരാടുന്നതായി വിവരിച്ചിട്ടുണ്ട്. സാത്താനോട് പോരാടുന്നതിനും, മരണസമയത്ത് ആത്മാക്കളെ സാത്താന്റെ പിടിയില്‍നിന്നു രക്ഷിക്കുന്നതിനും, ക്രിസ്ത്യാനികളുടെ രക്ഷകനായിരിക്കുന്നതിനും, ആത്മാക്കളെ അന്തിമവിധിക്കായി കൊണ്ട് വരുന്നതിനും മറ്റുമായി നാം വിശുദ്ധ മിഖായേലിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നു.

പല രാജ്യങ്ങളിലും ഈ ദിവസം ‘Michaelmas’ എന്ന പേരിലറിയപ്പെടുന്നു. വിളവെടുപ്പ് ആഘോഷ ദിവസങ്ങളില്‍ ഉള്‍പ്പെടുന്ന ദിവസമാണിത്. ഇംഗ്ലണ്ടില്‍ മൂന്നുമാസം കൂടുമ്പോള്‍ കണക്കുകള്‍ തീര്‍ക്കേണ്ട ദിവസമായി ഇതിനെ കാണുന്നു. പുതിയ ജോലിക്കാരെ നിയമിക്കുക, ന്യായാധിപന്മാരെ തിരഞ്ഞെടുക്കുക തുടങ്ങി നിയമ കാര്യങ്ങളും സര്‍വ്വകലാശാല വിദ്യാഭ്യാസത്തിനും ഈ ദിവസം തുടക്കം കുറിക്കുന്നു.

ഇത് കൂടാതെ നായാട്ടു വിനോദങ്ങള്‍ക്കും ഈ ദിവസം തുടക്കം കുറിക്കുന്നു. പല രാജ്യങ്ങളിലും ഈ ദിവസത്തെ ഭക്ഷണം പ്രത്യേകത ഉള്ളതായിരിക്കും. ബ്രിട്ടീഷ്‌ ദ്വീപുകളില്‍ വലിയ താറാവിനെ ഈ ദിവസം സമൃദ്ധിക്കായി ഭക്ഷിക്കുന്നു. ഫ്രാന്‍സില്‍ ‘വാഫിള്‍സ്’ അല്ലെങ്കില്‍ ‘ഗോഫ്രെസ്’ ഉം സ്കോട്ലാന്‍ഡില്‍ Michael’s Bannock (Struan Micheli) വലിയ കേക്കുപോലത്തെ ഭക്ഷണവും, ഇറ്റലിയില്‍ ‘Gnocchi’ യുമാണ്‌ പരമ്പരാഗതമായി ഈ ദിവസത്തില്‍ ഭക്ഷിക്കുന്നത്.

വിശുദ്ധ ഗബ്രിയേല്‍

വിശുദ്ധ ഗബ്രിയേല്‍ എന്ന പേര് അര്‍ത്ഥമാക്കുന്നത് ‘ദൈവം എന്റെ ശക്തി’ എന്നാണ്. ദൈവം തന്റെ അവതാര പദ്ധതികള്‍ മനുഷ്യര്‍ക്ക്‌ വിളംബരം ചെയ്യുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന ദൂതന്‍ എന്ന നിലയിലാണ് വിശുദ്ധ ഗബ്രിയേല്‍ കൂടുതലായും അറിയപ്പെടുന്നത്. പരിശുദ്ധ മറിയത്തെ വിശുദ്ധ ഗബ്രിയേല്‍ അഭിവാദ്യം ചെയ്യുന്നത് വളരെ ലളിതവും എന്നാല്‍ അര്‍ത്ഥവത്തായ വാക്യങ്ങളാലാണ്. “നന്‍മ നിറഞ്ഞ മറിയമേ, നിനക്ക് സ്തുതി” എന്നത് മുഴുവന്‍ ക്രിസ്ത്യാനികളുടെയും പ്രിയപ്പെട്ട പ്രാര്‍ത്ഥന ആയി മാറിയിട്ടുണ്ട്.

വിശുദ്ധ റാഫേൽ

മുഖ്യദൂതനായ വിശുദ്ധ റാഫേലിനെ കുറിച്ചുള്ള വിവരം നമുക്ക് കിട്ടുന്നത് തോബിത്തിന്‍റെ പുസ്തകത്തില്‍ നിന്നുമാണ്. യുവാവായ തോബിത്തിനെ തന്റെ ജീവിത യാത്രയിലെ വിഷമ ഘട്ടങ്ങളില്‍ ആശ്വസിപ്പിക്കുന്ന ഒരു സഹചാരി എന്ന ദൗത്യമാണുള്ളത്. ബെത്സെദായിലെ കുളത്തിലെ അത്ഭുതവെള്ളം ഇളക്കിയത് വിശുദ്ധ റാഫേല്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഗബ്രിയേല്‍ എന്ന വാക്കിനര്‍ത്ഥം ‘ദൈവം ശാന്തി നല്‍കുന്നു’ എന്നാണ്.

ഇതര വിശുദ്ധര്‍

1. പലസ്തീനായിലെ സിറിയാക്കൂസ്

2. പെഴ്സ്യായിലെ ദാദാസ്, ഭാര്യ കാസ്ദ, മകന്‍ ഗാബ്ദേലാസ്

3. ത്രെയിസിലെ എവുട്ടീക്കിയൂസ്, പ്ളൌട്ടൂസ്

4. ഫ്രാന്‍സിലെ ഫ്രത്തേര്‍ണൂസ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »