News - 2025

ബംഗളൂരുവില്‍ അഞ്ചു മാസമായി പൂട്ടികിടന്നിരുന്ന ദേവാലയം വിശ്വാസികള്‍ക്ക് വീണ്ടും തുറന്നു നല്‍കി

സ്വന്തം ലേഖകന്‍ 29-09-2016 - Thursday

ബംഗളൂരു: അഞ്ചു മാസത്തോളമായി പൂട്ടികിടന്നിരുന്ന ബംഗളൂരുവിലെ കത്തോലിക്ക ദേവാലയം വിശ്വാസികള്‍ക്ക് തുറന്നു നല്‍കി. ബംഗളൂരുവിന്റെ വടക്കായി സ്ഥിതി ചെയ്യുന്ന നാഗനഹള്ളിയിലെ സെന്റ് പോള്‍ ദ ഹെര്‍മിറ്റ് ദേവാലയമാണ് വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നു നല്‍കിയത്. ദേവാലയം തുറന്ന് വിശ്വാസികളെ ആരാധനയ്ക്ക് അനുവദിക്കണമെന്ന് കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസാണ് ദേവാലയം തുറന്നു നല്‍കി ഇവിടെയ്ക്കു പുതിയ വൈദികനെ സേവനത്തിനായി നിയമിച്ചത്.

അതിരൂപതയുടെ സാമ്പത്തിക വിഭാഗത്തിന്റെ ചുമതലകള്‍ കൈകാര്യം ചെയ്യുന്ന ഫാദര്‍ മാര്‍ട്ടിന്‍ കുമാറാണ് ദേവാലയത്തില്‍ പുതിയതായി നിയമിക്കപ്പെട്ട വൈദികന്‍. വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കണമെന്ന് ഫാദര്‍ മാര്‍ട്ടിന്‍ കുമാറിനെ പുതിയ ചുമതല ഏല്‍പ്പിച്ചുകൊണ്ട് നല്‍കിയ ഉത്തരവില്‍ ആര്‍ച്ച് ബിഷപ്പ് നിര്‍ദേശിച്ചു. ഈ മാസം 20-നു കര്‍ണ്ണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ 29-നു മുമ്പ് ദേവാലയം ആരാധനയ്ക്കായി തുറന്നു നല്‍കണമെന്ന് ഉത്തരവിട്ടിരിന്നു.

ദേവാലയത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 21-നാണ് പള്ളി പൂട്ടിയിടുവാന്‍ ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസ് പ്രത്യേക കല്‍പ്പന പുറപ്പെടുവിച്ചത്. ഫാദര്‍ ചൗറപ്പ സെല്‍വരാജ് എന്ന അന്തരിച്ച വൈദികന്റെ പ്രതിമ ദേവാലയ പരിസരത്ത് വിശ്വാസികള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ഫാദര്‍ ചസാര എന്ന പേരിലായിരുന്നു ചൗറപ്പ സെല്‍വരാജ് സഭയില്‍ അറിയപ്പെട്ടിരുന്നത്. ഫാദര്‍ ചസാര തങ്ങളുടെ സാമൂഹിക ആത്മീയ മണ്ഡലങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് നാഗനഹള്ളിയിലെ വിശ്വാസികള്‍ പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പ്രതിമ ദേവാലയ പരിസരത്തു സ്ഥാപിക്കുവാന്‍ വിശ്വാസികള്‍ ബിഷപ്പിന്റെ അനുവാദം ഇല്ലാതെ തീരുമാനിച്ചത്. ഇതേ തുടര്‍ന്നു ദേവാലയം പൂട്ടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരിന്നു. അതേ സമയം തുറന്നു നല്കിയ ദേവാലയത്തില്‍ നിന്ന്‍ വൈദികന്റെ പ്രതിമ പൂര്‍ണ്ണമായും തടിപലകകള്‍ ഉപയോഗിച്ച് മറയ്ക്കണമെന്നും ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശങ്ങള്‍ വിശ്വാസികള്‍ പാലിക്കണമെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »