India - 2025
ക്രൈസ്തവർ എല്ലാ പ്രവർത്തനമേഖലകളിലും യേശുവിനെ പ്രഘോഷിക്കുന്നവരാകണമെന്ന്‍ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ
സ്വന്തം ലേഖകന്‍ 06-10-2016 - Thursday
ഇരിങ്ങാലക്കുട: ദൈവീകമായ ചൈതന്യത്താൽ നിറഞ്ഞ് ക്രൈസ്തവർ എല്ലാ പ്രവർത്തന മേഖലകളിലും യേശുവിന്റെ ജീവിതം പ്രഘോഷിക്കുന്നവരാകണമെന്ന്‍ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കുട രൂപത നിത്യാരാധനാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘എമ്മാനുവൽ 2016’ ആത്മീയ നവീകരണ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
"ദൈവികമായ ചൈതന്യത്താൽ നിറഞ്ഞ് ക്രൈസ്തവർ എല്ലാ പ്രവർത്തനമേഖലകളിലും യേശുവിന്റെ ജീവിതം പ്രഘോഷിക്കുന്നവരാകണം. അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും പ്രഖ്യാപിക്കുവാൻ കടന്നു വന്ന യേശു ദൈവരാജ്യവും ദൈവസ്നേഹവും പ്രഘോഷിക്കുകയായിരുന്നു. ജീവിത സാക്ഷ്യങ്ങൾ തിരസ്കരിക്കപ്പെടുകയും എതിർ സാക്ഷ്യങ്ങൾ പ്രബലപ്പെടുകയും ചെയ്യുന്ന ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ ക്രിസ്തുവിനു സാക്ഷ്യം വഹിക്കാന്‍ ഇത്തരത്തിലുള്ള ദൈവവചന കൺവൻഷനുകൾ സഹായകമാണ്". ബിഷപ് പറഞ്ഞു.
നിത്യാരാധനാകേന്ദ്രം വൈസ് റെക്ടർ ഫാ. ഷാബു പുത്തൂർ, കത്തീഡ്രൽ വികാരി ഫാ. ജോയ് കടമ്പാട്ട്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ പനംകുളം, ഫാ. ജോബി പോത്തൻ, ഫാ. ജിൽസൻ പയ്യപ്പിള്ളി, മതബോധന ഡയറക്ടർ ഫാ. ടോം മാളിയേക്കൽ, സ്പിരിച്വാലിറ്റി സെന്റർ മദർ സിസ്റ്റർ എൽസ എന്നിവർ പങ്കെടുത്തു.