News - 2024

ദൈവത്തിന്റെ കൽപന ലംഘിച്ചുകൊണ്ട് വാഷിംഗ്ടണ്‍ നഗരസഭയിൽ ദയാവധ ബിൽ പാസ്സായി: ബില്ലിനെ എതിര്‍ത്ത് ആയിരങ്ങള്‍ രംഗത്ത്

സ്വന്തം ലേഖകന്‍ 03-11-2016 - Thursday

വാഷിംഗ്ടണ്‍: 'കൊല്ലരുത്' എന്ന ദൈവത്തിന്റെ കൽപന ലംഘിച്ചു കൊണ്ട് ദയാവധത്തിന് വാഷിംഗ്ടണ്‍ നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്കി. പതിനൊന്ന് പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ രണ്ടു പേരാണ് ബില്ലിനെ എതിര്‍ത്തത്. അതേ സമയം ബില്‍ നിയമവിധേയമാകുന്നതിന് ഒരു പ്രാവശ്യം കൂടി കൗണ്‍സില്‍ പാസാക്കുകയും മേയര്‍ ഒപ്പ് വെക്കുകയും ചെയ്യണം. പ്രോലൈഫ് പ്രവര്‍ത്തകരും വൈകല്യമുള്ളവരുടെ സംഘടനകളും ബില്‍ അംഗീകരിച്ച നഗരസഭയുടെ നടപടിയെ ശക്തമായി അപലപിച്ചു.

2015 ജനുവരിയില്‍ മേരി ചെച്ച് എന്ന കൗണ്‍സില്‍ അംഗമാണ് ഇത്തരമൊരു ബില്‍ നഗരസഭയുടെ പരിഗണനയ്ക്കായി കൊണ്ടുവന്നത്. അന്നു മുതല്‍ തന്നെ ബില്ലിനെതിരെ വ്യാപക പ്രതിഷേധം യുഎസിലെ വിവിധ സംഘടകള്‍ ഉയര്‍ത്തിയിരുന്നു. നഗരസഭയുടെ പുതിയ നടപടിയെ ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പൂവറിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായ സിസ്റ്റര്‍ കോണ്‍സ്‌റ്റെന്‍സി വീയറ്റ് ശക്തമായി അപലപിച്ചു.

മനുഷ്യനെ ആദ്യം ബഹുമാനിക്കുവാന്‍ പഠിക്കുമ്പോഴാണ് ദൈവത്തെ കുറിച്ചും മനുഷ്യനെ കുറിച്ചുമുള്ള വിചാരങ്ങള്‍ ഒരാളില്‍ എത്തുന്നതെന്നും മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത സമൂഹമാണ് നമുക്കു ചുറ്റും വളര്‍ന്നുവരുന്നതെന്നും സിസ്റ്റര്‍ വീയറ്റ് പ്രതികരിച്ചു.

രോഗം വന്ന മനുഷ്യരെ ചികിത്സിക്കാതെ വിലകുറഞ്ഞ മരുന്നുകള്‍ നല്‍കി അവരെ മരണത്തിലേക്ക് തള്ളിവിടുവാനുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ ശ്രമമാണ് ബില്ലിലൂടെ നടപ്പിലാകുവാന്‍ പോകുന്നതെന്ന് കൗണ്‍സിലര്‍ വൈറ്റി അലക്‌സാണ്ടര്‍ പറഞ്ഞു.

"മതങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ വാദങ്ങളേയും ഈ വിഷയത്തില്‍ ഞാന്‍ തള്ളികളയുകയാണ്. ഇത്തരമൊരു ബില്‍ പാസാക്കുമ്പോള്‍ മതങ്ങള്‍ മാത്രമാണ് അതിനെ എതിര്‍ക്കുന്നതെന്ന പതിവ് പല്ലവി ഉയര്‍ത്തി ശ്രദ്ധതിരിച്ചുവിടുകയാണ് ഇവിടെ പലരും ചെയ്യുന്നത്. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ തട്ടിപ്പാണ് ഇത്തരം തീരുമാനങ്ങളുടെ പിന്നില്‍". വൈറ്റി അലക്‌സാണ്ടര്‍ പറഞ്ഞു.

ഒരു ഡോക്ടറുടെ സഹായത്തോടെയുള്ള മരണത്തെ കുറ്റകരമല്ലാത്ത ഒരു പ്രവര്‍ത്തിയാക്കി മാറ്റുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. വൈകല്യം ബാധിച്ചവരേയും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരേയും ലക്ഷ്യം വയ്ക്കുന്നതാണ് പുതിയ ബില്ലെന്ന് വിവിധ സംഘടനകള്‍ പറയുന്നു. പണം ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ മുടങ്ങുന്നവര്‍ക്ക് മരിക്കാം എന്ന സന്ദേശമാണ് ബില്ലിലൂടെ നല്‍കുന്നതെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു. നഗരസഭയുടെ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രോ ലൈഫ് സംഘടനകളുടെ തീരുമാനം.