News - 2024
നിയുക്ത കര്‍ദിനാളുമാരുടെ സ്ഥാനാരോഹണം നാളെ
സ്വന്തം ലേഖകന്‍ 18-11-2016 - Friday
വത്തിക്കാന്‍: കഴിഞ്ഞ മാസം ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്ത പുതിയ കര്‍ദിനാളുമാരുടെ സ്ഥാനാരോഹണം നാളെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വെച്ചു നടക്കും. പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി പതിനേഴ് പുതിയ കര്‍ദിനാളുമാരാണ് നാളെ സ്ഥാനാരോഹണത്തിലൂടെ ഉയര്‍ത്തപ്പെടുന്നത്.
മാര്‍പാപ്പയെ തെരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ള 123 കര്‍ദിനാളുമാരില്‍, 44 കര്‍ദിനാളുമാരുടെ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലത്താണ്. ക്രൈസ്തവര്‍ ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന സിറിയയിലെ അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷ്യോയും വത്തിക്കാന്‍ അംബാസിഡറുമായ ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പ് മരിയോ സിനാരിയും കര്‍ദിനാളുമാരായി ഉയര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
നാളെ സ്ഥാനാരോഹണത്തിലൂടെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവര്‍- ആർച്ച് ബിഷപ്പ് ബൽത്താസർ എൻറികെ പോറസ് കാർഡോസ (മെരിദ–വെനസ്വേല), ആർച്ച് ബിഷപ്പ് യോസഫ് ഡി കെസൽ (മാലിനെസ്–ബ്രസൽസ്–ബെൽജിയം), ആർച്ച് ബിഷപ്പ് ബ്ലേസ് കപിച്ച് (ചിക്കാഗോ–അമേരിക്ക), ആർച്ച് ബിഷപ്പ് സെർജിയോ ഡ റോച്ച (ബ്രസീലിയ–ബ്രസീൽ), ആർച്ച് ബിഷപ്പ് പാട്രിക് ഡി റൊസാരിയോ (ധാക്ക–ബംഗ്ലാദേശ്), ആർച്ച് ബിഷപ്പ് വില്യം ടോബിൻ(ഇന്ത്യാനപോലിസ്–അമേരിക്ക), ആർച്ച് ബിഷപ്പ് കെവിൻ ഫാരൽ(ഡാളസ്–അമേരിക്ക), ആർച്ച് ബിഷപ്പ് മാരിയോ സെനാരി (സിറിയയിലെ വത്തിക്കാൻ സ്‌ഥാനപതി–ഇറ്റലി), ആർച്ച് ബിഷപ്പ് ഡീഡോൺ എൻസാപാലെയ്ൻഗ (സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്).
ആർച്ച് ബിഷപ്പ് കാർലോസ് ഒസാരോ സിയേര (മാഡ്രിഡ്–സ്പെയിൻ), ആർച്ച് ബിഷപ്പ് മോറിസ് പിയാറ്റ് (പോർട്ട് ലൂയിസ്–മൗറീഷ്യസ്), ആർച്ച് ബിഷപ്പ് കാർലോസ് അഗ്വിയർ റെറ്റസ് (ടിലാൽനെപാന്റ്ല–മെക്സിക്കോ), ആർച്ച് ബിഷപ്പ് ജോൺ റിബാറ്റ്(പോർട്ട് മോഴ്സ്ബി–പാപ്പുവ ന്യൂ ഗിനി). ആർച്ച് ബിഷപ്പ് എമരിറ്റസ് സെബാസ്റ്റ്യൻ കോട്ടോ ഖോറായി (മൊഹാൽസ് ഹോക്ക്, ലെസോത്തോ), ആർച്ച് ബിഷപ്പ് എമരിറ്റസ് ആന്റണി സോട്ടർ ഫെർണാണ്ടസ് (ക്വാലാലംപുർ–മലേഷ്യ), ആർച്ച് ബിഷപ്പ് എമരിറ്റസ് റെനാറ്റോ കോർട്ടി (നൊവാര–ഇറ്റലി), ഫാ. ഏണസ്റ്റ് സിമോണി (അൽബേനിയ).