News
ബ്രിട്ടനിലെ ആദിമ ക്രൈസ്തവരുടെ മൃതശരീരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി; കണ്ടെത്തല്‍ ആദിമ സഭയുടെ ചരിത്രത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതായിരിക്കുമെന്ന് ശാസ്ത്രസംഘം
സ്വന്തം ലേഖകന്‍ 18-11-2016 - Friday
ലണ്ടന്‍: ബ്രിട്ടനിലെ ആദിമ ക്രൈസ്തവരുടെ മൃതശരീരങ്ങളുടെ അവശിഷ്ടങ്ങൾ നോര്‍ഫോല്‍ക്കില്‍ നിന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. യുകെയിലെ ആദിമ ക്രൈസ്തവ വിശ്വാസത്തിലേക്കും അവരുടെ വിവിധ ആചാരങ്ങളിലേക്കും വെളിച്ചം വീശുന്ന കണ്ടെത്തലാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. 1300-ല്‍ അധികം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഒരു ചാപ്പലിന്റെ സമീപത്തു നിന്നുമാണ് 81 കുഴിമാടങ്ങളും മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളും ഗവേഷകര്‍ കണ്ടെത്തിയത്. രാജ്യത്ത് ക്രൈസ്തവ വിശ്വാസം വേരോടിയ ആദ്യകാലങ്ങളില്‍ മരിച്ചവരുടെ കുഴിമാടങ്ങളാണിതെന്ന് ഗവേഷകര്‍ കരുതുന്നു.
ഹിസ്റ്ററിക് ഇംഗ്ലണ്ട് പദ്ധതിയുടെ ഭാഗമായാണ് ഈ പ്രദേശത്ത് ഗവേഷണം നടത്തപ്പെട്ടത്. മ്യൂസിയം ഓഫ് ലണ്ടന്‍ ആര്‍ക്കിയോളജിയിലെ ഒരു സംഘം വിദഗ്ധരാണ് നോര്‍ഫോല്‍ക്കില്‍ ഘനനം നടത്തി കുഴിമാടങ്ങൾ കണ്ടെത്തിയത്. ആഗ്ലോ-സാക്‌സണ്‍ ക്രൈസ്തവ സമൂഹത്തിന്റെ മൃതസംസ്‌കാര രീതിയോട് സാമ്യമുള്ള തരത്തിലാണ് ഇവിടെയുള്ള മൃതശരീരങ്ങള്‍ സംസ്‌കരിച്ചിരിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. തടികൊണ്ട് ഉണ്ടാക്കിയിരുന്ന ശവപെട്ടികള്‍ പൂർണ്ണമായി നശിക്കാത്ത അവസ്ഥയിലായിരുന്നു കണ്ടെത്തിയത്.
മ്യൂസിയം ഓഫ് ലണ്ടന്‍ ആര്‍ക്കിയോളജിയിലെ ശാസ്ത്രജ്ഞനായ ജയിംസ് ഫെയര്‍ക്ലോയുടെ അഭിപ്രായത്തില്‍, പ്രദേശത്തിന്റെ പ്രത്യേക ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് തടികൊണ്ടു നിര്‍മ്മിക്കപ്പെട്ട ശവപെട്ടികള്‍ നശിച്ചുപോകാതിരിക്കുവാന്‍ കാരണമായത്. അംമ്ലത്വമുള്ള മണലും, ക്ഷാരഗുണമുള്ള വെള്ളവും നിറഞ്ഞ ഭൂപ്രകൃതിയുടെ പ്രത്യേകത മൂലമാണ് വര്‍ഷങ്ങള്‍ക്കു ശേഷവും ശവപെട്ടികള്‍ പൂർണ്ണമായും നശിച്ചു പോകാതിരുന്നതിനു പിന്നിലെ കാരണമെന്ന് ജയിംസ് ഫെയര്‍ക്ലോ അഭിപ്രായപ്പെടുന്നു.
ഓക് മരത്തിന്റെ തടികള്‍ ഉപയോഗിച്ചുള്ള ശവപെട്ടികളാണ് ഇവിടെ നിന്നും ലഭിച്ചിട്ടുള്ളത്. മൃതശരീരം മറവ് ചെയ്യുന്നതിനായി കുഴികള്‍ എടുത്ത ശേഷം അതില്‍ തടികള്‍ പാകി ദൃഢമാക്കുന്ന പതിവ് ആദിമ കാലങ്ങളില്‍ നിലനിന്നിരുന്നായി ഗവേഷക സംഘം അഭിപ്രായപ്പെടുന്നു. കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് മൃതശരീരങ്ങള്‍ സംസ്‌കരിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഇവിടെ നിന്നും മനസിലാക്കുവാന്‍ സാധിക്കും. തടിയുപയോഗിച്ച് ശവപെട്ടികള്‍ നിര്‍മ്മിക്കുന്ന രീതിയിലേക്ക് ക്രൈസ്തവ സമൂഹം മാറിയ കാലഘട്ടത്തിലേക്കു കൂടിയാണ് നോര്‍ഫോല്‍ക്കിലെ ഈ പുരാതന കല്ലറകള്‍ വിരള്‍ ചൂണ്ടുന്നത്.
നോര്‍വിച്ച് കാസ്റ്റില്‍ മ്യൂസിയത്തിന്റെ ചുമതലകള്‍ വഹിക്കുന്ന ടിം പെസ്റ്റെല്‍ ക്രൈസ്തവ പരിണാമത്തിന്റെ ശക്തമായ തെളിവുകളാണ് നോര്‍ഫോല്‍ക്കില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. സഭയുടെ വളര്‍ച്ചയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനി ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ടിം പെസ്റ്റെല്‍ കൂട്ടിച്ചേര്‍ത്തു.
ലഭിച്ചിരിക്കുന്ന മൃതശരീര അവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനയും തലയോടിന്റെ പരിശോധനകളും ഉടന്‍ തന്നെ ശാസ്ത്ര സംഘം ആരംഭിക്കും. ശവപെട്ടികള്‍ നിര്‍മ്മിക്കപ്പെട്ട ഓക്ക് മരത്തിന്റെ കാലപഴക്കവും റിംഗ് ടെസ്റ്റിലൂടെ നിര്‍ണയിക്കുവാനുള്ള തയ്യാറെടുപ്പും സമാന്തരമായി തന്നെ നടത്തപ്പെടും. ഇത്തരം ശാസ്ത്രീയ തെളിവുകള്‍ കൂടി എത്തുമ്പോള്‍ ആദിമ ക്രൈസ്തവ വിഭാഗത്തെ കുറിച്ചുള്ള കൂടുതൽ വ്യക്തമായ രൂപരേഖകൾ ലഭിക്കുമെന്ന് ഗവേഷകർ കരുതുന്നു.