News - 2024

ക്രൈസ്തവരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത മുസ്ലീം ഇമാം ഇന്ന് ലോകത്തോടു പ്രഘോഷിക്കുന്നു "ക്രിസ്തു ഏകരക്ഷകൻ"

സ്വന്തം ലേഖകന്‍ 22-11-2016 - Tuesday

റിയാദ്: ക്രൈസ്തവരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത പശ്ചിമേഷ്യന്‍ രാജ്യത്തുള്ള ഇമാം ഇന്ന് ലോകത്തോടു പ്രഘോഷിക്കുന്നു "ക്രിസ്തു ഏകരക്ഷകൻ". യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കാനും അവിടുത്തെ മാര്‍ഗത്തിലേക്ക് തിരിയുവാനും, ക്രിസ്തുവിനെ ആരാധിക്കുവാനും 45-കാരനായ ഇമാമിന് 'മരണം' എന്ന അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നു. കേള്‍ക്കുമ്പോള്‍ വിശ്വസിക്കുവാന്‍ കഴിയാത്ത ഈ സംഭവം 'ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റ്' എന്ന സംഘടനയാണ് വിശദീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ ജീവന് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് എന്ന സംഘടന, ഇപ്പോഴും ക്രിസ്തുവിശ്വാസത്തിലേക്ക് വന്ന ഇമാമിന്റെ പേരുവിവരങ്ങൾ പൂർണ്ണമായും വെളിപ്പെടുത്തിയിട്ടില്ല.

മുനാഫ് അലി എന്ന പേരാണ് 45-കാരനായ ഈ ഇമാമിനെ വിശേഷിപ്പിക്കുന്നതിനായി സുവിശേഷ സംഘടന തങ്ങളുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഇസ്ലാം മതപണ്ഡിതനും, പ്രമുഖ പ്രഭാഷകനുമായ മുനാഫ് അലിയെന്ന ഇമാം ക്രൈസ്തവരെ ദ്രോഹിക്കുന്നതിന് ആഹ്വാനം ചെയ്തിരുന്ന വ്യക്തിയായിരുന്നു. ഇത്തരം ചില സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്, ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റിന്റെ പ്രവര്‍ത്തകര്‍ മുനാഫ് അലിയെ കാണുവാന്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ എത്തിയത്.

യേശുക്രിസ്തുവിനെ കുറിച്ചും, അവനിലൂടെ ലഭിച്ച രക്ഷയെകുറിച്ചും ഈ സംഘം ഇമാമിനോട് വിശദീകരിച്ചു. എന്നാല്‍, ഇതൊന്നും കേള്‍ക്കുവാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. മുനാഫ് അലി അവരെ ശപിക്കുവാനും, അപമാനിക്കുവാനും ആരംഭിച്ചു. സുവിശേഷ സംഘം നല്‍കിയ ബൈബിളിന്റെ പ്രതി സ്വീകരിക്കുവാന്‍ പോലും ഇമാം കൂട്ടാക്കിയില്ല. വീട്ടില്‍ കടന്നുവന്ന സുവിശേഷകരെ അപമാനിച്ചാണ് ഇമാം ഇറക്കിവിട്ടത്.

ഇവർ താമസിക്കുന്ന സ്ഥലം കണ്ടുപിടിച്ച ശേഷം മുസ്ലീം വിശ്വാസികളെ കൊണ്ട് അവിടം ആക്രമിക്കണം എന്ന് മുനാഫ് അലി പദ്ധതിയിട്ടിരുന്നു. എന്നാല്‍ പരിശുദ്ധാത്മ ശക്തിയാല്‍ പ്രത്യേക വെളിപ്പാട് ലഭിച്ച സുവിശേഷ സംഘം സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിച്ചു. ഇങ്ങനെ ദിവസങ്ങള്‍ മുന്നോട്ടു പോകുമ്പോഴാണ് ഒരു വെള്ളിയാഴ്ച ദിവസം ഇമാം തന്റെ പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷം വീട്ടിലേക്കു മടങ്ങി വരുമ്പോള്‍ തലചുറ്റി നിലത്തു വീണത്.

പിന്നീട് നടന്ന കാര്യങ്ങൾ കേവലം യുക്തികൊണ്ടു മാത്രം ചിന്തിച്ചാൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവയാണ്. മുനാഫ് അലി ഇങ്ങനെയാണ് സംഭവത്തെ വിശദീകരിക്കുന്നത്."തലകറങ്ങി വീണ ഞാന്‍ കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മരിച്ചു. എന്റെ ആത്മാവിനെ കൂട്ടിക്കൊണ്ടു പോകുവാന്‍ ചെകുത്താന്‍മാരുടെ വലിയ സംഘമാണ് വന്നത്. ഞാന്‍ അള്ളാഹുവിന്റെ നാമത്തില്‍ അവരെ ഓടിച്ചുവിടുവാന്‍ ശ്രമിച്ചു. നിങ്ങള്‍ക്ക് എന്റെ ആത്മാവിനെ കൊണ്ടു പോകുവാന്‍ ഒരവകാശവുമില്ലെന്ന് ഞാന്‍ ഉറക്കെ പറഞ്ഞു. എന്നാല്‍ അവര്‍ പിന്‍മാറുവാന്‍ കൂട്ടാക്കിയില്ല. തങ്ങള്‍ക്ക് മാത്രമാണ് അതിനുള്ള അവകാശമെന്ന് പിശാചുക്കള്‍ ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു".

"പെട്ടെന്നു തന്നെ യേശുക്രിസ്തു അസംഖ്യം മാലാഖമാരുമായി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവരുന്നതായി ഞാന്‍ കണ്ടു. അദ്ദേഹം എന്റെ ഹൃദയത്തോട് സംസാരിച്ചു. ആദിമ മനുഷ്യന്‍ സാത്താന്റെ പ്രലോഭനത്തിന് വഴങ്ങി പാപം ചെയ്തതും, രക്ഷാകരമായ അവസ്ഥയിലേക്ക് മനുഷ്യരെ കൂട്ടികൊണ്ടു പോകുവാന്‍ യേശുക്രിസ്തു ഏറ്റെടുത്ത പീഡാസഹനങ്ങളെക്കുറിച്ചും അവിടുന്ന് എന്നോട് പറഞ്ഞു. സ്വര്‍ഗരാജ്യത്തിലെ ഒരു പൗരനായി ഞാന്‍ മാറണമെന്നും ക്രിസ്തു എന്നോട് പറഞ്ഞു. ഒരു സാക്ഷിയായി ജീവിക്കുവാന്‍ ഞാന്‍ നിന്റെ ജീവനെ മടക്കി നല്‍കുന്നുവെന്ന് പറഞ്ഞാണ് കര്‍ത്താവ് അപ്രത്യക്ഷനായത്". മുനാഫ് അലി പറഞ്ഞു.

മേശപുറത്ത് കിടത്തി തന്റെ മൃതശരീരം ആരോ കുളിപ്പിക്കുമ്പോഴാണ് വീണ്ടും ബോധം വീണതെന്ന് മുനാഫ് അലി ഓര്‍ക്കുന്നു. മരിച്ചു പോയ തന്നെ മകനും മറ്റുള്ളവരും ചേര്‍ന്ന് സംസ്‌കരിക്കുവാന്‍ കൊണ്ടുപോകുന്നതിന് മുമ്പുള്ള കുളിപ്പിക്കലായിരുന്നു അതെന്ന കാര്യം അദ്ദേഹത്തെ ഞെട്ടിച്ചു. മരിച്ചു പോയ മുനാഫ് അലി കണ്ണുകള്‍ തുറന്നപ്പോള്‍ നിരവധി പേര്‍ ഭയത്തോടെ ഓടിപോയി. തിരികെ ജീവന്‍ ലഭിച്ച മുനാഫ് അലി നടന്ന സംഭവങ്ങള്‍ എല്ലാവരോടും പറഞ്ഞു. ചിലര്‍ മുനാഫിന്റെ വാക്കുകള്‍ വിശ്വസിച്ചു. മറ്റു ചിലര്‍ അത് തള്ളികളഞ്ഞു.

തലചുറ്റി വീണപ്പോള്‍ മുനാഫിന്റെ തല തറയില്‍ ശക്തമായി ഇടിച്ചുകാണുമെന്നും, ഇതിനാല്‍ ബോധം നഷ്ടപ്പെട്ട അവസ്ഥയില്‍ ഭ്രാന്ത് സംസാരിക്കുകയാണെന്നും ചില മുസ്ലീം വിശ്വാസികള്‍ പറഞ്ഞു. ക്രിസ്തുവിനെ കുറിച്ച് പ്രസംഗിക്കുവാനും, സാക്ഷീകരിക്കുവാനും ആരംഭിച്ച മുനാഫിനെ അവര്‍ ഇമാം സ്ഥാനത്തു നിന്നും പുറത്താക്കി.

എന്നാല്‍ മുനാഫ് അലിയും കുടുംബവും അവിടെനിന്നും രക്ഷപെട്ടു. സ്വന്തം രാജ്യത്ത് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നതിനാല്‍ അവര്‍ മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്തിരിക്കുകയാണ്. ആയിരിക്കുന്ന സ്ഥലത്ത് ക്രിസ്തു സാക്ഷിയായി ജീവിക്കുകയാണ് ഈ പഴയ ഇസ്ലാം പണ്ഡിതന്‍. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അപേക്ഷയും, ഇമാമിനെ സുവിശേഷം അറിയിക്കുവാന്‍ ശ്രമിച്ച സുവിശേഷ സംഘം ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റിന്റെ വെബ്‌സൈറ്റിലൂടെ നടത്തിയിട്ടുണ്ട്.


Related Articles »