News - 2024
അടുത്ത വര്‍ഷം നവംബറിൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന്‍ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍ 27-11-2016 - Sunday
ന്യൂഡൽഹി: അടുത്ത നവംബറിൽ ഫ്രാന്‍സിസ് പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് ഉറപ്പായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ വത്തിക്കാനില്‍ നിന്ന്‍ ഔദ്യോഗിക സ്ഥിതീകരണം ഇത് വരെ ഉണ്ടായിട്ടില്ല. കൊൽക്കത്തയിൽ വിശുദ്ധ തെരേസയുടെ കബറിടം സന്ദർശിക്കുന്ന മാർപാപ്പ കേരളവും സന്ദർശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ ജോര്‍ജിയയിലേയും അസര്‍ബൈജാനിലേയും തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുമ്പോള്‍ പരിശുദ്ധ പിതാവ് ഭാരതത്തിലേക്കും ബംഗ്ലാദേശിലേക്കും അടുത്ത വര്‍ഷം സന്ദര്‍ശനം നടത്തുവാന്‍ സാധ്യതയുണ്ടെന്നു വെളിപ്പെടുത്തല്‍ നടത്തിയിരിന്നു.
ഭാരതവും, ബംഗ്ലാദേശും സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന അടുത്ത വര്‍ഷം തന്നെ ഒരു ആഫ്രിക്കന്‍ രാജ്യവും തനിക്ക് സന്ദര്‍ശിക്കണമെന്ന ആഗ്രഹവും മാര്‍പാപ്പ പത്രക്കാരോട് പങ്കുവച്ചു. അതേ സമയം ഭാരതം സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച് മാര്‍പാപ്പ സൂചനകള്‍ ഒന്നും നല്‍കിയിരിന്നില്ല.
1964–ൽ മുംബൈ ദിവ്യകാരുണ്യ കോൺഗ്രസ് വേളയിൽ പോൾ ആറാമൻ മാർപാപ്പയും 1986 ലും 1999 ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിരുന്നു. ജോൺപോൾ രണ്ടാമൻ 1986 ൽ കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ വിവിധ ചടങ്ങുകളിൽ സംബന്ധിക്കുകയുണ്ടായി. 1999–ലെ സന്ദർശനം ഡൽഹിയിൽ മാത്രമായിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം അടുത്ത വർഷമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി വരാപ്പുഴ അതിരൂപത നിയുക്‌ത ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിന്നു.