News - 2024

ദൈവരാജ്യത്തിന്റെ ഭാഗമാകുവാന്‍ മനസ്സിന്റെ പരിവര്‍ത്തനം അനിവാര്യം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 05-12-2016 - Monday

വത്തിക്കാന്‍ സിറ്റി: ദൈവരാജ്യത്തിന്റെ ഭാഗമാകുവാന്‍ നമ്മുടെ മനസിന്റെ പരിവര്‍ത്തനം അത്യാവശ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗമനകാലഘട്ടത്തിലെ രണ്ടാം ഞായറാഴ്ച വിശ്വാസ സമൂഹത്തോട് സംസാരികയായിരിന്നു മാര്‍പാപ്പ. വിശുദ്ധ മത്തായിയുടെ സുവിശേഷം മൂന്നാം അധ്യായത്തിലെ ആദ്യഭാഗമാണ് തന്റെ പ്രസംഗത്തിനായി പാപ്പ തെരഞ്ഞെടുത്തത്.

"സ്‌നാപകന്‍ യോഹന്നാന്‍ ജനത്തോട് ഹൃദയത്തിന്റെ പശ്ചാത്താപം ആവശ്യപ്പെടുന്നു. ഇന്നത്തെ കാലഘട്ടത്തിലും ഇത് ആവശ്യമാണ്. ക്രിസ്തുമസിനെ വരവേല്‍ക്കുന്ന ഈ കാലഘട്ടത്തിലും നമുക്ക് ആത്മാര്‍ത്ഥമായ പശ്ചാത്താപം ആവശ്യമാണ്. യോഹന്നാന്‍ ജനത്തോട് പറയുന്ന അതേ സന്ദേശമാണ് ഗലീലിയായില്‍ യേശുവും ജനങ്ങളോട് പങ്കുവയ്ക്കുന്നത്".

"ഒരു പ്രേഷിതന്‍ യേശുവിനെ പ്രഘോഷിക്കാന്‍ പുറപ്പെടുമ്പോള്‍ അവന്‍ സ്വന്തം ഗണത്തില്‍ കൂടുതലനുയായികളെ ചേര്‍ക്കാന്‍ ശ്രമിക്കുന്ന ഒരുവനെപ്പോലെ മതപരിവര്‍ത്തനത്തിനല്ല ഇറങ്ങിത്തിരിക്കുന്നത്. ദൈവരാജ്യം നിങ്ങളുടെ മദ്ധ്യേ വന്നിരിക്കുന്നുവെന്ന്‍ പ്രഘോഷിക്കുന്നതിനു മാത്രമാണ് അവന്‍ പോകുന്നത്. സമീപഭാവിയില്‍ തന്നെ ദൈവരാജ്യത്തിന്റെ ചില നല്ല ഗുണങ്ങള്‍ നാം ജീവിക്കുന്ന ഈ ലോകത്തില്‍ തന്നെ നമുക്ക് അനുഭവിക്കുവാന്‍ സാധിക്കും. ഇഹലോകത്തിലും പരലോകത്തിലും ദൈവരാജ്യത്തിന്റെ ഭാഗമാകുവാന്‍ നാം മനസിന്റെ പരിവര്‍ത്തനം നടത്തേണ്ടിയിരിക്കുന്നു". പരിശുദ്ധ പിതാവ് പറഞ്ഞു.

"ക്രിസ്തുമസ് എന്നത് സന്തോഷത്തിന്റെ മഹാ ആഘോഷമാണ്. എന്നാല്‍ ഇതിനെ ആഘോഷിക്കുന്നതിനായി നാം ആത്മീയമായി ശരിയായ രീതിയില്‍ ഒരുങ്ങേണ്ടതുണ്ട്. എന്തു വിലകൊടുത്തും നേട്ടം കൊയ്യാന്‍ പരിശ്രമിക്കുകയും ബലഹീനരെ ബലിയാടുകളാക്കി അധികാരം കൈയ്യിലേന്തുകയും ദ്രവ്യാസക്തി പുലര്‍ത്തുകയും ചെയ്യുന്നത് സാത്താന്‍റെ മനോഭാവങ്ങളാണ്. ക്രിസ്തുമസിന്റെ ശരിയായ സന്തോഷം അനുഭവിക്കുന്നതിനായി ലോകത്തിന്റെ വിഗ്രഹങ്ങളേയും, പണത്തോടുള്ള ദാഹത്തേയും നാം ഉപേക്ഷിക്കേണ്ടതുണ്ട്". പാപ്പ കൂട്ടിച്ചേര്‍ത്തു.

യേശുവുമായുള്ള സ്നേഹ സംഗമത്തിന് നമ്മെത്തന്നെ ഒരുക്കാന്‍ കന്യകാമറിയം നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. റോം, സ്‌പെയിന്‍, ക്രോയേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ മാര്‍പാപ്പ തന്റെ പ്രത്യേക ആശംസ അറിയിച്ചു.


Related Articles »