India - 2025
വിശ്വാസികളെ ആഴത്തില്‍ വേദനിപ്പിച്ചു: മാര്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 19-12-2016 - Monday
കൊച്ചി: ഭാഷാപോഷിണി മാസികയില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അവഹേളിക്കുന്ന രീതിയില്‍ വന്ന ചിത്രം ക്രിസ്തീയ വിശ്വാസികള്‍ എല്ലാവരെയും വേദനിപ്പിച്ചതായി സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു.
ക്രൈസ്തവ സന്യാസിനിമാരെ അതില്‍ ചിത്രീകരിച്ചതിലൂടെ ലക്ഷക്കണക്കായ സമര്‍പ്പിതരെയും അപമാനിച്ചിരിക്കുന്നു. രചനകള്‍ പലതവണ വായിച്ചും പരിശോധിച്ചും തിരുത്തിയും പ്രസിദ്ധീകരിക്കാനാവുന്ന ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ ഇതുവന്നു എന്നതു വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അങ്ങനെ സംഭവിക്കരുതായിരുന്നു.
തങ്ങളുടെ വികാരങ്ങളെ ആഴത്തില്‍ മുറിപ്പെടുത്തുന്ന ഈ സംഭവത്തില്‍ വിശ്വാസികള്‍ പലേടത്തും പരസ്യമായ പ്രതിഷേധ പ്രകടനങ്ങളിലേക്ക് ഇറങ്ങിയതായി കാണുന്നു. അതേസമയം ആ മാസികയുടെ മാനേജ്‌മെന്റ് പത്രത്തിലൂടെ ക്ഷമാപണം നടത്തിയത് ഒരു ക്രിയാത്മക പ്രതികരണമായി കണക്കാക്കുന്നു.
പ്രസ്തുത ചിത്രം ഉണ്ടാക്കിയ മുറിവും വേദനയും പെട്ടെന്നു മാറുന്നതല്ല. വിശ്വാസികളുടെ വികാര വിചാരങ്ങള്‍ കണക്കിലെടുത്തുകൊണ്ടു കൂടുതല്‍ ഉത്തരവാദിത്വത്തോടെ മാധ്യമപ്രവര്‍ത്തനം നടത്താന്‍ എല്ലാവര്‍ക്കും ഇതു പാഠമാകേണ്ടതാണ് എന്നു മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.