Social Media - 2025
ഭാഷാപോഷിണി വിവാദം: ബെന്യാമിനു വൈദികന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയാകുന്നു
സ്വന്തം ലേഖകന്‍ 20-12-2016 - Tuesday
കൊച്ചി: ഭാഷാപോഷിണി മാസികയില്‍ വന്ന വിവാദ ചിത്രത്തിനെ അനുകൂലിച്ച് രംഗത്തെത്തിയ എഴുത്തുകാരന്‍ ബെന്യാമിന്‍ ബെന്നിയ്ക്കു വൈദികന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ കുടുംബജ്യോതി മാസികയുടെ ചീഫ് എഡിറ്റര്‍ ഫാ. ജോസഫ് ഇലഞ്ഞിമറ്റത്തിലിന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയായിരിക്കുന്നത്.
ഫാ. ജോസഫ് ഇലഞ്ഞിമറ്റത്തില്‍ ബെന്യാമിന്‍ ബെന്നിയ്ക്കു എഴുതിയ കത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ കൊടുക്കുന്നു.
സ്‌നേഹം നിറഞ്ഞ ബന്യാമിന്‍,
നോവലുകളിലൂടെയും കഥകളിലൂടെയും അറിഞ്ഞ ബന്യാമിനെ സ്‌നേഹിക്കുന്ന ഒരു മലയാളിയാണു ഞാന്‍. അന്ത്യത്താഴ ചിത്ര വിവാദത്തോടനുബന്ധിച്ചുള്ള താങ്കളുടെ പ്രസ്താവന എനിക്ക് അനല്പമായ ദുഖഃമുളവാക്കി എന്ന് തുറന്നു പറയട്ടെ.
കേരളത്തില്‍ സാംസ്‌കാരിക നായകന്റെ മുഖമുദ്രകളിലൊന്ന് ക്രൈസ്തവവിരുദ്ധത ആണെന്നറിയാം. ക്രൈസ്തവപശ്ചാത്തലത്തെ തള്ളിപ്പറയേണ്ടത് താങ്കളിലെ എഴുത്തുകാരന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് തോന്നിത്തുടങ്ങിയോ ?
എഴുത്തുകാരനെന്ന നിലയില്‍ പേരെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി ആകാശത്തിന്‍ കീഴിലുള്ള സകലതിനെയും കുറിച്ച് ചുമ്മാ കയറിയങ്ങ് അഭിപ്രായം പറയാന്‍ ലൈസന്‍സുള്ള സാംസ്‌കാരിക നായകനാകാനുള്ള ബന്യാമിന്റെ ഇപ്പോഴത്തെ ഈ വ്യഗ്രത കാണുമ്പോ ഓര്‍മ്മ വരുന്നത് എംസി റോഡില്‍ മിക്കവാറും വണ്ടിക്ക് വട്ടം ചാടുന്നവരോട് പറയുന്ന ഡയലോഗാണ് "എന്റെ വണ്ടിയേ കിട്ടിയുള്ളോ ?"
മനോരമയ്ക്ക് ക്രിസ്ത്യാനിയുടെ നേര്‍ക്കുള്ള ആവിഷ്‌കാരസ്വാതന്ത്ര്യ പ്രതിബദ്ധത മറ്റു മതസ്ഥരോടു കൂടി ഉണ്ടായിരുന്നെങ്കില്‍ മീനച്ചിലാറ്റിലെ മുഴുവന്‍ വെള്ളവും ചീറ്റിച്ചാലും കേരളാ ഫയര്‍ ഫോഴ്‌സിനു തീയണയ്ക്കാന്‍ പറ്റില്ല എന്നവര്‍ക്കറിയാവുന്നതുകൊണ്ട് ക്രൈസ്തവരോടു മാത്രമേ അവര്‍ ഇങ്ങനെ ചെയ്യൂ. ചെയ്ത തെറ്റിനെപ്പറ്റി അവരെ ബോധ്യപ്പെടുത്താനും മേലില്‍ ഇങ്ങനെ സംഭവിക്കാതിരിക്കേണ്ടതിനുമാണ് ക്രൈസ്തവര്‍ ഈ സംഭവത്തോട് പ്രതികരിച്ചത്. സല്‍മാന്‍ റുഷിദിയെപ്പോലെ ആവിഷ്‌കാരസ്വാതന്ത്ര്യം ഒന്നാഞ്ഞു പിടിച്ചാല്‍ മനോരമയുടെ മൂടു താങ്ങി വില നഷ്ടപ്പെടുത്തിയ ബെന്യാമിന്റെ തലയ്ക്കും കോടികള്‍ വിലയൊപ്പിക്കാം.
കത്തോലിക്കാ പുരോഹിതരുടെ ഏതാണ്ടെല്ലാം പൊട്ടിയതും ഒലിച്ചതും തടയാന്‍ കടുക്കാവെള്ളം ബെസ്റ്റാണെന്നു താങ്കള്‍ പറയുന്നത് കേട്ടു. വിവാഹത്തിനു മുമ്പും കുടുംബം കൂടെയില്ലാതിരുന്ന ഗള്‍ഫ് ജോലിക്കാലത്തും ഭാര്യ ഗര്‍ഭിണിയായിരുന്ന കാലത്തും പൊട്ടി ഒലിക്കാതിരിക്കാന്‍ താങ്കള്‍ ഉപയോഗിച്ചിരുന്നത് കടുക്കാ വെള്ളം ആയിരുന്നോ ?
ആത്മാര്‍ത്ഥമായ ഒരു ഉപദേശം കേട്ടപ്പോള്‍ അതിലധികം ആത്മാര്‍ത്ഥമായൊരു സംശയം തോന്നിയതു കൊണ്ടു ചോദിച്ചു പോയതാണു. കുടുംബത്തിന് അത്താണിയാവാന്‍ ആടുജീവിതക്കാരന്‍ പ്രവാസിക്ക് വര്‍ഷത്തില്‍ 11 മാസം ഗള്‍ഫില്‍ ബ്രഹ്മചാരിയായിരിക്കാമെങ്കില്‍ ദൈവത്തിനും ദൈവത്തിന്റെ ജനത്തിനും വേണ്ടി 12 മാസവും ബ്രഹ്മചാരിയായിരിക്കാന്‍ ഒരു കത്തോലിക്കാ പുരോഹിതന് താങ്കളുടെ ഒറ്റമൂലിയുപദേശം ആവശ്യമില്ല.
ലൈംഗികചൂഷണം നടത്തുന്നവര്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും ശിക്ഷിക്കുകയും ചെയ്യണമെന്നു തന്നെയാണ് സഭയുടെ നിലപാട്. നൂറുകണക്കിനു പീഡനങ്ങള്‍ ദിവസവും റജിസ്റ്റര്‍ ചെയ്യുന്ന കേരളത്തില്‍ വര്‍ഷത്തിലൊരു വൈദികന്‍ പിടിക്കപ്പെട്ടതിന്റെ പേരില്‍ ഹോള്‍സെയിലും റീട്ടേലുമായി പീഡനഭാരം മുഴുവന്‍ കത്തോലിക്കാ പുരോഹിതന്റെ തലയിലേയ്ക്ക് ആരും കെട്ടിവയ്‌ക്കേണ്ട.
പേരുകൊണ്ടെങ്കിലും താങ്കള്‍ ഒരു ക്രൈസ്തവവിശ്വാസിയായതു കൊണ്ട് ഈശോയെയും 12 ശിഷ്യന്‍മാരെയും പറ്റി കേട്ടിരിക്കുമല്ലോ. നന്നായി പ്രാര്‍ഥിച്ച് ദൈവപുത്രനായ ക്രിസ്തു നേരിട്ട് തിരഞ്ഞെടുത്തവരില്‍ തന്നെ ഒരു ശിഷ്യന്‍ വഞ്ചകനായിപ്പോയി. എന്നാല്‍ ആ വഞ്ചകന്റെ കെയറോഫിലാണോ ക്രൈസ്തവരെല്ലാം ഇന്ന് അറിയപ്പെടുന്നത് ?
അതുകൊണ്ട് പീഢകരുടെ ലേബല്‍ താങ്കള്‍ വൈദികരുടെമേല്‍ ഫെവിസ്റ്റിക്കുകൊണ്ട് ഒട്ടിച്ചാലും അതവിടെ ഇരിക്കില്ലെന്നു മാത്രമല്ല വിശ്വാസികള്‍ അത് പുച്ഛിച്ചു തള്ളുകയേ ഉള്ളൂ. ദിനപത്രങ്ങളില്‍ നമ്മള്‍ വായിച്ചറിഞ്ഞ 80000 രൂപയ്ക്ക് സ്വന്തം ഭാര്യയെ ഹോട്ടലുകളില്‍ കൊണ്ടുപോയി കാഴ്ചവച്ച ഭര്‍ത്താവിനോടും സ്വന്തം മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അച്ഛനോടും മന്ദബുദ്ധിയായ യുവതിയെ പീഢിപ്പിച്ച രണ്ടു കുട്ടികളുടെ പിതാവായ മധ്യവയസ്‌കനോടുമൊക്കെ സമയം കിട്ടുമ്പോള്‍ സ്വയമൊന്നു തുലനം ചെയ്തു നോക്കൂ.
എത്ര ബാലിശമാണല്ലേ ? അല്ലെങ്കില്‍ താങ്കള്‍ അത്തരക്കാരനാണെന്നു ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ ! നിങ്ങളവരെ പുച്ഛിക്കും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചില പുരോഹിത പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ വൈദികരെല്ലാം പീഡനവീരന്‍മാരാണെന്ന് പറയുന്നതില്‍ ഇതേ ബാലിശതയാണെന്നു മനസിലാക്കാന്‍ കേരള സാഹിത്യ അവാര്‍ഡ് നേടിയിട്ടുള്ള ഒരാള്‍ക്ക് അധികം ആലോചനയുടെ ആവശ്യമുണ്ടോ ?
ലൈംഗികപീഡനം ഈ സമൂഹത്തിന്റെ പുഴുക്കുത്താണ്. ദൈവം വരമായിത്തന്ന ഭാഷയും കഥാകഥനശേഷിയുമൊക്കെ ഉപയോഗിച്ച് മികച്ച കൃതികളിലൂടെ ഇത്തരം പുഴുക്കുത്തുകളില്‍ നിന്നും സമൂഹത്തെ വിമലീകരിക്കുകയല്ലേ ഒരു എഴുത്തുകാരന്‍ ചെയ്യേണ്ടത്.
ഞങ്ങള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്. അല്ലാതെ തക്കം നോക്കിയിരുന്ന് മതപുരോഹിതരുടെ ചോര കുടിച്ച് സാംസ്‌കാരിക നായകന്‍ ചമയുകയല്ല വേണ്ടത്. ഒപ്പം ക്രൈസ്തവന്‍ എന്ന അസ്തിത്വത്തെ തള്ളിപ്പറയാനുള്ള വ്യഗ്രത മാറ്റണമെന്നൊരു അപേക്ഷയും. അങ്ങയുടെ പുസ്തകങ്ങള്‍ ഇനിയും ഞാന്‍ വായിക്കും. കാരണം താങ്കള്‍ സമകാലിക മലയാളസാഹിത്യത്തിലെ അതുല്യപ്രതിഭയാണെന്നതു തന്നെ.
സ്‌നേഹപൂര്‍വ്വം,
ഫാ. ജോസഫ് ഇലഞ്ഞിമറ്റം
ചീഫ് എഡിറ്റര്‍, കുടുംബജ്യോതി മാസിക