News - 2024

പീഡനങ്ങള്‍ക്ക് ഇടയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരുടെ വിശ്വാസം ശക്തം: ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ

സ്വന്തം ലേഖകന്‍ 20-12-2016 - Tuesday

ജറുസലേം: കഠിനമായ പീഡനങ്ങളും ആക്രമണവും സഹിക്കുമ്പോഴും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരുടെ വിശ്വാസം ശക്തമാണെന്ന് ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസാബല്ല. ജറുസലേം ലാറ്റിന്‍ പാത്രീയാര്‍ക്കേറ്റിന്റെ അപ്പോസ്‌ത്തോലിക അഡ്മിനിസ്‌ട്രേറ്ററാണ് ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസാബല്ല. ക്രിസ്തുമസുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചും അവരുടെ വിശ്വാസത്തെ പറ്റിയും ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസാബല്ല വിവരിച്ചത്.

ലിബിയ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്നതിന്റെ അത്രയും പീഡനം ഇസ്രായേലിലോ, സമീപത്തുള്ള രാജ്യങ്ങളിലോ അനുഭവിക്കുന്നില്ലെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ് പിസാബല്ല, സിറിയയിലെ സ്ഥിതി ഏറെ ദുഷ്‌കരമാണെന്നും കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവരാണെന്ന ഒറ്റ കാരണത്താല്‍ പലരും മേഖലയില്‍ കൊല്ലപ്പെടുന്നതായി ആര്‍ച്ച് ബിഷപ്പ് ചൂണ്ടികാണിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടക്കാറുള്ള സംഘര്‍ഷങ്ങളുടെ മുഖ്യപങ്കും ആയുധ വ്യാപാരികള്‍ ആസൂത്രണം ചെയ്യുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് പിസാബല്ല പറഞ്ഞു.

സിറിയ, ഇറാഖ്, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ ക്രൈസ്തവരെ പൂര്‍ണ്ണമായും ഉന്‍മൂലനം ചെയ്യുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇസ്രായേലില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണം വളരെ കുറവാണെങ്കിലും, ക്രമീസന്‍ താഴ്‌വാര പ്രദേശത്ത് മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് ക്രൈസ്തവരുടെ ഭവനങ്ങളും സ്ഥലങ്ങളും കുടിയൊഴിപ്പിക്കപ്പെടുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ഗാസയിലുള്ള ക്രൈസ്തവരും കൊടിയ പീഡനങ്ങളാണ് അനുഭവിക്കുന്നതെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ് ഒരു വലിയ ജയിലിനോടാണ് ഗാസയെ ഉപമിച്ചത്. ഗാസ മുനമ്പില്‍ താമസിക്കുന്ന ക്രൈസ്തവരുടെ എണ്ണം ആയിരത്തില്‍ താഴെ മാത്രമാണ്. ഹമാസിന്റെ പീഡനമാണ് ഇവിടെയുള്ള ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വരുന്നത്. പീഡനങ്ങള്‍ക്കിടയിലും വലിയ ക്രൈസ്തവ സാക്ഷ്യമായാണ് ഇവിടങ്ങളിലെ ക്രൈസ്തവര്‍ നിലകൊള്ളുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ജോര്‍ദാനില്‍ അടുത്തിടെ നടന്ന തീവ്രവാദി ആക്രമണത്തെ ഒറ്റപ്പെട്ട സംഭവമായിട്ടാണ് ആര്‍ച്ച് ബിഷപ്പ് പിസാബല്ല വിവരിച്ചത്. രാജ്യത്തു ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ താരതമ്യേന കുറവാണെന്നും സര്‍ക്കാറിനെ ഈ വിഷയത്തില്‍ താന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. ആകെ ഏഴു മില്യണ്‍ ജനസംഖ്യയുള്ള ജോര്‍ദാന്‍, മൂന്നു മില്യണ്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചത് തന്നെ വളരെ വലിയ കാര്യമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മേഖലയിലുള്ള ക്രൈസ്തവരെ അന്താരാഷ്ട്ര സമൂഹം സാമ്പത്തികമായി സഹായിക്കണമെന്ന അഭ്യര്‍ത്ഥനയും ആര്‍ച്ച് ബിഷപ്പ് നടത്തി.

"ദൈവം മനുഷ്യര്‍ക്കായി ഒരുക്കിവച്ചിരുന്ന ആശ്ചര്യകരമായ സമ്മാനത്തെ വെളിവാക്കുന്ന സമയമാണ് ക്രിസ്തുമസ്. നമ്മുടെ ജീവിതത്തില്‍ ഇപ്പോള്‍ ഇതേ അത്ഭുതങ്ങള്‍ തന്നെയാണ് ആവശ്യം. ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്നതിനായി നമുക്കും കാത്തിരിക്കാം. അന്ധകാരത്തിന്റെ സമയങ്ങളില്‍ ദൈവത്തിന്റെ അത്ഭുത വെളിച്ചം നമ്മേ വഴിനടത്തട്ടെ. ക്രിസ്തുവിള്ള വിശ്വാസത്തെ പുതുക്കുവാനും മുന്നോട്ട് ജീവിക്കുവാനും ഈ ക്രിസ്തുമസ് നമ്മേ ഒരുക്കട്ടെ". ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസാബല്ല പറഞ്ഞു.